Archives / 

ഫില്ലീസ് ജോസഫ്
സ്നേഹവീട്ടിലെ ആഘോഷങ്ങൾ (ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ -14)

സ്നേഹമുള്ള ആന്റിമാരായിരുന്നു രണ്ട് ചിറ്റപ്പൻമാർ കൊണ്ടുവന്നവരും.ഞങ്ങളെയെല്ലാവരെയും ചിറ്റപ്പൻമാർ എങ്ങനെ സ്നേഹിച്ചിരുന്നോ ആ തരത്തിൽ തന്നെയാണ് അവരും കണ്ടിരുന്നത്.

ക്രിസ്മസ് പുതുവത്സര രാത്രികളിൽ ഞങ്ങളെല്ലാവരും ഒരുമിച്ച് പള്ളിയിൽ പോവുകയും "ഒരപ്പം" ഉണ്ടാക്കി മുറിക്കുകയും ചെയ്തിരുന്നു

രാത്രി കൂർബാനകൾ അത്ഭുതത്തോടെ നോക്കി കണ്ടിരുന്ന എന്റെ കൗമാരത്തിന് നിറം പകർന്നത് രണ്ട് ആന്റിമാരുടെയും സഹവർത്തിത്വവും കഥ പറച്ചിലുകളും അവരുടെ കുടുംബാംഗങ്ങളുടെ സ്നേഹ ബഹുമാനത്തോടെയുള്ള സഹകരണത്തിനും വലിയ പങ്കുണ്ടായിരുന്നു

അവരുടെ ഇടവകപ്പെരുന്നാളുകൾ ഞങ്ങളുടെ കൂടിയായി മാറി

പുതുവർഷത്തിലെ പടക്കം പൊട്ടിക്കലും കളിചിരികളും വിവിധ കുടുംബങ്ങളുടെ, സംസ്കാരങ്ങളുടെ സമ്മേളനമായി മാറി

ആകാശത്തിലേയ്ക്ക് ഉയരുന്ന മത്താപ്പൂവും കുരവ പൂവും ദിക്കുകൾക്ക് വന്ദനം പറഞ്ഞുയരുന്ന പടക്കങ്ങളുടെ ശബ്ദവും ആനന്ദഘോഷം പകരുന്ന അക്കരെ വീട്ടിലെ ആഘോഷരാവുകൾ പിന്നീടൊരിക്കലും ലഭിക്കാത്ത അതിന്ദ്രിയാനുഭൂതി പകർന്നു നൽകിയിരുന്നു 

അഷ്ടമുടിക്കായലോളങ്ങൾക്ക് മുകളിലൂടെ പറക്കുന്ന അക്കരെയപ്പച്ചന്റെ വള്ളത്തിൽ മുടി പാറിച്ച് കായൽ വെള്ളത്തിൽ ൈകയ്യുലച്ച് എന്നിലെ പാവാടക്കാരി ഭൂമിയിലെ സ്വർഗലോകം അനുഭവിച്ചറിഞ്ഞ അക്കാലങ്ങളിൽ ചേർത്തു വരയ്ക്കപ്പെട്ട സ്വപ്നങ്ങളുടെ നൈർമ്മല്യമെന്നെ ഇന്നും തലോടാറുണ്ട്

അടയ്ക്ക മരങ്ങളിൽ നിന്ന് വീഴുന്ന ഓലപ്പായയിൽ ഇരുന്ന് ഞാനും അനിയനും മലയിൽ നിന്ന് താഴേയ്ക്ക് ഉരസിയിറങ്ങി കളിക്കാറുണ്ടായിരുന്നു.

വേദനിച്ചാലും വിഷമിച്ചാലും ചെന്നെത്താനിടയുള്ള സുരക്ഷിതത്വങ്ങളുടെ കരങ്ങളും മനസുകളും ഞങ്ങളെ കളികളിലും മറ്റും കൂടുതൽ നിർഭയരും ഉത്സുകരാക്കിത്തീർത്തിരുന്നു

രാത്രിയായാലും അക്കരെ വീടിന്റെ അകവും പുറവും പ്രകാശമാനമായിരുന്നുവെന്ന് ഇന്നും ഞാനോർക്കുന്നു

പച്ചോല കീറി കെട്ടിയൊതുക്കി കായൽ വെള്ളത്തിൽ കുതിർക്കാനിട്ടുന്നതും പിന്നീട് രാത്രികാലങ്ങളിൽ അവ മെടഞ്ഞെടുത്ത് കൂട്ടുന്നതും സ്ഥിരോത്സാഹിയായ അക്കരെയപ്പച്ചന് ഇഷ്ടമുള്ള ജോലിയായിരുന്നു

എന്റെ അമ്മയും ഇത്തരം കാര്യങ്ങൾ അപ്പച്ചനിൽ നിന്ന് പഠിച്ചെടുത്തിരുന്നു.

പിന്നീടത് ഞങ്ങളുടെ ജീവിതത്തിൽ മുതൽക്കൂട്ടാവുകയും ചെയ്തു

കൗമാരത്തിന്റെ സ്വയാലങ്കാര ആഗ്രഹങ്ങൾക്ക് നിറം പകർന്നത് അമ്മ നൽകിയ നാണയത്തുട്ടുകളായിരുന്നു

 ആ കാശ് കൊണ്ട് അന്ന് വാങ്ങിയ സ്വർണപ്പൊട്ടുള്ള കറുത്ത കുപ്പിവളകളിൽ, ചുവന്ന പൊട്ടുകളിൽ , നീളൻ ഹെയർ ബാൻഡുകളിൽ, മുടിയലങ്കരിച്ച ക്ലിപ്പുകളിൽ എന്നിലെ പാവാടക്കാരിക്ക് ലഭിച്ച ആനന്ദം ഇന്ന് കോടികൾ കിട്ടിയാലും ലഭിക്കില്ലെന്ന തിരിച്ചറിവിൽ ഞാൻ അമ്മയുടെ അധ്വാനത്തിൽ, ആ നാണയത്തുട്ടുകളിൽ അഭിമാന പുളകിതയാവുന്നു. 

ഹർഷോത്സവങ്ങളിൽ ആത്മസംയമനത്തിന്റെ നിർവ്യതി പുൽകിയ കഠിനാധ്വാനത്തിന്റെ, കടപ്പാടിന്റെ മുദ്രകളാണ് എന്നെ ഞാനാക്കിയ സത്യവും.....

Share :