എം.എസ്.മണി :സ്വാതന്ത്ര്യത്തിൻ്റെ മതേതരത്വം
എം.എസ്.മണി
(ശ്രീ.എം.എസ്.മണിയുടെ (മുൻ ചീഫ് എഡിറ്റർ കലാകൗമുദി ) ഓർമ്മ ദിവസം വരുന്നത് , ഫെബ്രുവരി 18 ന് ആണ്.
ശ്രീ.എം.കെ. ഹരികുമാർ , ഇക്കഴിഞ്ഞ ദിവസം "കണ്ണാടിക്ക് " മെയിൽ ചെയ്ത ഈ ഓർമ്മക്കുറിപ്പ് ഇന്ന് ചേർക്കുന്നു.
എഡിറ്റർ
കണ്ണാടിമാഗസിൻ )
കേരളകൗമുദിയുടെ മുൻ മുഖ്യപത്രാധിപരും കലാകൗമുദിയുടെ ചീഫ് എഡിറ്ററുമായിരുന്ന എം.എസ്.മണി (മണിസാർ ) വിടവാങ്ങിയ പശ്ചാത്തലത്തിൽ ,ഒരു കാലഘട്ടത്തിലെ സാംസ്കാരിക ,രാഷ്ടീയ മനോഭാവത്തെ അടുത്ത് നിന്ന് കാണാനാണ് ഇവിടെ ശ്രമിക്കുന്നത്.
ദീർഘകാലമായി രോഗബാധിതനായിരുന്ന അദ്ദേഹം കൂത്താട്ടുകുളം ശ്രീധരീയം കണ്ണാശുപത്രിയിൽ ചികിത്സയ്ക്ക് വന്നപ്പോഴാണ് ആ ശാരീരികമായ അസ്വസ്ഥതകൾ നേരിട്ടറിഞ്ഞത്.അന്ന് സാറിനു അവിടെ ഒരാഴ്ച താമസിച്ച് ചികിത്സ നേടേണ്ടതുണ്ടായിരുന്നു.ശ്രീധരീയത്തിലെ പബ്ളിക് റിലേഷൻസ് ഓഫീസറായിരുന്ന ത്യാഗരാജൻ പോറ്റി (മുൻ കണയന്നൂർ താലൂക്ക് ഓഫീസർ )എൻ്റെ സുഹൃത്തായിരുന്നു. ഞങ്ങൾ രണ്ടു പേരും കൂടിയാണ് അന്ന് സാറിനു വേണ്ടി ആശുപത്രിയിൽ സംസാരിച്ച് വേണ്ട ക്രമീകരണങ്ങൾ ചെയ്തത്.സാർ അഡ്മിറ്റായ ദിവസം ഞങ്ങൾ രണ്ടു പേരുമുണ്ടായിരുന്നു.
ഡോക്ടറുമായി കൂടിക്കാണുന്നതിനു മുമ്പുതന്നെ അവർ സാറിനെ ആശുപത്രിക്കുള്ളിലെ നെല്ലിക്കാട്ട് ഭഗവതിയുടെ കോവിലിൽ കൊണ്ടുപോയി. പാദരക്ഷകൾ അഴിച്ചുവച്ച് സാർ കോവിലിൽ കയറി പത്ത് മിനിട്ടോളം പ്രാർത്ഥനയിൽ മുഴുകി.ഞങ്ങൾ മുറിക്ക് പുറത്ത് നിന്നു.മണി സാറിൻ്റെ പത്നി കസ്തൂരി മാഡവും ഒപ്പമുണ്ടായിരുന്നു.
ഡോക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മണി സാർ ഞങ്ങളോടു സ്നേഹത്തോടെയും അല്പം വിഷമത്തോടെയും ഇങ്ങനെ പറഞ്ഞു: "എൻ്റെ ഒരു കണ്ണിൻ്റെ കാഴ്ചശക്തി ഏതാണ്ട് പൂർണമായിത്തന്നെ നഷ്ടപ്പെട്ടു. മറ്റേ കണ്ണിനു കാഴ്ചശ്ക്തി കുറവാണ്. അത് ഇനി വർധിപ്പിക്കാൻ കഴിയില്ല. അത് നിലനിർത്താനുള്ള ചികിത്സയേ ചെയ്യാനുള്ള എന്നാണ് ഡോക്ടർ പറഞ്ഞത്. ലേസർ ചികിത്സയാണ് വിനയായത്."
പിന്നീടുള്ള ഒരാഴ്ചക്കാലം പോറ്റിയുടെ പ്രത്യേക ശ്രദ്ധയിലും മേൽനോട്ടത്തിലുമാണ് മണി സാർ കഴിഞ്ഞത്. സാറിനു വേണ്ടി പ്രത്യേക മുറി അനുവദിക്കപ്പെട്ടു. ഇടയ്ക്ക് ഞാൻ ഫോണിലൂടെ വിവരങ്ങൾ തിരക്കി. ഒരാഴ്ചക്കിടെ മൂന്ന് തവണ ഞാൻ ആശുപത്രിയിലെത്തി മണി സാറിനെ സന്ദർശിച്ചു.
പരിവർത്തനത്തിൻ്റെ ചിന്തകൾ
മണി സാറിനോട് ഒരു ആദരവ് എനിക്ക് നേരത്തേയുണ്ടായിരുന്നു .അത് കേരളകൗമുദിയിൽ ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പേയുള്ളതാണ്.അദ്ദേഹത്തിൻ്റെ ആവേശകരമായ പത്രപ്രവർത്തന ശൈലിയാണ് എന്നെ എന്നും ആകർഷിച്ചത്. അദ്ദേഹം വെറും പത്രമുതലാളിയല്ല; എപ്പോഴും യുവാക്കൾക്കു പോലും യുവത്വം സംഭാവന ചെയ്യുന്ന ഒരു പരിവർത്തനവാദിയായിരുന്നു. തൻ്റെ പരിവർത്തനോന്മുഖമായ ചിന്തകൾക്കും പ്രചോദനങ്ങൾക്കും അനുസൃതമായി പ്രതികൂല സാഹചര്യങ്ങള സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് അദ്ദേഹത്തിൻ്റെ സ്വഭാവമായിരുന്നു. എതിർപ്പുകൾ സൃഷ്ടിച്ചേക്കാം എന്നുള്ളതുകൊണ്ട് ഒരു കാര്യം അദ്ദേഹം ചെയ്യാതിരിക്കില്ല.മണിസാർ ഒരു സ്വഭാവമായിരുന്നു. തൻ്റെ ക്രിയാത്മകമായ ,സൃഷ്ടിപരമായ ഉദ്യമങ്ങളെ തിരിച്ചറിഞ്ഞ് അതിൽ ഉറച്ചു നിന്നത് മണിസാറിൻ്റെ പോരാട്ട വീര്യമുള്ള മനസ്സിനെയാണ് കാണിച്ചു തരുന്നത്. ഒരു വാർത്തയോടുള്ള മനോഭാവം ഒരു സംസ്കാരത്തിൻ്റെ ഭാഗമാണ്.
മണിസാർ പരിവർത്തനത്തിൻ്റെ ബിംബമായിരുന്നു. അതിനു വേണ്ടി യാതന അനുഭവിക്കുന്നതും ഒറ്റപ്പെടുന്നതും യുദ്ധം ചെയ്യുന്നതും തൻ്റെ മനസ്സിൻ്റെ നിർമ്മാണത്തിൻ്റെ ഭാഗമായി അദ്ദേഹം കരുതി. സ്വന്തം അഭിപ്രായങ്ങൾക്ക് മൂർച്ച കൂട്ടുന്ന വിധം സാഹസികത അതിൻ്റെ ഭാഗമായി.പിതാവ് കെ.സുകുമാരനെപ്പോലെ എഡിറ്റോറിയലിനുള്ള ഇടം ഒഴിച്ചിട്ട് പ്രതിഷേധിക്കുന്നതിൽ മണിസാറും മൂല്യം കണ്ടെത്തി. ധാർമ്മിക മൂല്യങ്ങൾ ഉടഞ്ഞു വീണ് ,മാനവികതയുടെ നാശം സംഭവിക്കുമ്പോൾ ഒരു പത്രം എന്ന നിലയിൽ തങ്ങൾ സ്വയം മൗനത്തെ അവലംബിക്കുകയാണെന്ന് ആ ശൂന്യമായ എഡിറ്റോറിയൽ ഇടങ്ങൾ വിളിച്ചു പറഞ്ഞു.
ശിവഗിരിയിൽ എ.കെ.ആൻ്റണിയുടെ പൊലീസ് അർദ്ധരാത്രിയിൽ കയറി സന്യാസിമാരെ തല്ലിച്ചതച്ചപ്പോൾ മണിസാർ എന്ന എഡിറ്റർ പ്രകോപിതനായി .വാർത്ത റിപ്പോർട്ട് ചെയ്തുകൊണ്ട് പിൻവാങ്ങി നിൽക്കുന്നതിനു പകരം അദേഹം അധികാരിഗർവ്വിനോട് കലഹിച്ചു.ഒരു പോരാട്ടത്തിനു അദ്ദേഹം തയ്യാറായി. പ്രതിഛായയുടെ തടവുകാരനായി തുടരുന്നത് പരാജയസമ്മതമാണെന്ന് എം.എസ്. മണി എന്ന കലാപകാരി പ്രവർത്തിച്ചു കാണിച്ചു കൊടുത്തു.
പത്രത്തിൻ്റെ മുൻ പേജിലുള്ള 'കേരളകൗമുദി' തന്ന ടൈറ്റിൽ ( മാസ്റ്റ്ഹെഡ്) താഴേക്ക് ഇറക്കി വച്ച് ,അവിടെ 'ശിവഗിരി തല്ലിപ്പൊളിച്ചവർക്ക് മാപ്പില്ല 'എന്ന വലിയ തലക്കെട്ട് അടിച്ചു.ഇത് വെറും റിപ്പോർട്ടിംഗല്ല; ഒരു പത്രാധിപരുടെ മൂല്യാന്വേഷണമാണ്. കേരളകൗമുദിയെക്കാൾ തനിക്ക് വിലപ്പെട്ടതാണ് ശിവഗിരിയിലെ ഈ അനീതിയോടുള്ള പ്രതിഷേധമെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. പത്രം സമുദായ വികാരം ഇളക്കി വിടുകയാണെന്ന് ആരോപിച്ച് ചിലർ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് പരാതി കൊടുത്തതും ഇവിടെ ഓർക്കേണ്ടതാണ്. ബോധ്യങ്ങളോട് സത്യസന്ധത കാണിക്കുകയാണ് പ്രധാനം. അതാണ് ഒരു പത്രാധിപരെ യുക്തിജീവിയാക്കുന്നത്.ശിവഗിരിയെ ഒരു മതേതര ആത്മീയ കേന്ദ്രമാക്കണമെന്ന ,അന്നത്തെ ട്രസ്റ്റ് പ്രസിഡൻ്റ് ശാശ്വതികാനന്ദ സ്വാമികളുടെ നിലപാടിനു മണിസാർ പിന്തുണ പ്രഖ്യാപിച്ചത് പരിവർത്തനവാഞ്ചയായി കാണണം. അത് സ്വതന്ത്രബുദ്ധികളുടെ പ്രവർത്തനപഥമാണ് .
ജാതിവിരുദ്ധതയുടെ സാമൂഹികബോധം
ശ്രീനാരായണ ഗുരുവിൻ്റെ നവോത്ഥാന സങ്കല്പമാണ് കേരളകൗമുദിയും പിന്നീട് മണി സാറും പിന്തുടർന്നത്. അത് വർഗീയതയോ സമുദായവാദമോ അല്ല. അവശ ജനവിഭാഗങ്ങളോടുള്ള പത്രധർമ്മമാണ്; അത് ഇന്ത്യയിൽ കുറവാണല്ലോ. ശ്രീനാരായണ ഗുരുവിൻ്റെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം ' എന്ന ആത്മീയ സൂക്തം ആദർശമായി സ്വീകരിച്ചിട്ടുള്ള കേരളകൗമുദിക്ക് നിലയിലുള്ള പ്രതിബദ്ധത ഒഴിവാക്കാനാവില്ലായിരുന്നു.എന്നാൽ അത്മീയ വിമോചനത്തെ ചരിത്രപരമായി കണ്ട പത്രം ചട്ടമ്പി സ്വാമികളെയും ആ സമരത്തിൽ ഗുരുസ്ഥാനത്ത് നിറുത്തി.സ്വാമികളുടെ വാർത്തകൾ ഒരിക്കലും മുടക്കാറില്ല. ഇത് മണിസാർ തുടർന്നത് അദ്ദേഹത്തിൻ്റെ സവിശേഷമായ സാമൂഹികബോധം വെളിവാക്കുന്നു.
ചട്ടമ്പിസ്വാമിയുടെയും ശ്രീനാരായണ ഗുരുവിൻ്റെയും ആദർശങ്ങൾ രാഷ്ട്രീയ ,സാമുഹിക ചിന്തകളുടെ നെല്ലും പതിരും വേർതിരിച്ചെടുക്കുന്ന തിൽ മണിസാർ ഉപയോഗപ്പെടുത്തിയിരുന്നു.തിരിച്ചറിവുകളുടെ ലോകമാണത് .മണി സാറിനു ജാതിയുണ്ടായിരുന്നില്ല. എന്നാൽ ജാതിവിരുദ്ധതയുടെ തീക്ഷണ വ്യക്തിത്വമായിരുന്നു. ഗുരുവിൻ്റെ നവോത്ഥാന സങ്കല്പം പ്രാവർത്തികമാകേണ്ട സമകാലിക സന്ദർഭങ്ങളിൽ നിർഭയമായി അതിനു വേണ്ടി നിലകൊണ്ട പത്രാധിപരാണ് അദ്ദേഹം. അതിൻ്റെ ഏറ്റവും നല്ല ഉദാഹരണം കെ.ആർ.നാരായണനെ ഉപരാഷ്ട്രപതിയാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം എഡിറ്റോറിയൽ എഴുതിയതാണ്.ഒരു ദളിതനെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയാക്കണമെന്ന ചിന്ത മണിസാറിൻ്റെ സൃഷ്ടിയാണ്. അദ്ദേഹം അങ്ങനെ ചിന്തിച്ചതിൽ അത്ഭുതപ്പെടാനൊന്നുമില്ല. അത് ഇംഗ്ളിഷിലേക്ക് തർജമ ചെയ്ത് ഇന്ത്യയിലെ മുഴുവൻ പാർലമെൻ്റ് അംഗങ്ങൾക്കും അയച്ചുകൊടുത്തതോടെ ആ ചിന്ത വി.പി.സിംഗിൻ്റെ ശ്രദ്ധയിൽ വന്നു.അവശ ജനതയോടു പ്രത്യേക ആഭിമുഖ്യമുണ്ടായിരുന്ന സിംഗ് ആ ആശയത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും അംഗീകരിക്കുന്ന വിധത്തിൽ ഉച്ചത്തിൽ അവതരിപ്പിച്ചു.അങ്ങനെ കെ.അർ.നാരായണൻ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി .ഒരു പത്രത്തിൻ്റെ പ്രതിബദ്ധതയ്ക്ക് ലഭിച്ച അംഗീകാരമാണിത്. ഇതാണ് നവോത്ഥാനം.അർഹതയുള്ള സാമൂഹിക വിഭാഗങ്ങളെ കണ്ടു പിടിച്ച് ജനാധിപത്യപരമായ അവകാശങ്ങൾ വാങ്ങി കൊടുക്കുന്നതാണ് ആധുനിക കാലഘട്ടത്തിലെ കലാപമെന്ന് ആ പ്രവൃത്തിയിലൂടെ മണി സാർ തെളിയിച്ചു.
പത്രത്തിൻ്റെ സർക്കുലേഷനല്ല അതിൻ്റെ ശക്തി എന്ന് തെളിയിക്കുന്നിടത്താണ് മണിസാറിൻ്റെ പ്രസക്തി. പത്രം പ്രസിദ്ധികരിച്ച് ,ലോകത്ത് ഒരു മാറ്റവുമുണ്ടാക്കാതെ കടന്നു പോകുന്നതിൽ ആനന്ദം കണ്ടെത്തുന്നവരുണ്ട്. ശരിയായ പ്രതിഭകളെ മാറ്റി നിറുത്തി സാഡിസ്റ്റ് സന്തോഷത്തിൽ മുഴുകുന്നവർ കണ്ടേക്കാം. എന്നാൽ മണിസാർ തൻ്റെ സത്യാന്വേഷണത്തെ ലോകക്രമത്തിൻ്റെ അർത്ഥവത്തായ മാറ്റത്തിനായി ഉപയോഗപ്പെടുത്തി. താൻ മനസ്സിൽ ദർശിക്കുന്ന പുതിയൊരു ഉണർവ്വിൻ്റെ ആലോചനകൾ ലോകോപകാരപ്രദമായി തീരുന്നതിനായി സൗഹൃദങ്ങളുടെയും എതിർപ്പുകളുടെയും പുതിയൊരു കൂട്ട് അദ്ദേഹം സ്ഥാപിച്ചു.ഇത് അനായാസമായി നേടാവുന്നതല്ല .അതിനായി ചിലപ്പോൾ യുദ്ധങ്ങൾ നയിക്കേണ്ടി വരും ,തോൽക്കുമെന്ന് അറിഞ്ഞു കൊണ്ടു തന്നെ. തോറ്റുകൊണ്ടും ചില സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കാനാവും.ഒരു പ്രോട്ടഗോണിസ്റ്റ് എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ ക്രിയാത്മക നേതൃത്വം അല്ലെങ്കിൽ വർത്തമാനകാല നവോത്ഥാന പത്രപ്രവർത്തനത്തിലെ നായകത്വം കെ.ആർ.നാരായണനെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയാക്കുന്നിടം വരെ എത്തിച്ചു. വിട്ടുവീഴ്ചയില്ലാത്ത സാമൂഹ്യ സമത്വവാദിയായതുകൊണ്ട് മണിസാർ ആ ഉപരാഷ്ട്രപതിയുടെ പദവി അവസാനിച്ചപ്പോൾ വീണ്ടും എഡിറ്റോറിയൽ എഴുതി ,കെ.ആറിനെ രാഷ്ട്രപതിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് .ഇതാണ് വിശാലമായ സാമൂഹ്യ ജാഗ്രതയുടെ ,രാഷ്ട്രീയ ബോധത്തിൻ്റെ പത്രപ്രവർത്തനം. ഇത്തവണ ആ ആവശ്യം ഇന്ത്യയുടെ പൊതു രാഷ്ട്രീയമനസ്സാക്ഷി പെട്ടെന്ന് അംഗീകരിച്ചു .അദ്ദേഹം രാഷ്ട്രപതിയായത് ഇന്ത്യൻ ദളിതു സമൂഹത്തിൻ്റെ രാഷ്ട്രീയവും സാംസ്കാരികവുമായ അസ്തിത്വത്തെ കുടുതൽ പ്രകടനാത്മകമാക്കുകയും വികസിപ്പിക്കുകയും ചെയ്തു.
കലാകൗമുദിയുടെ 'കഥ' മാസികയിൽ ഞാൻ തൊണ്ണൂറുകളിൽ ഒരു കോളം എഴുതിയിരുന്നു.അത് സാന്ദർഭികമായി സംഭവിച്ചതാണ്.ഒരിക്കൽ കലാകൗമുദി ഓഫീസിൽ വച്ച് പത്രാധിപസമിതിയംഗമായ ഇ.വി.ശ്രീധരനുമായി സംസാരിച്ചപ്പോഴാണ് 'കഥ' മാസികയിലെ കോളം എന്ന ആശയം ഉണ്ടായത്. അദ്ദേഹം ഉടനെ 'കഥ'യു ടെ ചുമതലയുണ്ടായിരുന്ന വത്സാമണിയുമായി സംസാരിച്ചു.വത്സാമണി എനിക്ക് പ്രതിഫലം തന്നുകൊണ്ടാണ് കോളം തുടങ്ങിയത്.നാല്പത് കഥാവിമർശനലേഖനങ്ങൾ അതിൽ പ്രസിദ്ധീകരിച്ചു. എന്നാൽ വത്സാമണി 'കഥ'യുടെ ചുമതല വിട്ടതോടെ എൻ്റെ കോളവും അവസാനിച്ചു.തുടർന്ന് 'കഥ'യുടെ മേൽനോട്ടം ഏറ്റെടുത്ത എസ്.ജയചന്ദ്രൻ നായർ എൻ്റെ കോളം കൊടുക്കേണ്ടതില്ല എന്ന് പറഞ്ഞതായി അവിടുത്തെ ഒരു സ്റ്റാഫ് എന്നെ അറിയിച്ചു.
ജയചന്ദ്രൻ നായർ വിട്ടു നിന്ന ചെറിയ ഇടവേളയിലാണ് എൻ്റെ ആദ്യലേഖനം കലാകൗമുദിയിൽ അച്ചടിച്ചുവന്നത്. അത് തൊണ്ണൂറുകളുടെ ആദ്യമാണ്.'ധിഷണയുടെ കാൽപ്പെരുമാറ്റം' എന്ന ആ ലേഖനം സുകുമാർ അഴീക്കോടിനെക്കുറിച്ചായിരുന്നു. അതിനും നിമിത്തമായത് ഇ.വി.ശ്രീധരനാണ്. ഞാനിത് പറയാൻ കാരണം കലാകൗമുദി എനിക്ക് ഒരു കാലഘട്ടത്തിൽ കാലെടുത്ത് വയ്ക്കാൻ പറ്റാത്ത ഇടമായിരുന്നു എന്ന് വ്യക്തമാക്കാനാണ്.എന്നാൽ ഇതിലൊന്നും മണിസാറിനു പങ്കില്ല.ഞാൻ ആ കാലത്ത് സാറിനെ കണ്ടിട്ടുപോലുമില്ല. അദ്ദേഹം ഇതൊന്നും അറിഞ്ഞിരുന്നില്ല എന്ന് എനിക്ക് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു.
കേരളകൗമുദി കൊച്ചി ബ്യൂറോയിൽ റിപ്പോർട്ടറായി ഞാനെത്തുന്നത് 1998ലാണ്.'മംഗളം' പത്രത്തിൽ നിന്ന് കൗമുദിയിലേക്ക് മാറുകയായിരുന്നു. മാന്യതയുടെ പ്രതീകമായ എക്സികുട്ടീവ് എഡിറ്റർ എ.പി.വിശ്വനാഥൻ സാറാണ്
എനിക്ക് കേരളകൗമുദിയിലേക്കുള്ള വഴി തുറന്നത്. അദ്ദേഹത്തിൽ നിന്ന് എനിക്ക് നല്ല പിന്തുണ കിട്ടി. ജോലിയിൽ ചേരുന്നതിനു മുന്നോടിയായി ,വിശ്വനാഥൻ സാർ പറഞ്ഞതനുസരിച്ച് ,ഞാൻ തിരുവനന്തപുരത്ത് പേട്ടയിലുള്ള കൗമുദി ഓഫീസിൽ ചെന്നു. വിശ്വനാഥൻ സാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം എന്നെ മണിസാറിൻ്റെ മുറിയിലേക്ക് കൊണ്ടുപോയി. ഞാൻ ആദ്യമായാണ് സാറിനെ കാണുന്നത്. ഞാൻ ആദരവോടെ നോക്കിക്കൊണ്ടിരുന്നു . മനസ്സിലുള്ള ക്ഷോഭിക്കുന്ന പത്രാധിപബിംബവുമായി ,എൻ്റെ മുന്നിലിരിക്കുന്ന വ്യക്തി എങ്ങനെയാണ് 'സിങ്ക് ' ആകുന്നതെന്ന ചിന്തയാണ് മനസിൽ പതഞ്ഞത്.
മണിസാർ എന്നെ വളരെ വാത്സല്യത്തോടെയാണ് നേരിട്ടത്. അദ്ദേഹം പറഞ്ഞു: "ഹരികുമാർ ,പത്രപ്രവർത്തനം ഒരു ക്ലെറിക്കൽ ജോബാണ്. അതിന് ആ സ്കിൽ മതി. നിങ്ങൾ കേരളകൗമുദിയെ ഒരു ലക്ഷ്യമായി കാണേണ്ടതില്ല .വളർന്നങ്ങ് പോകണം."
ഞാൻ ആ വാക്കുകളെ ആഴമുള്ള കണ്ടെത്തലായി ഉൾക്കൊണ്ടു. ഒരാളെ പഠിക്കുന്ന ആൾക്കേ ഇങ്ങനെ പ്രതികരിക്കാനൊക്കുകയുള്ളു.
അക്ഷരജാലകം
എൻ്റെ 'അക്ഷരജാലകം' പ്രതിവാര പംക്തി പിറക്കുന്നത് കേരളകൗമുദിയിലാണ്. കൊച്ചി യൂണിറ്റ് ചീഫ് ആയിരുന്ന പി.വി.മുരുകൻ നല്ലൊരു സാഹിത്യ വായനക്കാരനുമായിരുന്നു.1998 ജൂലൈയിൽ , അദ്ദേഹമാണ് ഒരു വീക്ക്ലി കോളം എഴുതാൻ എന്നെ ഉപദേശിക്കുന്നത്. സാംസ്കാരിക ,സാഹിത്യസംഭവങ്ങൾ ആളുകൾ വായിക്കുന്ന തരത്തിൽ വിശകലനം ചെയ്ത് അവതരിപ്പിക്കണം. പത്രത്തിൻ്റെ അവസാന പേജിൽ ചിത്രങ്ങളോടെ ആരംഭിച്ച ആ പംക്തി പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. ഞാൻ തന്നെയാണ് 'അക്ഷരജാലകം' എന്ന് പേരിട്ടത്.ഏതാനും ആഴ്ചകൾ പിന്നിട്ടതോടെ വിശ്വനാഥൻ സാർ മുരുകനെ വിളിച്ച് ചോദിച്ചത് ,എന്തുകൊണ്ടാണ് ആ കോളം തിരുവനന്തപുരത്തേക്ക് അയയ്ക്കാത്തതെന്നാണ്? ഇതല്ലേ കോളത്തിൻ്റെ യഥാർത്ഥ വിജയം ? പിന്നീട് സാർ ആ കോളത്തെ കേരളകൗമുദിയുടെ ഒരു പ്രധാന വിഭവമായി അവതരിപ്പിച്ചു. അത് പത്രത്തിൻ്റെ എഡിറ്റോറിയൽ പേജിലാണ് അച്ചടിച്ചത്.അന്ന് അതൊരു പുതിയ തുടക്കമായിരുന്നു. കാരണം എഡിറ്റോറിയൽ പേജിൽ സാഹിത്യപംക്തികൾ അച്ചടിക്കാറില്ല .അക്ഷരജാലകത്തിനു മാത്രമേ ആ സന്ദർഭം ഒത്തുവന്നിട്ടുള്ളു. കേരളകൗമുദിയിൽ ഇതുപോലൊരു പംക്തി അതിനു മുമ്പില്ല .പത്രത്തിലെ ഒരു റിപ്പോർട്ടറുടെ പ്രതിവാര പംക്തി എഡിറ്റോറിയൽ പേജിൽ കൊടുക്കാറില്ലല്ലോ.അക്ഷരജാലകം വായനക്കാർ രണ്ടു കൈയും നീട്ടി സ്വീകരിച്ചു എന്ന് മനസ്സിലാക്കാൻ ആ പംക്തി പത്രത്തിൽ എട്ട് വർഷം തുടർന്നത് ഓർത്താൽ മതി. ഒരിക്കൽ വിശ്വനാഥൻ സാർ കൊച്ചിയിൽ വന്നപ്പോൾ ഞാൻ കോളത്തെപ്പറ്റി ആരായുകയും ചെയ്തു. അദ്ദേഹം പറഞ്ഞത് ഇതാണ്: നല്ല പ്രതികരണമുണ്ട്.കത്തുകൾ വരാറുണ്ട്. കോളത്തെ അഭിനനിച്ച് ഡോ.ബാബു പോൾ വിളിച്ചിരുന്നു.മണിക്കും ഇഷ്ടമാണ്.''
അതുകൊണ്ട് അക്ഷരജാലകം തുടരാൻ ഇടയാക്കിയതിനു പിന്നിൽ മണിസാറുണ്ട്.ഒരു പത്രത്തിൽ വർഷങ്ങളോളം കോളം എഴുതി ഒരാൾ പ്രശസ്തനാവുന്നു എന്നിരിക്കട്ടെ ,അതിൽ മുഖ്യമായ അദ്ധ്വാനം കോളമിസ്റ്റിൻ്റേത് തന്നെയാണല്ലോ. എന്നാൽ അതിൽ എഡിറ്ററോട് ഒരു കടപ്പാടും വേണ്ട എന്നാരെങ്കിലും പറഞ്ഞാൽ ഞാൻ ശക്തിയായി വിയോജിക്കും.മണിസാറിൻ്റെ കാലത്താണ് അക്ഷരജാലകം ഉണ്ടായത്.
2005 ൽ കലാകൗമുദി പുന:സംഘടിപ്പിച്ചപ്പോൾ അക്ഷരജാലകം അതിലേക്ക് മാറ്റുകയായിരുന്നു. അന്ന് കലാകൗമുദി എക്സിക്യുട്ടീവ് എഡിറ്ററായി ചുമതലയേറ്റ പ്രസാദ് ലക്ഷ്മൺ അതിനു സഹായകമായി.കലാകൗമുദി ചീഫ് എഡിറ്റർ മണിസാർ തന്നെ. തുടക്കത്തിൽ ജാലകം എന്ന് മാത്രമാണ് കൊടുത്തിരുന്നത്. കാരണം അപ്പോഴും ഞാൻ കേരളകൗമുദിയിൽ അക്ഷരജാലകം തുടരുകയായിരുന്നു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ കലാകൗമുദിയുടെ നാല് പേജുകൾ അക്ഷരജാലകത്തിനായി ഒഴിച്ചിട്ടു തന്നു. അത് 2013 വരെ തുടർന്നു. പെട്ടെന്ന് ,ആളുകൾ കാത്തിരുന്ന് വായിക്കുന്ന പംക്തിയായി അത് മാറി. അതിനുള്ള സ്വാതന്ത്ര്യം പ്രസാദ് ലക്ഷ്മണും കോപ്പി എഡിറ്റർ വി.ഡി.ശെൽവരാജും നല്കി. എൻ്റെ ഒരു വാക്യം പോലും അവർ വെട്ടിയിട്ടില്ല.
കൂത്താട്ടുകുളത്ത് ആശുപത്രിയിൽ മണിസാറുമായി സംസാരിച്ചിരിക്കവേ അക്ഷരജാലകം ചർച്ചാവിഷയമായി. എൻ്റെ കൂടെ പതിവുപോലെ ത്യാഗരാജൻ പോറ്റിയുമുണ്ടായിരുന്നു.മണിസാർ പറഞ്ഞത് ഇതാണ്: "അക്ഷരജാലകം കൊടുക്കരുതെന്ന് പറഞ്ഞ് ഒരു പ്രമുഖൻ സ്ഥിരമായി വിളിക്കുമായിരുന്നു. എന്നിൽ നിന്ന് അനുകൂലമായ മറുപടി ഉണ്ടാകാത്തതുകൊണ്ട് അദ്ദേഹം ഒരു ദിവസം എൻ്റെ മുറിയിലേക്ക് കയറി വന്നു. എന്നിട്ട് ആവശ്യം ആവർത്തിച്ചു.അപ്പോൾ ഞാൻ എൻ്റെ നേത്രരോഗത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയുമെല്ലാം വിവരിച്ചു കൊടുത്തു. വായിക്കാനുള്ള ക്ലേശം ബോധ്യപ്പെടുത്തി. അതുകൊണ്ട് പലതും വായിക്കാറില്ലെന്നും വസ്തുത മനസ്സിലാക്കണമെന്നും പറഞ്ഞു.ഇത് കേട്ടശേഷം ആ വ്യക്തി ഒന്നും പറയാതെ ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് ശല്യമൊന്നുമുണ്ടായില്ല" . തൻ്റെ പത്രാധിപതീരുമാനങ്ങളിൽ പുറത്തു നിന്നുള്ള ആരുടെയും കുത്തി തിരുപ്പുകൾ വിലപ്പോവില്ല എന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.അദ്ദേഹം അത് അനുവദിക്കുകയില്ല .സാഹിത്യ രംഗത്ത് കുശുമ്പിനും പരദൂഷണത്തിനും കാളിദാസനേക്കാൾ സ്ഥാനമുണ്ട്. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ ചിലർ പരദൂഷണത്തിലൂടെ തകർക്കും. അതിനായി വിശ്വസനീയമായ കഥകൾ ഉണ്ടാക്കും.സംഘടിതമായി കുറ്റം പറയും.പ്രത്യക്ഷത്തിൽ ചിരിക്കുകയും സൗമ്യഭാവം പ്രകടിപ്പിക്കുകയും യാതൊന്നിനോടും പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നവർ വലിയ അപകടകാരികളാണ് .അവർ പ്രസാധകനെ കിട്ടാൻ സമ്മതിക്കില്ല.അവർ വൈറസിനെപ്പോലെ പതുങ്ങിയിരുന്നാവും ആക്രമിക്കുക. ചിന്തിക്കാൻ കഴിവുള്ള ആളാണെന്ന് കണ്ടാൽ സംഘം ചേർന്ന് സകല വാതിലുകളും അടയ്ക്കും.ഇതിനെക്കുറിച്ച് നല്ലപോലെ അറിയാമായിരുന്ന മണിസാർ അക്ഷരജാലകത്തെ പരുന്തുകൾ റാഞ്ചാതെ പതിനഞ്ചു വർഷം കാത്തു രക്ഷിച്ചത് ഞാൻ നന്ദിയോടെ ഓർക്കുന്നു.
അക്ഷരജാലകം തുടങ്ങിയിട്ട് ഇത് ഇരുപത്തിരണ്ടാം വർഷമാണ്. ഇപ്പോൾ അത് മനോഹരമായി പ്രസിദ്ധീകരിക്കുന്ന മെട്രോവാർത്ത പത്രത്തിൽ ആഴ്ച്ച തോറും വന്നു കൊണ്ടിരിക്കുന്നു. ധാരാളം പേർ വിളിക്കുന്നുണ്ട്, വാട്സ്അപ്പ് ചെയ്യുന്നു.
അക്ഷരജാലകം ഒരിക്കലും മുടങ്ങിയില്ല എന്ന സവിശേഷതയുമുണ്ട്.കലാകൗമുദിയിൽ തുടരുന്ന കാലത്ത് പ്രശസ്ത സംവിധായകനായ കെ.എസ്.സേതുമാധവൻ്റെ ഒരു കത്ത് വന്നിരുന്നു.അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അദ്ദേഹം പതിവായി വായിക്കുകയാണെന്നും അത് പുസ്തകമാക്കിയാൽ ഭാവി തല മുറകൾക്ക് ഉപകാരപ്രദമാവുമെന്നുമാണ് എഴുതിയിരുന്നത്.പ്രശസ്ത കവി ചെമ്മനം ചാക്കോ 'ഒന്നു വേറെ തൊഴുന്നേൻ 'എന്നു പറഞ്ഞു കൊണ്ട് ഒരു കത്തെഴുതി പ്രസിദ്ധീകരിച്ചു.
സുകുമാർ അഴീക്കോടിനെ ആകർഷിച്ചത് കോളത്തിലെ സവിശേഷ യുക്തിയായിരുന്നുവെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുണ്ട്.
ഒ.എൻ.വി.യുടെ ഒരു ദീർഘകാവ്യം കലാകൗമുദിയിൽ വന്നപ്പോൾ ഞാൻ അതിനെക്കുറിച്ച് അക്ഷരജാലകത്തിൽ ഒരു കുറിപ്പെഴുതി. വായിച്ച ഉടനെ അദ്ദേഹം എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു: " ഹരികുമാർ ഇങ്ങനെ എഴുതിയത് എനിക്ക് കൂടുതൽ എഴുതാനുള്ള പ്രചോദനമാണ്. ഞാൻ ഇനിയും എഴുതും " .ഇക്കാര്യം ഒ. എൻ.വിയുടെ കുടുംബാംഗങ്ങൾക്കും അറിവുള്ളതാണ്. കോളം കലാകൗമുദിയിൽ തുടങ്ങി അധികകാലമാകുന്നതിനു മുമ്പു തന്നെ എഡിറ്റർ എൻ.ആർ.എസ്.ബാബുസാറുമായി ഫോണിൽ സംസാരിക്കാനിടയായി. കോളം ധാരാളം പേർ വായിക്കുന്നുണ്ടെന്നും അത് സർക്കുലേഷനിൽ ഉപരി (Irrespective of its circulation) യാണെന്നും അദ്ദേഹം പറഞ്ഞത് ഇപ്പോഴും മനസ്സിലുണ്ട്.
നവജേർണലിസത്തിൻ്റെ അപ്പോസ്തലൻ
പരമ്പരാഗതമായ മിഥ്യാധാരണകൾ , മിത്തുകൾ എന്നിവയെ തച്ചുതകർത്ത വിഗ്രഹഭഞ്ജകനാവുകയാണ് മണി സാർ. അദ്ദേഹം മാമൂലുകളിൽ നിന്ന് രക്ഷപ്പെടാനായി എപ്പോഴും പരിശ്രമിച്ചു. തൻ്റെ പത്രപ്രവർത്തന രഥ്യയിൽ ഒരു വഴിത്തിരിവിൻ്റെ ഘട്ടത്തിലാണ് അദ്ദേഹം കലാകൗമുദി ആരംഭിക്കുന്നതെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്.അദ്ദേഹം പനമ്പിള്ളി ,എ.കെ.ജി, എം.എൻ ,ഗൗരിയമ്മ, കെ.കെ.വിശ്വനാഥൻ തുടങ്ങിയവരുടെ പൊതു പ്രവർത്തന രാഷ്ട്രീയത്തെ ഒരു ഭാവുകത്വമായി കൊണ്ടു നടന്ന പത്രാധിപരായിരുന്നു.അനീതിയോട് എതിർക്കുക എന്ന സന്ദേശത്തെ അദ്ദേഹം മുറുകെപ്പിടിച്ചു. സി. കേശവൻ ,കുമാരനാശാൻ ,ടി.കെ.മാധവൻ ,സി.നാരായണപിള്ള തുടങ്ങിയ ഉല്പതിഷ്ണുക്കൾ മണിസാറിൻ്റെ പ്രകോപനങ്ങൾക്ക് പിന്നിൽ ഒരു റാന്തൽ വിളക്കുമായി നില്പുണ്ടായിരുന്നു.
സാഹിത്യ പത്രപ്രവർത്തനത്തിൽ ഒരു നവതരംഗമാണ് മണിസാർ സൃഷ്ടിച്ചത്. പഴയ കാര്യങ്ങളെ പുതിയ കോണിലൂടെ നോക്കുന്നത് വിപ്ലവമാണ്. അദ്ദേഹം അങ്ങനെയേ നോക്കിയുള്ളു. ഒരു നവജേർണലിസം കേരളത്തിൽ ഉദയം ചെയ്യുന്നതിനു കലാകൗമുദി നിമിത്തമായത് സ്വാഭാവികമായാണ്. എഴുത്തുകാർ ചിന്താസ്വാതന്ത്ര്യത്തിൻ്റെയും രൂപപരമായ കാഴ്ചകളുടെയും പുതിയ പരിപ്രേക്ഷ്യത്തിലേക്ക് ആനയിക്കപ്പെട്ടു.എം.ഗോവിന്ദൻ ,പി.ഭാസ്ക്കരൻ,ദേവ് ,തകഴി, എം.കൃഷണൻ നായർ, കെ.പി.അപ്പൻ, അയ്യപ്പപ്പണിക്കർ, എം.ടി. ,ഒ.വി.വിജയൻ ,വൈലോപ്പിള്ളി, നിത്യചൈതന്യയതി, അരവിന്ദൻ തുടങ്ങിയവർ കലാകൗമുദിയിൽ വന്നതോടെ പുതിയൊരു ആധുനികതയുടെ ഭാവുകത്വം മലയാളിയുടെ വായനയിലേക്ക് സംക്രമിച്ചു.ഈ നവജേർണലിസത്തിൻ്റെ അപ്പോസ്തലൻ എം.എസ്.മണിയാണ്.ഗദ്യകവിതകളെ മുഖ്യധാരയാക്കുകയും രാഷ്ട്രീയത്തെയും സാഹിത്യത്തെയും സമ്മേളിപ്പിക്കുകയും ചെയ്തത് ഈ കാലത്താണ്.
മണിസാറിൻ്റെ രാഷ്ട്രീയ ഭാവുകത്വം ഇടതുപക്ഷമോ വലതുപക്ഷമോ അല്ല; സാമൂഹിക നീതിയും പുതിയ മനുഷ്യത്വവുമായിരുന്നു. യാന്ത്രികമായ ജനാധിപത്യമല്ല ,ആഗോള മാനവികതയുടെ രാഷ്ടീയമാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്.നീതിക്ക് വേണ്ടിയാണ് ,അദ്ദേഹം വഴക്കുണ്ടാക്കിയത്.അത് ഒരേ സമയം മതേതരത്വവും സാഹോദര്യവുമാണ്. അടിയന്തരാവസ്ഥക്കാലത്ത് തുടങ്ങിയ കലാകൗമുദി ഒ.വി.വിജയൻ്റെ ' അരിമ്പാറ ' എന്ന നോവലറ്റും 'ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം ' എന്ന കാർട്ടൂൺ പരമ്പരയും പ്രസിദ്ധീകരിച്ചത് ഈ നവഭാവുകത്വത്തിൻ്റെ ഭാഗമായി കാണണം.
പ്രവൃത്തിയിലെ ബ്രാഹ്മണ്യം
യാഥാസ്ഥിതിക നാടുവാഴിത്ത മൂല്യങ്ങളല്ല ,സ്വാതന്ത്ര്യത്തിൻ്റെ ആഗോള മാനവികതയാണ് മണിസാറിൻ്റെ സാംസ്കാരിക ഇടതു പക്ഷമായിത്തീർന്നത്. ജാതിരാഷ്ടീയത്തിലേക്ക് കൂപ്പുകുത്തിയ കേരളീയ യുവജനങ്ങളെ, വിശേഷിച്ചും കോളജ് യൗവ്വനങ്ങളെ ,വഴിതിരിച്ചുവിടാൻ കലാകൗമുദിയുടെ നീക്കങ്ങൾക്ക് കഴിഞ്ഞു. കുറവിലങ്ങാട് ദേവമാതാ കോളജിലെ പ്രിൻസിപ്പലായിരുന്ന പ്രൊഫ.എബ്രഹാം നിധീരി ,പൊളിറ്റിക്സ് വിഭാഗം പ്രൊഫ. കുര്യാക്കോസ് എന്നിവർ ഇക്കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്.
എഴുപതുകളുടെ ഒടുവിൽ കൊല്ലത്ത് കെ.പി.അപ്പനെ കണ്ടപ്പോഴും മണിസാർ സംഭാഷണത്തിൽ വന്നു.അപ്പൻ പറഞ്ഞു: 'കലാകൗമുദിയുടെ കാരക്ടർ മണിയുടെ സംഭാവനയാണ് '. ഇതിനു സമാനമായാണ് സുകുമാർ അഴീക്കോടും പ്രതികരിച്ചത്: ''ഒരു സീരിയസ് പത്രം എന്ന നിലയിൽ കേരളകൗമുദി നിൽക്കുന്നത് മണിയുടെ നിശ്ചയദാർഢ്യം കൊണ്ടാണ് ".
കൊടുങ്ങല്ലൂരിൽ പലതവണ അഭിമുഖങ്ങൾക്കും റിപ്പോർട്ടുകൾക്കുമായി പ്രൊഫ. എം.എൻ.വിജയനെ കാണാൻ പോയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് എം.എസ്.മണി അധ:സ്ഥിതരുടെ നീതി എന്ന പ്രശ്നം ഉയർത്തിക്കൊണ്ട് ചെയ്ത പത്രപ്രക്ഷോഭങ്ങൾ ഒരു സാമൂഹ്യ വിവേകോദയം സാധ്യമാക്കിയെന്നാണ്.
എൻ്റെ പുസ്തകത്തിനു ഒരു അവാർഡ് ലഭിച്ചപ്പോൾ തിരുവനന്തപുരത്ത് പേട്ടയിലുള്ള കേരളകൗമുദി ഓഫീസിനുള്ളിൽ വച്ച് എനിക്ക് സ്വീകരണം നൽകിയിട്ടുണ്ട്. വിശ്വനാഥൻ സാറാണ് അതിനു വഴിയൊരുക്കിയത്. ആ യോഗത്തിൽ മണിസാർ അദ്ധ്യക്ഷത വഹിച്ചു. വിശ്വനാഥൻ സാറിനെ കൂടാതെ പി.വി.മുരുകൻ ,രാജേന്ദ്രപ്രസാദ് എന്നീ പത്രാധിപസമിതിയംഗങ്ങൾ പ്രസംഗിക്കുകയും ചെയ്തു. ഇതൊക്കെ മണിസാറിൻ്റെ പ്രതിബദ്ധ പത്രപ്രവർത്തനത്തിൻ്റെ അടയാളമായി കാണാനാണെനിക്കിഷ്ടം.
മണിസാർ ഒരിക്കലും പത്രത്തെ സ്വന്തം പ്രശസ്തിക്കോ പ്രതിഛായാനിർമ്മിതിക്കോ ഉപയോഗിച്ചിട്ടില്ല .പൊതുചടങ്ങുകളിൽ പോവുകയോ പത്രത്തിൻ്റെ സ്വാധീനശക്തി ഉപയോഗിച്ച് എന്തെങ്കിലും സ്ഥാനം നേടുകയോ ചെയ്തില്ല .ഇത് പ്രവൃത്തിയിലെ ബ്രാഹ്മണ്യമാണ്. എല്ലാ ബാഹ്യ ഇടപാടുകളിൽ നിന്നും ഒഴിഞ്ഞു നിന്ന അദ്ദേഹം തൻ്റെ ഒരു ചിത്രം പോലും പത്രത്തിൽ വരാതെ ശ്രദ്ധിച്ചു.താൻ ശബ്ദിക്കുന്നതും ഇടപെടുന്നതും കേവലം വ്യക്തിപരമായല്ല ,അത് പത്രത്തിലെ വാർത്തകളിലാണ് പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം ചിന്തിച്ചു. ബാഹ്യമായ പ്രകടനങ്ങൾ ഒരു പത്രവ്യക്തി എന്ന നിലയിൽ താൻ പവിത്രമായി കരുതുന്ന പല ആശയങ്ങങ്ങളുടെയും മരണത്തിനു ഇടയാക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടി. ഒരു പത്രാധിപർ എന്ന തലം വിട്ട് മറ്റെന്തെങ്കിലും കച്ചവടത്തിലേക്കോ ജോലിയിലേക്കോ പോകുന്നത് പത്രധർമ്മത്തിൻ്റെ നാശമാണ് വരുത്തി വയ്ക്കുന്നതെന്ന് നന്നായി മനസ്സിലാക്കിയ പ്രതിഭയായിരുന്നു അദ്ദേഹം.പിന്നിലേക്ക് മാറിനിൽക്കുന്നതിനു ഒരു സൗന്ദര്യമുണ്ട്. വാർത്തയെ മനോഭാവമാക്കുന്നത് പത്രധർമ്മമാണ്. അനീതിയെക്കുറിച്ച് ബോധമുള്ളവർ വാർത്തകളുടെ വരികൾക്കിടയിൽ വിട്ടുപോയത് കണ്ടെത്താൻ ശ്രമിക്കും. എഡിറ്ററെ ശാരീരികമായല്ല ,മനോഭാവത്താലാണ് വായനക്കാർ അനുഭവിക്കേണ്ടതെന്ന പാഠം ഇതിലുണ്ട്.
രാഷ്ട്രീയത്തിലും സാഹിത്യത്തിലും സിനിമയിലും പുതിയ പ്രതിഭകൾ വരുന്നതിനെ സ്വാഗതം ചെയ്ത മണിസാർ അതിനായി മാമൂലുകൾ പൊളിച്ചെഴുതി. പല വഴക്കങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു.
അദ്ദേഹം എന്തെങ്കിലും എഴുതിയത് മറ്റാരും എഴുതാനില്ലാത്ത ഘട്ടങ്ങളിലാണ്.ഒരു പുതിയ ശൈലിയാണ് അതിലൂടെ പുറത്തുവന്നത്. ചിലിയൻ കവി പാബ്ളോ നെരൂദയുടെ ജീവചരിത്ര (Neruda: The poet's calling) മെഴുതിയ അമേരിക്കൻ ഗവേഷകനും പരിഭാഷകനുമായ മാർക്ക് ഈസ്നെർ നെരൂദയെ resistance poet എന്ന് വിളിച്ചത് ഓർക്കുകയാണ്. മണിസാർ തൻ്റെ രാഷ്ട്രീയ ,സാമൂഹിക ദർശനത്തിൽ ഒരു ചെറുത്തുനിൽപ്പിൻ്റെ പ്രതിബിംബമാണ്. പ്രതിലോമപരമായ ആദർശധൂർത്തിനെയും സാംസ്കാരിക നാടുവാഴിത്ത മുൻഗണനകളെയും അദ്ദേഹം ജീവിതത്തിലുടനീളം പ്രതിരോധിച്ചു .അത് ഈ കാലഘട്ടത്തിലെ സാംസ്കാരിക അഭയാർത്ഥികളെന്ന നിലയിൽ നമ്മളോരുത്തരും പങ്കുപറ്റിയ ഒരു നേരാണ്.