Archives / january 2021

ഷുക്കൂർ ഉഗ്രപുരം
അവൻറെ ചൂണ്ടുവിരൽ

വീടെന്ന പേരിൽ നാല്
തൂണിന് മീതെ വിരിച്ച
പുൽക്കൂട്ടിൽ
അന്തിയുറങ്ങിയിരുന്നു
ഒരു കുടുംബം.
അവരുടെ കൂരക്ക് മീതെ
മാനത്തെ ചന്ദ്രികയും
നക്ഷത്രങ്ങളും കണ്ണുകൾ
നനയാതൊരിക്കലും
ഉതിച്ചുയർന്നിരുന്നില്ല.
പുതുമഴയുടെ മണ്ണിൻ
ഗന്ധമൊരിക്കലും
കണ്ണീരണിയാതെ
അവരുടെ മുറ്റത്ത്
ഓർമ്മകളെ
പ്രസവിച്ചിരുന്നില്ല!
ഡിസംബറിലെ കുളിരും
മഞ്ഞുകണങ്ങളും
ഒരു കവിത പോലും
അവിടെ വരഞ്ഞിട്ടിട്ടില്ല.
ഈദും ഓണവും കൃസ്മസും
ബിരിയാണിയും
പാൽപ്പായസവും
കേക്കുമായി
ആ പടികളൊരിക്കലും
കയറിച്ചെല്ലാനിടയില്ല!
അവരുടെ അമ്മയുടെ
ദു:ഖഭാരത്താലുള്ള

മിഴിനീർ തുള്ളികൾ
ഭൂമിക്കടിയിലെ ലാവയെ
കരിച്ചുകളയാൻ
പോന്നതാണ്.
പ്രിയതമ വിളമ്പിയ
ഒരുപിടി ചോറുണ്ണാൻ
കാക്കാതെ
കടക്ക് പുറത്തെന്നലറുമ്പോൾ
നിൻറെ തന്തയുടേതല്ല
ഈ ഭൂമിയെന്ന്
റൂഹാനിപ്പക്ഷി പാടിയത്
കേൾക്കാനുള്ള
കർണ്ണങ്ങൾ
നമുക്കില്ലാതെ പോയി!
ആശയറ്റ് ഭൂമിയിൽ
തനിച്ചായ അവരെ
തീ ഗോളമാക്കി
കരിച്ചുകളഞ്ഞു നാം!
ആരുമില്ലാതെ തനിച്ചായ
കുഞ്ഞുങ്ങൾ
മൃതദേഹമടക്കാൻ
കുഴിവെട്ടുമ്പോൾ
അവൻറെ ചൂണ്ടു വിരലും
മൺവെട്ടിയും
ആഴ്ന്നിറങ്ങുന്നത്
കേരളത്തിൻ
നെഞ്ചകത്തേക്കാണ്!

Share :