Archives / january 2021

രേഖ കോണത്തുകുന്ന്.
തൂലിക.

പെൻസിലിനഗ്രത്തിൽ
അ എന്ന അക്ഷരം
പിഞ്ചിളം വിരൽ തുമ്പിനെ
വേദനിപ്പിച്ചു കൊണ്ടുതിർന്നു വീണു.
വിരലിന്റെയും പെൻസിലിന്റെയും
ലിപ്പ് ലോക്കിനിടയിൽ
മുറിഞ്ഞു പോയ വിരൽ തുമ്പ്.
നിർവൃതിയുടെ പാരമ്യതയിൽ പേനയിലേക്കുള്ള ചുവടു മാറ്റം.

പിന്നെ ചടുല താളമായിരുന്നു.
വരിയായും വരയായും
ശലഭത്തെ പോൽ പരതി നടന്നത്.
ആകാശമേലാപ്പിലെ വർണ്ണവിസ്മയ തുമ്പികൾ തൂലികയിലൂടെ ചലിച്ചപ്പോൾ
മാരിവില്ലിന്റെ ശോഭയായത്.
പിന്നീട് നാണത്തിൻ പൂമൊട്ട് വിടർത്തി
പ്രിയ സഖിയായത്.
നഷ്ട പ്രണയത്തെ വരച്ചിടാൻ പോലുമാകാതെ
തൂലിക മറഞ്ഞു പോയത്.
പടവെട്ടി കോർത്ത ജനസഞ്ചയത്തിനു നേരെ പടവാൾ എടുത്തത്.
വിശ്വാസപ്രമാണങ്ങൾ താളുകളിലേക്ക്
പകർന്നപ്പോൾ നാട് വിളറി വെളുത്തത്.

ദേശ പ്രമാണ ചരിത്രങ്ങളിലുണർന്ന
ചില തമോഗർത്തങ്ങൾ.
ആഴ്ന്നിറങ്ങിയ പെണ്ണിന്റെ നിമ്ന്നോനതകളിൽ കൈ വച്ച് 
അലറിയ ചില ഏടുകൾ .
പിഞ്ചു ബാല്യം, തകർന്നുപോയ 
ചില തീവണ്ടി ജാലക കാഴ്ചകൾ .
വരകളുടെ പ്രണയിനിയായ
വയലേലകൾ തൻ
കാവലാളുകളുടെ നിശബ്ദ രോദനം.
അങ്ങിനെയങ്ങിനെ എത്രയെത്ര
വഴിയിടങ്ങളിൽ കയറിയിറങ്ങി.

പിന്നീട് എപ്പോഴോ എന്റെ
ഏകാന്തതയിൽ കൂട്ടായി വന്നത്.
അവഗണനയുടെയും പിറുപിറുക്കലുടെയും
ഇടയിൽ  എന്നെ ഗാഢമായി
ആശ്ലേഷിച്ചത്.
വിരൽതുമ്പിനറ്റത്ത് ഇറ്റിറ്റു വീണു
നേർത്ത മഷി പടർന്നപ്പോഴും
നീ കുടഞ്ഞെറിഞ്ഞ ഒരോ തുള്ളിയിലേക്കും
നിശബ്ദമായി, അഗാധമായി
പടർന്നിറങ്ങാൻ കൊതിച്ചിരുന്നു ഞാൻ.

Share :