Archives / january 2021

ഗീത മുന്നൂർക്കോട്
ആരോ വന്നിരുന്നു

പാതിരാവടുത്തപ്പോഴായിരിക്കാം

ചീവീടുകൾ ചിലച്ചു കലഹിച്ചതും

ചരൽക്കൂട്ടങ്ങൾ ഞരങ്ങി

ശ്വാസംമുട്ടി മുരണ്ടതും

ചപ്പിലകൾ തേങ്ങിക്കരഞ്ഞതും

കാറ്റ് ദുഷിച്ചുനാറിയതും

അതുകൊണ്ടുതന്നെയാകണം. 

ആരോ വന്നിരുന്നു ...

 

എല്ലിൻകഷണം നൊട്ടിയെന്ന്

കൂട്ടിക്കൊടുപ്പിൽ വീട്ടുപട്ടി വാലാട്ടിയതും

മുത്തശ്ശിച്ചായ്പ്പിൽ

കട്ടിൽച്ചൂടിയൽപ്പമയഞ്ഞതും

ഏങ്ങിവലിച്ച് വീടൊന്നു ഞെട്ടിനിന്നതും

അനക്കമില്ലാ കാൽവയ്പ്പുകൾ

പാദസരമൂരിയെറിഞ്ഞതും

കുഞ്ഞുണ്ണിക്കരച്ചിൽ 

അമ്മച്ചൂടു തപ്പിയതും

അതുകൊണ്ടു തന്നെയാകണം

ആരോ വന്നിരുന്നു ...

 

അമ്മക്കണ്ണുകളിലെ ഉറക്കച്ചടവും

കവിൾകനത്തിലെ പരുക്കൻ തിണർപ്പും 

മുറിഞ്ഞുവരഞ്ഞ ചുണ്ടുകളിലെ

നൊമ്പരങ്ങളുടെ ആഴക്കറയും

മുത്തശ്ശിച്ചുണ്ടിലെ പുച്ഛച്ചുളിവും

എല്ലാം അതുതന്നെ പറയുന്നു ...

ആരോ വന്നിരുന്നു...

 

വെളുക്കാൻ കാലത്ത് പിടഞ്ഞുണർന്ന

അടുക്കളച്ചിരികളിൽ എരിച്ചിൽ പുകഞ്ഞതും

മണിക്കുട്ടൻ്റെ കൂടെ സ്ക്കൂളിലേക്ക്

ഉച്ചച്ചോറ് പൊതിഞ്ഞൊരുങ്ങി വന്നതും

മുണ്ടിൻകോന്തലയിൽ നിന്നും

പിടഞ്ഞിറങ്ങി

മണിക്കുട്ടൻ്റെ കൈവെള്ളയിലേക്ക്

പരിപ്പുവടക്കാശ്

ചില്ലറയായി ഉരുണ്ടിറങ്ങിയതും

ഉറപ്പിച്ചു പറഞ്ഞു...

ഉവ്വ് ! ആരോ വന്നിരുന്നു...

 

ആരോ വന്നിരുന്നു!

Share :