Archives / july 2021

സിജി സനിൽ തൃശൂര്‍
പെയ്തു തോര്‍ന്ന മഴയെ അന്വേഷിച്ച്  പുഴയിറമ്പില്‍....

  

കവിതാസമാഹാരങ്ങൾ നോവൽ പോലെയല്ല വായിക്കേണ്ടത് എന്ന് അറിയാതെയല്ല. ഒരു കവിതയൊ മറ്റൊ വായിച്ചതിന്റെ അനുഭൂതികളുടെ അലയൊലികൾ തീരാൻ സമയം കൊടുക്കണം. എന്നിട്ടെ അടുത്തത് വായിക്കാവൂ എന്നതും ശരി. പക്ഷേ ഈ പുസ്തകത്തിൽക്കൂടി സഞ്ചരിക്കുമ്പോൾ അത് സാധിക്കുന്നില്ല. വിത്തിനുള്ളിലെ ജിവൻ പൊട്ടി ക്കിളിർത്ത് മരമായ് വളർന്ന് അത് തിരിച്ചുപോയി വിത്തായി മാറുന്ന ഒരു ഭ്രമാത്മകമായ - ഇടയ്ക്ക് വച്ച് നിർത്താൻ പറ്റാത്ത ഒരു മനോഹരകാഴ്ചയായി/അനുഭവമായി ആ ലഹരിയിലാണിപ്പോൾ ഞാൻ. 

അമൂർത്തമായതിനെ, ആവാച്യമായതിനെ, അവ്യാഖ്യമായതിനെ ആവിഷ്കരിക്കുക, അനുഭവവേദ്യമാക്കുകയെന്ന കർമ്മമാണ് കവിതയ്ക്കുള്ളത്.. ഹൃദയാന്തർഭാഗത്തു അങ്കുരിക്കുന്ന അനുഭൂതികളുടെ പൊടിപ്പുകളെ സാമാന്യ വ്യവഹാര ഭാഷയിൽ പടർത്തുന്നത് പ്രതിഭാശലികളായ കവികൾക്ക് അനായാസമാണ്. വായിക്കുന്നവരുടെ ഹൃദയത്തിലും സമാനമായ അനുഭൂതി വിശേഷങ്ങൾ  കിളിർത്തു പടർത്താൻ അവരുടെ പ്രതിഭയ്ക്ക് കഴിയുന്നു. അപാരമായ  കാവ്യാലോകത്തെ പ്രജാപതിയായ കവിക്കൊപ്പം (അപാരേ കാവ്യ സംസാരേ കവിരേവ പ്രജാപതി )വായനക്കാരും തത്തുല്യമായ പദവിയിലെത്തുകയാണ്..

 അസീം താന്നീമൂടിന്റെ 'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് 'എന്ന കവിതസമാഹാരം  വായിച്ചു കഴിയുമ്പോൾ മനസ്സിലുണരുന്ന അനുഭൂതികളെ വാക്കുകളിലേക്ക് പകർത്തുക യെന്നത് ശ്രമകരമാണ്.. മഞ്ഞിനെ വലയിട്ട് പിടിച്ചു കണ്ണാടിചെപ്പിൽ അടച്ചു വെക്കുന്ന പോലെ വ്യർത്ഥം. പെയ്തു തോർന്ന മഴയെ  അന്വേഷിച്ചു പുഴയിറമ്പിൽ ചെന്നു നിൽക്കുന്ന പോലെ.. മഴയെ കുറിച്ച് പുഴയുടെ വ്യാഖ്യാനം മറ്റൊന്നാണല്ലോ..എന്നെങ്കിലും പുഴ അതിനെ പുനരാവിഷ്കരിക്കുമെങ്കിലും..

പരിചിതമായ ഒരു പാതയിലൂടെ സഞ്ചരിച്ചു കൊണ്ട് അതി സങ്കീർണവും അപരിചിതവുമായ പരിസരത്ത് എത്തിച്ചേരുന്ന സ്ഥലജലവിഭ്രാന്തിയാണ് ഈ കവിതകൾ സമ്മാനിക്കുക.. അല്ലെങ്കിൽ അതീവ സഹസികമായി ഒരു കൊടുമുടി കീഴടക്കുന്ന സഫല്യം ഓരോ കവിതയും ഇതളടർത്തുമ്പോൾ നമുക്ക് ലഭിക്കുന്നു.. അതിഗാഢമായ ഒരു ധ്യാനം നൽകുന്ന ആഴമേറിയ ഒരനുഭവം.. ബാഹ്യപ്രപഞ്ചത്തെ തീർത്തും വിസ്മരിച്ചു കൊണ്ട് അന്തർ ജ്ഞാനത്തിന്റെ ആഴപ്പരപ്പുകളിൽ മുങ്ങി നിവരുന്ന അനുഭൂതി..

എപ്പോഴും ഒരുപടവ് അധികമുണ്ടെന്ന 'അധികപ്പേടി 'പടവുകൾ കയറുമ്പോൾ ഉണ്ടാകുന്ന ഭയത്തെ, ജീവിതത്തിന്റെ അനിർവാച്യമായ ഉൾഭയങ്ങളെ ഇത്രമേൽ അനന്യമായി ആവിഷ്കരിക്കുന്ന കാവ്യനുഭവം സമകാലീനകവിതയിക് അധികമൊന്നും കണ്ടിട്ടില്ല. 

പെട്ടന്ന് എഴുതേണ്ടതല്ല ഈ പുസ്തകത്തെപ്പറ്റി എന്നറിയാം. പക്ഷേ ആ വായന സമ്മാനിച്ച കമ്പനം അവസാനിക്കും മുമ്പ് നാലുവാക്ക് എഴുതിയില്ലേൽ നീതികേടാകും ഞാൻ എന്നോട് ചെയ്യുന്ന! ചിലകവിതകളെപ്പറ്റി രണ്ടുവരി:

#1
ഇരുളും വെളിച്ചവും അവയുടെ അസ്തിത്വത്തെ  പരിപ്രേഷിക്കുന്ന കവിതയാണ് 'മണിച്ചിടെ വീട്ടിൽ വെളിച്ചെമെത്തി..'. വെളിച്ചം ദുഃഖമാണുണ്ണി...' എന്ന് ഇരുട്ടിനെ വാഴ്ത്തിയ കാവ്യ പാരമ്പര്യത്തിന്റെ ഇങ്ങേയറ്റം.. വെളിച്ചത്തിന്റെ കൂർപ്പിനെ, നോവ് നിറഞ്ഞ വെളിപ്പെടലുകളെ, ജീവിതത്തിന്റെ ഇരുണ്ടയിടങ്ങളുടെ നഗ്നതയെ, പൊടുന്നനെ ഗോചരമാക്കുന്ന അവസ്ഥാവിശേഷത്തിന്റെ അസ്വസ്ഥതയെ ഏറ്റവും സ്വാഭാവികമായി ഈ കവിത ആവിഷ്കരിക്കുന്നു. വെളിച്ചമണച്ചു ഇരുട്ടിന്റെ മാറിൽ തല ചായ്ച്ചു നിന്ന് കുഞ്ഞു നിലാവിന് അമ്മിഞ്ഞ നൽകുന്ന മണിച്ചി.. ഇരുളും നിലാവും കൊണ്ട് അവൾ ജീവിതത്തെ അണച്ചു പിടിക്കുന്നു.

#2
പിതാവ് എന്ന ഭൗതിക യാഥാർത്ഥ്യത്തെ  അമൂർത്തമായ, നിരർത്ഥകമായ ശബ്ദം കൊണ്ട്, അതിന്റെ താളവിന്യസം കൊണ്ട് അനുഭവപ്പെടുന്നതിനെയാണ് 'കേട്ടുപതിഞ്ഞ ശബ്ദത്തിൽ 'എന്ന കവിത ആവിഷ്കരിക്കുന്നത്.. അവിടെ പിതാവിന്റെ സ്നേഹവും കരുതലും അധ്വാനവുമുണ്ട്.. തീരെ സൂക്ഷ്മായ ചില ശബ്ദങ്ങൾ മാത്രം ടൂൾ ആക്കിയ ഈ കവിത, മലയാളികുടുംബങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായ   'ഈഗോ'യിലധിഷ്ഠിതമായ അച്ഛൻ മകൻ സ്നേഹത്തെ അല്ലെങ്കിൽ മറച്ചുപിടിക്കാൻ ശ്രമിക്കുന്ന സ്നേഹത്തെ ഇത്ര ഭംഗിയായി അടയാളപ്പെടുത്താൻ കഴിഞ്ഞ അസാധാരണമായ കവിതയാണിത്.

#3
കൺഫ്യൂഷൻ എന്ന കവിത മരണവും  മരണഭയവും  മനുഷ്യനിലും ഉരഗത്തിലും ഉണ്ടാക്കുന്ന അനുഭവ വിശേഷങ്ങളെ അസാമാന്യ മായി സാമാന്യവൽക്കരിക്കുന്നു.. മരണത്തിനു മുന്നിൽ ജീവജാലങ്ങൾ പ്രതികരിക്കുന്നതിലെ സമാനത ആവിഷ്കരിക്കുകയും  ജീവിതം വിഭിന്നമെങ്കിലും അത് കാത്തു സൂക്ഷിക്കാനുള്ള ത്വര രണ്ടു പേരിലും  ഏകമാണെന്നു കവിത കൊണ്ട് സാക്ഷ്യപ്പെടുത്തുകയുമാണ്..

"പാമ്പു ചാവുമ്പോൾ നമ്മളിൽ പകയോ
നമ്മൾ ചാവുമ്പോൾ പാമ്പിൽ  വിഷമോ
വറ്റിപ്പോകുന്നില്ല "

വിഷവും പകയും കവിതയിൽ മാരകമായി  അന്വയിച്ചിരിക്കുന്നു.

#4
ച്യുയിങ്ങ്ഗം എന്ന ഭോജ്യത്തിന്റെ പ്രത്യേകമായ കഴിപ്പു രീതിയിൽ പുരുഷ കാമനകളുടെ  ഭോഗതൃഷ്ണയിൽ ചതഞ്ഞമർന്ന പെണ്ണവസ്ഥകൾ രൂപകവൽക്കരിക്കപ്പെടുന്ന സവിശേഷമായ കാവ്യനുഭവം  ച്യുയിങ്ങ്ഗം എന്ന കവിത പങ്കു വെക്കുന്നുണ്ട്. ച്യുയിങ്ങ്ഗം വായിലിട്ട്‌ ചവയ്ക്കുന്ന രുചിയനുഭവത്തിൽ  പെണ്മയുടെ പൊതിഞ്ഞു മൂടി വെച്ച ഇമ്പങ്ങളെ കോമ്പല്ലമർത്തി നുകരുവാൻ ധൃതിപ്പെടുന്ന വന്യമായ പൗരുഷത്തെ കവിത ഏറ്റവും സരളമായി എന്നാൽ കണിശമായി  അവതരിപ്പിക്കുന്നുണ്ട്. ഭോഗത്തിന്റെ ആവേശവും ക്ഷണികമായ അനുഭൂതിയും പിന്നീട് വരുന്ന മടുപ്പും ചെടിപ്പുമെല്ലാം കൃത്യമായി കവിതയിൽ സന്നിവേഷിക്കപ്പെടുന്നു. ച്യുയിങ്ങത്തിന്റെ ചവച്ചു, നുണഞ്ഞു, വലിച്ചീമ്പി കുടിച്ചശേഷം പിന്നീട് വരുന്ന അലോസരപ്പെടുത്തുന്ന രുചി വ്യത്യാസം, പിന്നീട് അലസമായി വഴിവക്കിൽ 
ചവച്ചു തുപ്പുന്നത് എല്ലാം സ്ത്രീ പുരുഷബന്ധങ്ങളിൽ നിർദയം ചൂഷണം ചെയ്യപ്പെടുന്ന പെണ്ണാവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നു.. വർണക്കടലാസ്സിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന, അവസാനം വഴിവക്കിൽ  മാലിന്യമായി മാറുന്ന ച്യുയിങ്ങ്ഗം പട്ടും പൊന്നും കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കപ്പെട്ടു അവസാനം  നിഷ്കരുണം തെരുവിൽ വലിച്ചെറിയപ്പെടുന്ന പെണ്ണിനെ പ്രതീകവൽക്കരിക്കുകയാണ്.

#5
പ്രളയം എന്ന ദുരന്തപ്രതിഭാസത്തെ ഭീതിദമായ ഒരു മൂർത്തിയുടെ സൃഷ്ടിയാക്കുന്ന കാവ്യാനുഭവം. പ്രകൃതിയുടെ  സമസ്ത നിഗ്രഹഭാവങ്ങളെയും ആവാഹിച്ചു കൊണ്ട് പ്രളയസൃഷ്ടി നടത്തുന്ന കവി.. കവിത കൊണ്ട് ആസുരമായ പ്രളയകാലത്തെ ആവിഷ്കരിക്കുന്നു പ്രളയം എന്ന കവിതയിൽ.

#6
സർഗ്ഗത്മക വ്യക്തിത്വം സാമാന്യ മനുഷ്യനിൽ സൃഷ്ടിക്കുന്ന സംഘർഷ, സങ്കീർണമനോഭാവങ്ങളാണ് പക്ഷിയെ വരയ്ക്കൽ എന്ന കവിത. ഉള്ളിലുണരുന്ന പൊരുളിനെ പകർന്നു വെക്കാനാവാതെ നിറഞ്ഞുവിങ്ങിയിട്ടും പകരനാവാതെ കാലത്തിന്റെ പുസ്തകത്തിൽ രേഖപ്പെടുത്താനാവാതെ നിഷ്‌ക്രിയമായിപ്പോകുന്ന നിമിഷങ്ങളെ ഈ കുഞ്ഞു കവിത ആവിഷ്കരിക്കുന്നു.. ബ്രഷ് മഷി വാർന്നുറഞ്ഞു പോയതും  ചേക്കേറാനിടമില്ലാതെ പൊലിഞ്ഞു പോയപകലും വ്യർത്ഥമായിപ്പോയ സർഗാത്മക സന്ദർഭങ്ങളെ ധ്വനിപ്പിക്കുന്നു.

ഈ സമാഹാരത്തിലെ ഏറ്റവും മനോഹരമായ പ്രണയ കവിതയാണ് "മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്". പ്രണയത്തിന്റെ കുത്തൊഴുകലിനെ തടുക്കാൻ കഴിയാതെയും, തിരിച്ചു വിളിക്കാനാവാതെയും വീർപ്പു മുട്ടുന്ന പ്രണയി കവിതയിൽ വിങ്ങി വിതുമ്പുന്നു..  

"ഏറെ വീർപ്പോടെ
വിരിഞ്ഞിറങ്ങിയ ഒന്നിനെയും
മടങ്ങിപ്പോകാൻ നിർബന്ധിക്കരുത്...

അത്രമേലസഹ്യമെങ്കിൽ
അടക്കി നിർത്താം :
അമർത്തി വയ്ക്കാം "

സൂക്ഷ്മത്തിൽ നിന്ന് സ്ഥൂലമാക്കപ്പെട്ട പ്രതിഭാസങ്ങളുടെ പിൻവാങ്ങൽ പോലെ വ്യർത്ഥമായിപ്പോകുന്ന ഒരു പാഴ്ചിന്തയാണ് പ്രണയത്തിൽ നിന്നുള്ള പിൻ മടക്കം.. വിത്ത് മരത്തിനെ തിരിച്ചു വിളിക്കുമ്പോലെ, വേരുകൾ മരത്തിലേക്ക് മടങ്ങിപ്പോകണമെന്ന ശാഠ്യം പോലെ, ജലം ഉറവിടത്തിലേക്ക് തിരിച്ചൊഴുകണമെന്ന് പറയുംപോലെ ഏറ്റവും മൗഢ്യമായ ഒന്നായി തീരുകയാണ് പ്രണയത്തെ തിരിച്ചെടുക്കാനാവാത്ത കവിയുടെ /പ്രണയിയുടെ അങ്കലാപ്പ്…

#7
കവിയുടെ ഫാസിസ്റ്റു വിരുദ്ധ രാഷ്ട്രീയ ബോധ്യങ്ങളെ പരാമർശിക്കുന്ന കവിതയാണ് "അശാന്തമായ അസാന്നിധ്യം "
പുലിയിറങ്ങുന്ന ഗ്രാമത്തിന്റെ നിതാന്തമായ ഉൾഭയങ്ങളെ പശ്ചാത്തലമാക്കി ചരിത്രത്തിന്റെ ഇരുണ്ട പുൽ പൊന്തകളിൽ ദംഷ്ട്ര കാണിച്ചു ഭീതിപ്പെടുത്തിയ ഫ്യൂഡൽ ഫാസിസ്റ്റു വർഗ്ഗീയ  ശക്തികളുടെ തിരിച്ചു വരവിനെ ഭയക്കുന്ന നാടിനെ പുലി എന്ന ഇമേജറി കൊണ്ട് കൃത്യമായി അവതരിപ്പിക്കുന്നു. ഒരിക്കൽ ആ വന്യത വിതച്ചിട്ടു പോയ ഉൾഭയങ്ങളെ കാലങ്ങൾ കഴിഞ്ഞിട്ടും മനസ്സുകൊണ്ട് കൊയ്യുന്ന ജനത.. ഭൗതികമായും ആന്തരീകമായും എക്കാലത്തെയും അശാന്തിയായി അത് നില കൊള്ളുന്നു.. ഓരോ വരിയിലും പുലിഭീതി നിറഞ്ഞു നിൽക്കുന്നു. അതിനെ ആവിഷ്കരിക്കാൻ കൃത്യമായ  പാരിസ്ഥിതീക പശ്ചാത്തലവും കവിതയിൽ ഒരുക്കിയിട്ടുണ്ട്.

പുലി പതിയിരിക്കുന്ന ആ
ഇടം മാത്രം പക്ഷെ
തീർത്തും ശാന്തമായിരിക്കും.
ഭക്തരുടെ
കണ്ണിൽ പെടാത്തൊരു വിശ്വാസം
പുല്ലിൽ പതിഞ്ഞു കിടക്കുംപോലെ..

#8
മതവിശ്വാസങ്ങളുടെ പൊന്തക്കാട്ടിൽ ദംഷ്ട്രയൊളിപ്പിച്ചു പതുങ്ങുന്ന വർഗീയ ഫാസിസ്റ്റു രാഷ്ട്രീയത്തെ ഇതിൽ കൂടുതൽ ധ്വനിപ്പിക്കുന്നതെങ്ങനെ..

മനുഷ്യവംശത്തിന്റ ചരിത്രാതീതമായ പകയെന്ന വികാരത്തെ ധ്വന്യാത്മകയി ആവിഷ്കരിക്കുകയാണ് പക എന്ന കവിത . എന്തിനെന്നറിയാത്ത ഒടുങ്ങാത്ത പകയിൽ പൊരുതി ചുണ്ടു കീറുന്ന പക്ഷി ബിംബം കവിതയിൽ വ്യർത്ഥമായ ഉൾപ്പോരുകളാൽ  സ്വയം കൊത്തി മുറിയുന്ന മനുഷ്യ ചേതനയെ പ്രതീകവൽക്കരിക്കുന്നു. ഒരു സ്ഫടിക ഭിത്തിയിൽ തെളിയുന്ന പ്രതിബിംബ ത്തോട്  ആജീവനാന്തം അടരാടുന്ന വ്യർത്ഥ വ്യഥിത  ജന്മങ്ങൾ..  

#9
ആചാരബദ്ധമായ മതവിശ്വാസങ്ങൾക്കപ്പുറം ത്യാഗത്തിന്റെയും സഹനത്തിന്റെയും കരുണയുടെയും ഇസ്ലാമിക പാരമ്പര്യങ്ങളെ പുരസ്കരിക്കുന്ന കവിതയാണ് "നിയ്യത്ത് "  മത വിശ്വാസങ്ങളുടെ, അനുഷ്ടാനങ്ങളുടെ വിരുദ്ധമായ രണ്ടു ചര്യകളാണ്  കവിതയിൽ പ്രകാശിപ്പിക്കുന്നത്.. ആചാരങ്ങളിൽ ആഴ്ന്ന് കൊണ്ടുള്ള  ഉപരിപ്ലവമായ മതബോധവും, ചിന്തയുടെ, ദർശനങ്ങളുടെ  ആഴത്തിൽ വേരൂന്നി ആകാശമാകെ പന്തലിക്കുന്ന മൂല്യവത്തായ മതസങ്കൽപങ്ങളും  സാമാന്തരമായി കവിതയിൽ /ജീവിതത്തിൽ സഞ്ചരിക്കുന്നു.

കവിയുടെ സർഗാത്മക വ്യക്തിത്വത്തിന്റ നിരന്തര സംഘർഷണങ്ങളുടെയും സങ്കീർണതകളുടെയും ആവിഷ്കരങ്ങളാണ് ഇതിലെ ഭൂരിപക്ഷം കവിതകളും. നിത്യ ജീവിതവുമായി സംവേദ്യമായിട്ടുള്ള ഇമേജുകളും, ബിംബകല്പനകളും  കാവ്യനുഭൂതിയെ കൃത്യമായി വായനക്കാരിലേക്ക് പ്രസരിപ്പിക്കുന്നുണ്ട്.. ജലമരം, മണൽത്തരി ശില്പം, അടഞ്ഞ വീടുകൾ എന്നിവയിലെല്ലാം സർഗ്ഗ സമ്പന്നമായ സ്വത്വത്തിന് വ്യാവഹാരികജീവിതവുമായുള്ള ആന്തരികമായ കലാപങ്ങളുടെ വിഷാദഭരിതമായ  ആവിഷ്കരങ്ങളാണ്.

വ്യത്യസ്ത വിതാനങ്ങളിലുള്ള കാഴ്ച കളാണ് അസിമിന്റെ പല കവിതകളും. കുന്നു കയറി മുകളിലെത്തി ഒരേ സമയം ആഴത്തിന്റ ആർത്തിയും ആകാശത്തിന്റെ അനന്തത യും ദർശിക്കുന്നവയും, ജന്മ ദോഷം കൊണ്ട് എങ്കോണിച്ചു പോയ ദൃഷ്ടിയുടെ ജാള്യതമാറ്റുന്ന കൂളിംഗ് ഗ്ലാസിലൂടെയുള്ള  വേവലാതിയില്ലാത്തതുമായ കാഴ്ചകൾ...

വാക്കുകളിൽ നിന്ന് ദൃശ്യങ്ങളിലേക്ക് പര്യടനം ചെയ്തു കൊണ്ട് അനുഭൂതമാകുന്ന  കാവ്യാലോകം. 'ഊ' കാരത്തിന്റെ ചില്ലക്ഷരം പോലും തൂങ്ങി മരണത്തിനെ ദൃശ്യവൽക്കരിച്ചു കൊണ്ട് കരിങ്കല്ലിൽ കൊത്തിയ പ്രാചീന ലിപി പോലെ അർത്ഥം സ്ഫുരിക്കാത്ത വാക്യമായി, കവിതയിൽ അവതരിപ്പിക്കുന്നുണ്ട്. ജീവിതം പല തരം ആവിഷ്കരങ്ങളിൽ പലതായി പ്രതിഫലിക്കുന്നു.. ബസ്സിന്റെ ഡാഡി എന്ന കവിത കാലങ്ങൾ കൊണ്ട്, ജീവിതത്തെ കുറിച്ച്  തലമുറകളിൽ വന്ന കാഴ്ചപ്പാടുകളുടെ പരിണാമത്തെ അടയാളപ്പെടുത്തുന്നു.രണ്ടു തരം വാഹനങ്ങളുടെ ഭൗതികവും സാങ്കേതികവുമായ പ്രത്യേകതകളെ മുൻ നിർത്തി ആവിഷ്കരിക്കുന്നതാണ് ഈ കവിത . നിയതമായ സഞ്ചാര പാതകളിലൂടെ ,നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ട്രെയിൻ എന്ന വാഹനം പാരമ്പര്യത്തിന്റ മാറാപ്പ് താങ്ങി അസ്വതന്ത്രമായ ജീവിതം നയിച്ചു പോന്നിരുന്ന ഒരു തലമുറയെ പ്രതിനിധീകരിക്കുന്നു. പുതിയ കാലത്തിന്റെ സൃഷ്ടിയായ ബസ് "വരഞ്ഞിട്ട  മാർഗ്ഗക്കണിശങ്ങളില്ലാതെ" ഭാരത്തിന്റെ കനപ്പുകളില്ലാതെ സുഗമമായി ലക്ഷ്യസ്ഥാനം പൂകുന്നു. മാറിയ കാലത്തെ കവി ഏറ്റവും നൂതനമായി കവിതയിൽ ആവിഷ്കരിക്കുന്നതിങ്ങനെയാണ്.

എത്രയൊഴിഞ്ഞാലും ഉന്തി
നിൽക്കും വയറെന്ന തോന്നൽ

ഇത്തരം അനേകം തോന്നലുകൾ, അവയുടെ ആവിഷ്കാരത്തിന്റ ഒടുങ്ങാത്ത സർഗ്ഗ വ്യഥകൾ, എന്നിവയിലൂടെയുള്ള സഞ്ചാരങ്ങളാണ് ഈ കാവ്യ സമാഹാരം..ആത്മാവിന്റ, ആവിഷ്കാര വ്യഥകളുടെ സങ്കീർത്തനങ്ങളാണ് ഇതിലെ കവിതകളെല്ലാം.  നമ്മളെല്ലാം കടന്നു പോന്ന പാതയിൽ എന്നോ കണ്ടു മറന്ന കാഴ്ചകളിൽ, കാലമേറെ കഴിഞ്ഞിട്ടും പിന്തുടരുന്ന അജ്ഞാതമായനോവുകളിൽ സ്പർശിക്കുന്നവയാണ് ഇതിലെ ഓരോ കവിതകളും. അത് കൊണ്ട് തന്നെ ഈ കാവ്യനുഭവവും ജീവിതയാത്രയിൽ കൂടെപ്പൊരുന്നു..

 

Share :