Archives / january 2021

രമാപിഷാരടി ബാങ്കളൂർ
പാട്ട് പാടി ഞാൻ പോകവേ!  (പ്രിയപ്പെട്ട സുഗതകുമാരിടീച്ചർക്ക്)

ഉറങ്ങൂ, സ്വച്ഛം അമ്മേ,

ശാന്തയായ്  ഉറങ്ങാതെ-

യിവിടെ ഞങ്ങൾ രാത്രി-

മഴയെ കേൾക്കുന്നുണ്ട്

ഉറങ്ങുമ്പോഴും ഭൂമി

തൊട്ടുനിൽക്കുമാ-

കൈകളുയിരിൽ തൊടും

തുലാപ്പച്ചയെ കാണുന്നുണ്ട്

പവിഴമല്ലിപ്പൂക്കൾ

കൊഴിഞ്ഞ മുറ്റത്തിലായ്

കവിത കേൾക്കാനൊരു

കടമ്പ് പൂക്കുന്നുണ്ട്

ഭൂമിയെ ചുംബിച്ചൊരു

കൈകളിൽ തൊടും ഞങ്ങൾ,

പൂവുകൾക്കെല്ലാം നന്ദി-

പറഞ്ഞേ നീങ്ങും ഞങ്ങൾ.

ഉറങ്ങുമ്പൊഴും ഞങ്ങൾ

കേൾക്കുമാ ഹൃദ്സ്പന്ദന-

മതിലായ് കേൾക്കും

മണലെഴുത്തിൻ മൃദുസ്വരം

പ്രപഞ്ചവീണാതന്ത്രി-

യതിലായ് നിലാവിൻ്റെ

ശ്രുതിയിൽ തുളുമ്പുന്ന

കവിത കേൾക്കും ഞങ്ങൾ

ആശയും, നിരാശയും

മെടഞ്ഞു കനൽതിന്ന

രാപ്പകൽത്തീവണ്ടിയിൽ

കുടുങ്ങിക്കിടക്കവെ!

മഞ്ഞുപൂക്കളിൽ ധനു-

ക്കുളിരിൽ ഗോപാലിക!

വന്നു പാടുന്നു ഓട്ടു-

മണികൾ മുഴങ്ങുന്നു

സമയം മുന്നോട്ടോടി-

പ്പോകുന്നു എല്ലാറ്റിനും 

ഇലപ്പച്ചകൾ ചാർത്തി

നന്ദിയേകുന്നു അമ്മ.

മണ്ണിൻ്റെ ഗന്ധത്തിൻ്റെ

മഴയിൽ ദൂരത്തൊരു

ചന്ദനമരം അതിൻ

സുഗന്ധം തന്നെ ഭൂമി!

ഉറങ്ങൂ, സ്വച്ഛം അമ്മേ,

ശാന്തയായ് ഉറങ്ങാതെ-

യിവിടെ  സ്മൃതിയുടെ-

പുഴയുണ്ടാകാശവും

കടലുണ്ടോരോതിര-

തൊട്ടുണർത്തീടും തീര-

മണലിൽ ശ്രുതിയിട്ട്

മുത്തുച്ചിപ്പികളുണ്ട്...

Share :