Archives / 

കൃഷ്ണകുമാര്‍ മാപ്രാണം 
തിരസ്ക്കരിക്കപ്പെട്ടവന്‍റെ നോവുകള്‍ 

ഇന്നലെരാത്രിയിലടഞ്ഞു

ആ മിഴികളെന്നേയ്ക്കുമായ് 

പുലര്‍ച്ചയ്ക്കാരോ  കതകില്‍ മുട്ടിയോ ? 

തോന്നലോ ! അല്ലല്ല വന്നുനില്‍ക്കുന്നു 

മിഴിരണ്ടിലും നീര്‍ത്തുള്ളികള്‍ !

 

ഒരിക്കലത്രയ്ക്കു സ്നേഹം ചൊരിഞ്ഞവള്‍

എന്തിനോ പിരിഞ്ഞകന്നു നിന്നവള്‍ 

മൗനമായ് ചൊല്ലീടുന്നു 'പോകുന്നു  ഞാന്‍ '

 

അന്ത്യനിമിഷങ്ങള്‍ക്കായ്‌

പട്ടടയൊരുങ്ങീടുന്നു 

കാത്തുനില്‍ക്കയാണീ കൂരിരുട്ടിലേകനായ്‌

 

എന്നേതിരസ്ക്കരിക്കപ്പെട്ടവന്‍ 

എന്നിട്ടും കാത്തുനില്‍പ്പൂ 

ഒരുനോക്കു കാണുവാനായ് 

ഈ പടിവാതിലിനിപ്പുറം

 

നല്‍കുവാനേറെയില്ല

ഒരുപിടി വാടിയപൂക്കള്‍

പിന്നെയീകുങ്കുമം പടര്‍ന്നുള്ള

പിഞ്ഞിയ  കൈലേസൊന്നും 

 

എത്ര നാളുണ്ടുറങ്ങികളിച്ചിരിയിലാറാടി

മദിച്ചു നടന്നതാണീവഴികളിലൊക്കെയും

 

എത്രരാവുകള്‍ കദനത്തിലമര്‍ന്നു,

ചിറകടര്‍ന്നു വീണതാണീ വഴികളിലൊക്കെയും

 

പോകുമ്പോള്‍ കൊണ്ടുപോയീടുക 

നീയീചുടുബാഷ്പത്തിന്‍ 

കുതിര്‍ന്ന കൈലേസും, പൂക്കളും

ബാക്കിവയ്ക്കേണ്ടയിനിയൊന്നും 

ഹൃത്തിലുണ്ടെന്നുമൊളിമിന്നുമോര്‍മ്മകള്‍ !

 

Share :