Archives / january 2021

     സന്തോഷ്‌ ശ്രീധർ.
ഈ യാത്രയിനിയെത്ര നാൾ

ഒരു കൈനീട്ടം കൂടി തന്നു നീയിന്നലെ,
എന്റെമനസ്സിന്റെയുള്ളിലെയോർമ്മ-
യായി ശേഷിക്കേ,
വന്നു പോയ വസന്തത്തെയോർത്തു ഞാൻ,
നൊമ്പരപ്പെട്ടു പോയെന്റെയോമലേ.

പൂക്കൾ കൊഴിഞ്ഞുപോയി, കായ്കൾ
പൊലിഞ്ഞു പോയി,
പൂഞ്ചോലയെല്ലാം വറ്റി വരണ്ടു പോയി.
പൂമരച്ചില്ലകൾ വാടി കരിഞ്ഞു പോയി,
പൂമ്പാറ്റയെല്ലാം പാറിപ്പറന്നുപോയി,
തേനുണ്ടു വണ്ടുകൾ മണ്ടിയണഞ്ഞിട്ട്,
ഖേദമോടെ വട്ടം ചുറ്റി പറന്നു പോയി.

പൂമുഖക്കോലായിൽ ഞാൻ ചാർത്തി -
വെച്ചൊരാ പുന്നെൽക്കതിരും
പാടേ കൊഴിഞ്ഞു പോയി.
മുറ്റത്തു പെയ്യുമാ മാമ്പൂ പരിമളം
തട്ടി തെറിപ്പിച്ചു വാതം കടന്നുപോയി.

എന്നുമെൻ മനസ്സിന്റെയുള്ളിലെ നൊമ്പരം
കനലായെരിയുന്നതോർക്കുകയോമലേ.

പൂമ്പാറ്റയില്ല, പൂങ്കാവനമില്ല,
പൂമരച്ചില്ല തൻ ആലോലവുമില്ല.
സന്ധ്യക്കു വന്ദനം ചൊല്ലുവാനെത്തുന്ന,
മന്ദ മാരുതൻ രാഗ വിസ്താരവുമില്ല.

നാട്ടു വഴിയിലെ പച്ചിലച്ചാർത്തു പോൽ -
ചാഞ്ചാടി നിന്നൊരാ കാട്ടുകൈത തൻ
മേളപ്പദമില്ല.

പച്ച പുൽക്കൊടി തുമ്പത്തു മേയുന്ന
പച്ചകുതിരയുമെങ്ങോ മറഞ്ഞു പോയി.

പുലർ കാല മേഘങ്ങൾ ഭൂമിക്കു -
ചാർത്തിയ ഹേമ കണങ്ങളും മെല്ലെ -
യൊഴിഞ്ഞു പോയി.
ചക്കര മാവിന്റെ കൊമ്പത്തിരുന്നൊരു -
തത്തമ്മ മെല്ലെ കേഴുന്നൊരീ വിധം,

എങ്ങു മറഞ്ഞുപോയെന്റെ
യീ ഗ്രാമത്തിൻ
സൗന്ദര്യ സങ്കൽപ്പ സോദരത്വം.

കാണില്ല കേൾക്കില്ല കണ്ടാലറയ്ക്കുന്ന
ബന്ധങ്ങളെല്ലാം പാടേ മുറിഞ്ഞു പോയി.
കാണാനും കേൾക്കാനുമാളില്ലാ ജന്മങ്ങൾ,
കൂടുന്നു ചുറ്റിലും ആലയമായി.

ഈ യാത്രയിനിയെത്ര നാൾ
തുടരുമെന്നറിയാതെയെൻ മനം
നൊന്തു കേഴുന്നു നിത്യവും.
എന്നും പിറക്കുന്ന പുലരിയെ നോക്കി,
ചിരിക്കുന്ന പകലിന്റെ നൊമ്പരം ആരറിയാൻ.

സുപ്രഭാതത്തിന്റെ സംഗീത ലഹരിയിൽ
രാക്കിളി പാട്ടുകൾ കേട്ടുണരാൻ,
കത്തിജ്ജ്വലിക്കട്ടീ മണ്ണിലെന്നും,
ശ്രേഷ്ഠരാം സോദരർ മീട്ടിയ
നന്മ നിറഞ്ഞോരോർമ്മകൾ മാത്രം

Share :