Archives / july 2021

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
കലാപകാരികൾ

ഞങ്ങളെങ്ങനെ കലാപകാരികളാവും

അവർ ഞങ്ങളെ

അങ്ങനെ വിളിക്കുന്നു,

ഞങ്ങളുടെ സിരകളിലൊഴുകുന്ന

ചുവന്ന നദിയിലേക്ക് വെടിയുതിർക്കുമ്പോളും

നദികളിൽ വിഷമൊഴുക്കുമ്പോളുണ്ടായ

അതേ ലാഘവഭാവം

അവരുടെ കണ്ണുകളിൽ മുറ്റി നിന്നിരുന്നു.

ഞങ്ങളുടെ കവിതകൾ

ഞങ്ങളുടെ പ്ലക്കാർഡുകളിലെ

ചോദ്യചിഹ്നങ്ങൾ

ഞങ്ങളുടെ തൊണ്ടയിൽ നിന്നും

വമിച്ച മുദ്രാവാക്യങ്ങൾ

കൊടികൾ, ഗാനങ്ങൾ, തെരുവുനാടകങ്ങൾ

എന്തിന് ഞങ്ങളുടെ കീറസഞ്ചിയിലെ

പുസ്തകങ്ങൾ പോലും

അവരെ വെറുപ്പിക്കുന്നു

അല്ല 

അവരെ ഭയപ്പെടുത്തുന്നു

ഞങ്ങളുടെ കലപ്പയും കയ്ക്കോട്ടും

കണ്ടവർ ഞങ്ങളെ

സായുധതീവ്രവാദികളെന്നു വിളിക്കുന്നു

ഞങ്ങളുടെ തുണിയിലെ

മൺക്കറ കണ്ടിട്ടറച്ചു തുപ്പുന്നു

ഞങ്ങളെ കലാപകാരികളെന്നു വിളിക്കുന്നു.

ഞങ്ങളെങ്ങനെ കലാപകാരികളാവും

ആരെയും കൊന്നിട്ടില്ല.

ഞങ്ങളുടെ താളം അവരുടെ

അധികാരസിംഹസനങ്ങളുടെ

കഴുമരത്തിലെ ലിവർ വലിക്കാനുള്ള

സൈറനായവർ കേൾക്കുന്നു.

ഒരർത്ഥത്തിൽ അവർ ശരിയാണ്

ഞങ്ങൾ കലാപം സൃഷ്ടിക്കുന്നു,

ഞങ്ങളുടെ കൈകലുകളിൽ ചുറ്റിയ 

അടിമച്ചങ്ങലയുടെ കണ്ണികളുടയ്ക്കാൻ

ഞങ്ങൾ കലാപം സൃഷ്ടിക്കുന്നു

അതേ ഞങ്ങളും കലാപകാരികളാണ്..

 

 

Share :