Archives / 

ബീന ബിനിൽ, തൃശൂർ.
വിളിച്ചു പറയുന്നത്.....

ചിലതെല്ലാം വിളിച്ചു പറയുകയാണ് സമൂഹത്തിനോട്, എന്തിനാണ് ഈ കാടത്തം സ്ത്രീ ശരീരത്തോട് കാണിക്കുന്നത്? ഒരു പെൺകുഞ്ഞ് കൊച്ചു പൂമ്പാറ്റ തന്നെയാണ്, വിരിഞ്ഞു വരുന്ന സുമം കണക്കെ, ബാല്യകാലത്തിലെ ചവിട്ടുപടികൾ കയറുമ്പോൾ മൃഗീയമായി അവൾ ഇല്ലാതാവുന്നു. ഏതോ ഒരു ധരാധമനാൽപിച്ചിചീന്തപ്പെടുന്നു ആ പിഞ്ചു മാലാഖ കുട്ടിയുടെ ഇളംമേനി. പിന്നീട് സ്ത്രീയുടെ കൗമാരമാകുന്ന മറ്റൊരു അവസ്ഥയിൽ, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ, ബസ്സിൽ പീഢനത്തിന് ഇരയാവുന്നത് മറ്റൊരു കാടത്തം തന്നെ. പ്രണയം നിരസിക്കുമ്പോൾ ഗൂഢമായി വന്ന് ഇന്ധനമൊഴിച്ച് പച്ചയായ സ്ത്രീ ശരീരത്തെ കത്തിച്ച് കളയുന്നത് മറ്റൊരു തരം കാടത്തം തന്നെ. ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങൾക്കിടയിൽ ഗ്യാസ് സിലിണ്ടർ ചോർന്ന രൂപത്തിൽ മരണത്തിന് അടിമപ്പെടുന്ന സ്ത്രീകൾ വേറെരു കൂട്ടർ, ധനമോഹത്തിൻ്റെ ആർത്തിപൂണ്ട് പാമ്പുമായി കിടപ്പറയിൽ എത്തുന്ന ഭർത്താവ് എന്ന നരാധമൻ, പാമ്പിനാൽ മരണത്തിന് വിധിക്കപ്പെടുന്നവൾ. ഇപ്പോൾ മഹാമാരിയായ കോവിഡ് 19 രോഗിയായ സ്ത്രീകളെ ആംബുലൻസിലും, ആശുപത്രിമുറിയിലും ബലാത്സംഗം ചെയ്ത ഏതൊക്കെയോ കാട്ടാളമനുഷ്യർ, എന്തൊരു സമൂഹം, പ്രപഞ്ചത്തിലെ സൃഷ്ടികളിൽ ഒന്നായ സ്ത്രീയെ ഭോഗ ശരീരം മാത്രമായി കാണുന്നവർ എത്രയോ നീചർ, കറുത്ത മുഖം മൂടിയണിഞ്ഞ, മാനസിക വിഭ്രാന്തിയുടെ കടന്നൽ കൂടായ പുരുഷൻമാരായി മാത്രമേ അവരെ കാണാനാവൂ...

Share :