Archives / july 2021

കുളക്കട പ്രസന്നൻ
തിരിച്ചറിവുകൾ ഉണ്ടാവണം

ദിനംപ്രതി വരുന്ന വാർത്തകളിൽ പലതും നന്മയുടേതല്ല.  അതു വാർത്തയുടെ കുഴപ്പമല്ല. സമൂഹത്തിനിടയിൽ ചില തിന്മ മരങ്ങൾ വളരുന്നതിൻ്റെ പ്രശ്നമാണ്.

28 വയസ്സുള്ള ഭർത്താവ് 51 വയസ്സുള്ള ഭാര്യയെ ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കി ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി എന്ന വാർത്ത വലിയ ഞെട്ടലോടെയാണ് പൊതുസമൂഹം കേട്ടത്. നമ്മുടെ നാട്ടു രീതി ഭർത്താവിനെക്കാൾ ഭാര്യയ്ക്ക് പ്രായ കുറവ് എന്നതാണ്. എന്നു കരുതി ഭർത്താവിനെക്കാൾ  പ്രായം കൂടിയ ഭാര്യമാരുണ്ട്. നിയമപരമായി അതു സാധ്യവുമാണ്. പിന്നീട് എന്താണ് വിഷയം. പ്രായത്തിൻ്റേതല്ല. കാഴ്ചപ്പാടിൻ്റെതാണ്. എന്താണ് ആ കാഴ്ചപ്പാട്. ഭർത്താവിനെക്കാൾ ഭാര്യയ്ക്ക് പ്രായകൂടുതൽ പാടില്ലെന്ന ഭാവന. ആ ഭാവനയിൽ നിന്നു കൊണ്ടു മറ്റൊന്നു പറയട്ടെ ചിന്താഗതി. അവൻ ആ സ്ത്രീയെ വിവാഹം ചെയ്തത് സ്വത്തിനു വേണ്ടിയായിരുന്നു. അവൻ്റെ ചിന്താഗതി അവർ  തിരിച്ചറിഞ്ഞില്ല.

വേറൊന്ന് മരുമകൻ പിടിച്ചു തള്ളിയ ഭാര്യാമാതാവ് മരിച്ചു എന്ന വാർത്ത. ഭാര്യയുടെ അമ്മ മരുമകന് അമ്മയ്ക്ക് തുല്യമാണ്. ആ തിരിച്ചറിവ് മരുമകന് വേണ്ടതായിരുന്നു.

പ്രണയിച്ചവനൊപ്പം ജീവിക്കാൻ ഇറങ്ങി ചെന്ന പത്തൊൻപതുകാരിയുടെ ഭർത്താവിനെ ഭാര്യയുടെ വീട്ടുകാർ കൊലപ്പെടുത്തിയപ്പോൾ വിധവയായത് മറ്റാരുമല്ല. സ്വന്തം മകൾ തന്നെ. എത്രയോ കാലം സന്തോഷത്തോടെ ജീവിക്കാനുള്ളതാണ് അവർ എന്ന തിരിച്ചറിവില്ലാതെ പോയതിനാലാണ് ആ ചെറുപ്പക്കാരൻ കത്തിക്കിരയായത്.

ദുർമന്ത്രവാദത്തിൻ്റെ ഭാഗമായി യുവാവിനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന് നെയ്യും മസാലക്കൂട്ടും കർപ്പൂരവും ചേർത്ത് വലിയ ചീനിച്ചട്ടിയിൽ വറത്തെടുത്ത കേസിൽ കൊൽക്കത്തയിൽ അമ്മയും സഹോദരനും അറസ്റ്റിലായി എന്ന വാർത്തയും നിസ്സാരമല്ല. അന്ധവിശ്വാസത്തിൻ്റെ കരങ്ങളാണ് ഈ ദുഷ്പ്രവർത്തിക്കു പിന്നിൽ എന്നവർ തിരിച്ചറിയുമോ?

മേൽ സൂചിപ്പിച്ച വാർത്തകളിൽ തിന്മ അടയാളപ്പെടുത്തുന്നു. ആ തിന്മ വിവേകത്തിൽ നിന്നും ഉദിക്കുന്ന ഒന്നല്ല. മനുഷ്യ മനസ്സിൽ രൂഢമൂലമായി നിലക്കൊള്ളുന്ന  അവ്യക്തത തെറ്റുകളായി പരിണമിക്കുമ്പോഴാണ് മാന്യതയില്ലാത്ത പ്രവർത്തിക്കൊപ്പം ഒഴുകുന്നത്. 

ഇതിനിടയിൽ ചെറുവെളിച്ചമാണ് ഇനി കുറിക്കുന്നത്. രഞ്ജുരത്തിനം എന്ന യുവാവ് ലോട്ടറി ടിക്കറ്റ് എടുത്ത് അതിൻ്റ ഫലം നോക്കാൻ ഒരാളെ ഏൽപ്പിക്കുന്നു. മൂന്നു ദിവസം കഴിഞ്ഞ് അവർ ആ ടിക്കറ്റ് നോക്കുമ്പോൾ ഒന്നാം സമ്മാനം 75 ലക്ഷം രൂപ. ഉടൻ തന്നെ അവർ ആ ടിക്കറ്റ് അതിൻ്റെ ഉടമയെ ഏൽപ്പിക്കുന്നു. ഇവിടെയാണ് നമ്മൾ നഷ്ടപ്പെട്ടു എന്ന് കരുതുന്ന നന്മയുടെ വിജയം. ഈ തിരിച്ചറിവാണ് നമ്മുടെ മുന്നോട്ടുള്ള യാത്രക്ക് പ്രചോദനം.

കമൻ്റ്: വഴിയിലെ മുള്ളുകളെയും പൂക്കളെയും തിരിച്ചറിഞ്ഞ്  യാത്ര തുടരുക. എങ്കിൽ നേട്ടങ്ങളില്ലെങ്കിലും നഷ്ടങ്ങളുടെ കണക്ക് പുസ്തകം ചെറുതാകും.
 

Share :