Archives / january 2021

ലത റാം
ഹൃദയത്തിൽ ലയിച്ച തുവാല

കഷ്ടിച്ച് ഒരാൾക്ക് മാത്രം നടക്കാൻ പറ്റുന്ന ഇടവഴിയിൽ നിന്നും റോഡിലേക്ക് കയറി നാലു ഭാഗത്തേക്കും കണ്ണുകൾ പായിച്ചു.

"പോസ്റ്റ്മാൻ വന്നായിരുന്നോ
ചേച്ചീ..?"    

"ഇല്ല മോളെ. വരാനാകുന്നല്ലെ ള്ളൂ?"

ചേച്ചിയുടെ വാക്കുകൾ അവളെ അവിടെ തന്നെ പിടിച്ചു നിർത്തി. ഈയടുത്ത കാലത്ത് ഞാൻ ഇത്രയേറെ ഇഷ്ടപ്പെടുന്ന ഒരാൾ വേറെയുണ്ടാകില്ല. ഞങ്ങൾക്കിടയിലെ ഹംസമാണ് ദിവാകരേട്ടൻ. ഇന്നലെ വരേണ്ട മറുപടിക്കത്താണ്. ഇന്ന് എന്തായാലും ഉണ്ടാകും. സുജാതയുടെ മനസ് തുടികൊട്ടി. റോഡിൻ്റെ അങ്ങേയറ്റത്തേക്ക് തന്നെ അവളുടെ കണ്ണുകളെ പറിച്ചുനട്ടു.

മനസ്സുകൾ കാതങ്ങൾക്കകലേക്ക് പാഞ്ഞു. ബന്ധുവീട്ടിൽ കല്യാണം കൂടാൻ വന്നതാണ് മോഹനേട്ടൻ. കണ്ട മാത്രയിൽ കണ്ണുകൾ കൊണ്ട്  സംസാരിച്ചു.  പരിചയപെട്ടപ്പോൾ ഇഷ്ടം കൊണ്ട് മനസ്സ് നിറഞ്ഞു.

ഒരു കല്യാണം വരെ ആലോചിച്ചാലെന്തെന്ന് കണ്ട ദിവസം തന്നെ  തോന്നിയതാണ്. സാഹചര്യങ്ങൾ ഒട്ടും ശരിയായിരുന്നില്ല. ഒന്നുരണ്ടു പ്രാവശ്യം തമ്മിൽ കണ്ടു സംസാരിച്ചു. പിറ്റേന്ന് രാവിലെ തന്നെ പോകുമെന്നും പറഞ്ഞു.

ഇനിയൊരു കാണൽ എന്നാണെന്ന് ഒരു നിശ്ചയവുമില്ല. അത്ര ദൂരത്താണ് ആളുടെ വീട്. ഇനിയൊന്ന് കാണണമെങ്കിൽ ഈ വീട്ടിൽ എന്തെങ്കിലും ഒരു വിശേഷം നടക്കണം.  അങ്ങനൊന്ന് ഉണ്ടാകാൻ ഈ അടുത്ത കാലത്തൊന്നും ഒരു സാദ്ധ്യതയുമില്ല.  പോരാൻ നേരത്ത് പരസ്പരം അഡ്രസ്സ് കൈമാറിയെന്നല്ലാതെ അപ്പോഴും ഒന്നും സംസാരിക്കാൻ പറ്റിയില്ല; ബന്ധുക്കൾ തലങ്ങും വിലങ്ങും നടക്കുമ്പോൾ ഞങ്ങളെ ശ്രദ്ധിക്കുന്നത് കൊണ്ട്.

അതിന് ശേഷം  ഇപ്പോൾ മൂന്നു മാസമായിരിക്കുന്നു.  അതിനിടയിൽ എത്രയോ തവണ ദിവാകരേട്ടൻ്റെ അടുത്തേക്കോടിയെത്തി അമൃത് കൈയ്യിൽ നിന്ന് വാങ്ങുന്ന വികാരത്തോടെ ആ കൈയ്യിൽ മുത്തമിട്ട് കത്തും വാങ്ങി തിരിഞ്ഞോടിയിരിക്കുന്നു.

"എൻ്റെ കൊച്ചേ, നേരമെത്ര്യായി ! ഇന്നിനി പോസ്റ്റ്മാൻ വരും ന്ന് തോന്നണില്ല."

ലീലച്ചേച്ചിയുടെ ശബ്ദം ഏതോ ഗുഹയിൽ നിന്നും കേൾക്കുന്നത് പോലെ തോന്നി. തിരിഞ്ഞ് നടക്കുമ്പോൾ കണ്ണുനീർ കാരണം ഇടവഴിയിൽ വേച്ച് വീഴാൻ പോയി. ഹൃദയമിടിപ്പിനാണെങ്കിൽ ചുറ്റികയുടെ താളം.  വീട്ടിൽ വന്ന് കയറിയതും സങ്കടം അണപൊട്ടിയൊഴുകി.  തലയിണയിൽ മുഖമമർത്തി പൊട്ടിപൊട്ടിക്കരഞ്ഞു.  ഒരാഴ്ച്ചയായി ഞാൻ റോഡിൽ കയറി കാത്ത് നിൽക്കാൻ തുടങ്ങിയിട്ട്. ഇത്രയും ഒരിക്കലും വൈകാറില്ല.  മോഹന് എന്ത് പറ്റിയോ ആവോ !
സങ്കടവും നിരാശയും ഒപ്പം ആധിയും അവളെ വരിഞ്ഞുമുറുക്കി.  കുറെ നേരം അവൾ വെറുതെ മച്ചിലേക്ക് നോക്കിയങ്ങനെ കിടന്നു.

പട്ടിയുടെ നിർത്താതെയുള്ള കുര കേട്ട് അവൾ ഉമ്മറത്തേക്ക് ചെന്നു.  അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല !! ദിവാകരേട്ടൻ ദാ മുറ്റത്ത്. അവൾ ഓടിച്ചെന്ന് ആ  കൈകളിൽ മുത്തമിട്ട് കത്ത് വാങ്ങി തിരിഞ്ഞോടി.
"സൈക്കിള് കേടായിപ്പോയി മോളെ. അതാ വൈകിപ്പോയത്"
ആ വാക്കുകളൊന്നും അവളുടെ ചെവിയിൽ എത്തിയില്ല. കത്തുമായി അവൾ മുറിയിൽ കയറി വാതിലടച്ചു. കത്ത് പൊട്ടിച്ചതും അവളുടെ കണ്ണുകൾ പ്രണയാധിക്യത്താൽ കുടുതൽ വിടർന്നു. കവിളുകളിൽ സന്ധ്യാസൂര്യൻ പടർന്നു. നെറ്റിയിൽ പ്രണയമഴത്തുള്ളികൾ പൊടിഞ്ഞു. കൈയ്യിൽ ഹൃദയത്തിൽ മുക്കി പിഴിഞ്ഞയച്ചിരിക്കുന്ന ഒരു തൂവാല.
അതിൽ നിറയെ ചുമന്ന പട്ടുനൂലുകളാൽ പ്രണയം തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. അവൾ പ്രണയത്തിൻ്റെ നിറുകയിൽ നിന്ന് കൊണ്ട് മോഹനെ നെഞ്ചോട് ചേർത്തമർത്തിപ്പിടിച്ചു. ആ തൂവാല അവളുടെ ഹൃദയത്തിലേക്ക് ലയിച്ചു ചേരുന്നത് വരെ .

Share :