Archives / january 2021

ഫില്ലീസ് ജോസഫ്
കരിനിഴലുകൾ (ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ -15)

അക്കരെയപ്പച്ചൻ വല്ലപ്പോഴും മാത്രം മീൻ പിടിക്കാൻ പോകുമെന്ന അവസ്ഥയിലേക്ക് മാറി. പക്ഷേ അപ്പോഴും നെൽകൃഷിയൊഴികെ ബാക്കിയെല്ലാ കൃഷിപ്പണികളും അപ്പച്ചൻ ചെയ്യുമായിരുന്നു. അപ്പച്ചന്റെ പ്രിയപ്പെട്ട നായ്ക്കുട്ടി അപ്പു സന്തത സഹചാരിയായി കൂടെ ത്തന്നെയുണ്ടാകുമായിരുന്നു. 

മീൻപണി കഴിഞ്ഞ് വെളുപ്പാൻ കാലത്ത് ക്ഷീണിതനായി വലയുമായി വരുന്ന അക്കരെയപ്പച്ചനെ കാത്ത് കണ്ണിമ ചിമ്മാതെ മഞ്ഞ് കൊണ്ട് അപ്പു കായൽക്കരയിലൊരു കാത്തിരിപ്പിന്റെ ധ്യാനത്തിൽ അലിഞ്ഞിരിക്കുന്ന കാഴ്ച അനിർവചനീയമാണ്. 

ഞങ്ങളെയെല്ലാവരെയും  അതിശയിപ്പിച്ചത് മറ്റൊരു കാര്യമാണ്

അപ്പച്ചൻ വരുന്ന സമയത്തിന് കുറച്ചു മുൻപ് അപ്പു കായൽക്കരയിലെത്തും. അപ്പു കായൽക്കരയിലേയ്ക്ക് ഓടുമ്പോൾ ത്തന്നെ അറിയാം അക്കരയപ്പച്ചൻ എത്താറായിട്ടുണ്ടെന്ന്. അപ്പുവിന്റെ ഈ അതിന്ദ്രിയജ്ഞാനം ഞങ്ങളെ കുറച്ചൊന്നുമല്ല വിസ്മയിപ്പിച്ചിട്ടുള്ളത്

അഷ്ടമുടിക്കായലിന്റെ തീരത്ത് ആഘോഷിച്ച എത്രയെത്ര ഓണവും ക്രിസ്മസും ഈസ്റ്ററും . ഓർമ്മകളിൽ എത്രയെത്ര രുചികൾ.. എത്ര ഓമനത്തമുള്ള നിമിഷങ്ങളാണ് മനസിൽ നിറം ചാർത്തുന്നത്

പക്ഷേ പിന്നീടുള്ള ദിനങ്ങൾ അത്ര ശുഭമായിരുന്നില്ല. 

അശനിപാതം പോലെ ചിറ്റപ്പൻമാർ ചെന്ന് ചാടുന്ന പ്രദേശികപാർട്ടി വഴക്കുകൾ അപ്പച്ചനെയും പപ്പയേയും കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്

അഞ്ചുമൂല പൊയ്കയിലേതുൾപ്പെടെ ചില സ്ഥലങ്ങൾ അപ്പച്ചന് വിൽക്കേണ്ടി വരികയും ചെയ്തു.

അടുത്തതായി കല്യാണം കഴിക്കേണ്ടിയിരുന്ന ചിറ്റപ്പൻ കടന്നുപോയ വിവരണത്തിനതീതമായ ചില വൈതരണികളും ഒടുവിലുണ്ടായ അസ്വാഭാവികമരണവും അക്കരെവീടിനെ പിടിച്ചുലച്ചു.

തൊഴുത്തും കച്ചിത്തുറുവും വലകെട്ടലും കയറു പിരിക്കലും പൊടുന്നനേ അസ്തമിച്ചു  ഇരുട്ടിന്റെ കരിമ്പടം മൂടിയ പൊയ്കേലേ വീട്ടിൽ അക്കരെയമ്മച്ചിയുടെ വിതുമ്പലടക്കിയ കൊന്തപ്രാർത്ഥനകളും അപ്പച്ചന്റെ മൗനവും   ചേർന്ന് സൃഷ്ടിച്ചൊരു വേദന കണ്ട് കായലാകെ വിങ്ങി നിന്നു

തുടർന്നങ്ങോട്ട് സന്ധ്യാ പ്രാർത്ഥനകൾ തേങ്ങലുകളിലവസാനിച്ചു.... വേർപാട് വെറുമൊരു വേദനയല്ല.... ഒരു പൂന്തോട്ടമാകെ പെട്ടെന്നൊരു നാൾ മരുഭൂമിയാകലാണ്... വിങ്ങി നിൽക്കുന്നൊരു കനൽക്കട്ട ആത്മാവിലേയ്ക്ക് ആവാഹിക്കലാണ്

ആർദ്രത പെയ്തിറങ്ങിയ ഹൃദയതടാകങ്ങളെ വറ്റിച്ചെടുത്ത്, തണുപ്പിന്റെ വേരറത്ത്, പ്രിയമുള്ളതിനെ തട്ടിയെടുക്കലാണത്

മറുകര പോകവേ ആഴക്കയത്തിലേയ്ക്ക് വീണ് മുങ്ങിമരിക്കലാണ് വേർപാട്. അത് മരണത്തിലൂടെയാവുമ്പോൾ ..... ശൂന്യത .... ശൂന്യത മാത്രം!

ഇന്നാട്ടിലിന്നും ആരും പകരം വയ്ക്കാനില്ലാത്ത ചെസ്_ കബഡി കളിക്കാരനായി, "ചെ" യുടെ ഇഷ്ടക്കാരനായി ചിറ്റപ്പനെ ഒരു തലമുറ ഓർത്തു വച്ചിരിക്കുന്നു

വേദനയുടെ നാളുകൾ അക്കരെ വീടിനെയാകെ മാറ്റി മറിച്ചു. ആരവങ്ങളൊഴിഞ്ഞ പൂരപറമ്പ് പോലെ അക്കരെവീട് മൂകതയിൽ മുങ്ങി നിന്നു

Share :