Archives / july 2021

: ജോസഫ് ജോർജ് റീ.. സൂപ്രണ്ട് ,മാർ ഇവനിയോസ് കോജേജ് : തിരുവനന്തപുരം .
താലന്തുകളെ വർദ്ധിപ്പിച്ച കൊട്ടാരത്തിലച്ചൻ

തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിൽ ഏഴു വർഷത്തോളം പ്രിൻസിപ്പാളായി സേവനം അനുഷ്ടിച്ച തോമസ് കൊട്ടാരത്തിലച്ചൻ്റെ കാലഘട്ടം കോളജിൻ്റെ സുവർണകാലഘട്ടമായിരുന്നു. അച്ചൻ തൻ്റെ താലന്തുകളെ കോളജിനു വേണ്ടി ഉപയോഗപ്പെടുത്തി എന്നുവേണം കരുതാൻ. കോളജിൽ മാത്രമല്ല, താൻ സേവനം അനുഷ്ടിച്ച എല്ലാ മേഖലകളിലും തൻ്റേതായ ഒരു വ്യക്തിമുദ്ര അദ്ദേഹ പതിപ്പിച്ചിരുന്നു

. കോളജുമായുള്ള അച്ചൻ്റെ മാനസിക അടുപ്പം ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനിയുടെ കുടുംബക്കാരനായിരുന്നുഎന്നുള്ളതാണ്. തിരുമേനിയുടെ ജേഷ്ഠസഹോദരിയുടെ കൊച്ചുമകനാണ് കൊട്ടാരത്തിലച്ചൻ. കല്ലുംപുറത്ത് കൊട്ടാരത്തിൽ തോമസ്, ആച്ചിയമ്മ ദമ്പതിമാരുടെ നാലു മക്കളിൽ രണ്ടാമനായി 20/05/1936ൽ മോനിയെന്ന കൊട്ടാരത്തിലച്ചൻ ജനിച്ചു

സ്ക്കൂൾ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് സെൻ്റ അലോഷ്യസ് മൈനർ സെമിനാരിയിൽ നിന്നും, പൂന പേപ്പൽ സെമിനാരിയിൽ നിന്നും വൈദീക പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം 1961ൽ ഒക്ടോബർ മൂന്നാം തീയതി കർദ്ദിനാൾ വലേറിയൻ ഗ്രേഷ്യസിൽ നിന്നും വൈദീകപട്ടം സ്വീകരിച്ചു. വൈദീകപഠനകാലത്തുതന്നെ അസാധാരണമായ പ്രാഗത്ഭ്യം പ്രകടമാക്കിയ കൊട്ടാരത്തിലച്ചനെ ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി കെമിസ്ട്രി ഐച്ഛികവിഷയമായെടുത്ത് ഉപരിപഠനം നടത്താൻ നിർദ്ദേശിച്ചു. മാർ ഈവാനിയോസ് കോളജിൽ നിന്നു തന്നെ B,Sc, M.Sc ബിരുദങ്ങൾ നേടി. 22/6/1967ൽ താൻ പഠിച്ച കോളജിൽ തന്നെ കെമിസ്ട്രി വിഭാഗത്തിൽ അദ്ധ്യാപകനായി അദ്ദേഹം നിയമിക്കപ്പെട്ടു.

 1971ൽ ഉപരിപഠനത്തിനായി പാരിസിലേക്കു പോയ അദ്ദേഹം 1975ൽ കാത്തലിക്ക് യൂണിവേഴ്സിറ്റി ഓഫ് ലില്ലിൽ നിന്ന് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. മടങ്ങിയെത്തിയ അച്ചൻ കോളജിൽ അദ്ധ്യാപകനായി തുടർന്നു. അതിപ്രഗത്ഭനായ അദ്ധ്യാപകനായിരുന്നു അദ്ദേഹം. 1979 മുതൽ അദ്ധ്യാപനത്തോടൊപ്പം കോളജിൻ്റെ ബർസാർ ചുമതലകൂടി അദ്ദേഹം നിർവഹിച്ചു. വിദ്യാർത്ഥികൾക്കും, സഹപ്രവർത്തകർക്കും അദ്ദേഹം പ്രിയങ്കരനായിരുന്നു. ഐക്കഫിൻ്റെ ചാപ്ളിയൻ എന്ന നിലയിലും, കൂടാതെ ഹോസ്റ്റൽ വാർഡനായും സേവനം അനുഷ്ടിച്ചിരുന്നു.

 1982 മുതൽ 1984 വരെ അഞ്ചൽ സെൻ്റ് ജോൺസ് കോളജിൻ്റെ പ്രിൻസിപ്പാളായി ചുമതലയേറ്റ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് കോളജിൻ്റെ മുഖച്ഛായ തന്നെ മാറ്റി. വിദ്യാർത്ഥികളുടെ ഇടയിൽ അച്ചടക്കം ഉറപ്പാക്കിയ അദ്ദേഹം കോളജിൻ്റെ ഭൗതീകസൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ഇതേസമയം അഞ്ചൽ പള്ളിയുടെ വികാരികൂടിയായിരുന്നു അച്ചൻ. ഭക്തിനിർഭരമായ വിശുദ്ധ കുർബാനയും ഇതര ശുശ്രൂഷകളും വിശ്വാസികളിൽ ആത്മീയമായ ഉണർവുണ്ടാക്കി. ഗ്രാമപ്രദേശമായിരുന്നതിനാൽ നാട്ടുകാരോടും, രക്ഷകർത്ഥാക്കളോടും ഇടപഴകിയ അദ്ദേഹം കോളജിൻ്റെയും, പള്ളിയുടെയും കാര്യക്ഷമമായ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണവും, പങ്കാളിത്തവും ഉറപ്പാക്കി. രണ്ടു വർഷത്തെ സേവനത്തിനു ശേഷം 1984ൽ അദ്ദേഹം മാർ ഈവാനിയോസ് കോളജിൻ്റെ പ്രിൻസിപ്പാളായി ചുമതലയേറ്റു.

 വിദ്യാർത്ഥിയായും, അദ്ധ്യാപകനായും കോളജിൽ സേവനം അനുഷ്ടിച്ചിരുന്ന അച്ചന് കോളജിനെപ്പറ്റി ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. വിദേശ യൂണിവേഴ്സിറ്റികളിൽ പഠിച്ചിരുന്ന അച്ചന് ഒരു കോളജ് എങ്ങനെയായിരിക്കണമെന്ന് ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നതായി ഓരോ പ്രവർത്തനങ്ങളിലും കാണാൻ കഴിയും. 

 

 ഏഴു വർഷമാണ് അദ്ദേഹം മാർ ഈവാനിയോസ് കോളജിൻ്റെ പ്രിൻസിപ്പളായി സേവനം അനുഷ്ടിച്ചത്. ഈ കാലഘട്ടം തൻ്റെ താലന്തുകളെ ശരിക്കും കോളജിൻ്റ ഉരർച്ചക്കുവേണ്ടി പ്രയോജനപ്പെടുത്തിയെന്ന് കോളജിൻ്റെ ഇപ്പോഴത്തെ നിലവാരം കൊണ്ട് നമുക്ക് മനസ്സിലാക്കാൻ കഴിയും. ഒരു ഉന്നതവിദ്യഭ്യസകേന്ദ്രത്തിൻ്റെ സാക്ഷാത്ക്കാരത്തിനായി രാപ്പകൽ വ്യത്യാസമില്ലാതെ അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തു.

കോളജിലെ വിദ്യാർത്ഥികളുടെ അഡ്മിഷൻ്റെ കാര്യത്തിൽ ഒരു അഴിച്ചു പണിതന്നെ നടത്തിയ അദ്ദേഹം. ശുപാർശയുടെ അടിസ്ഥാനത്തിലുള്ള അഡ്മിഷൻ പാടെ ഇല്ലാതാക്കി. കംപ്യൂട്ടർ പ്രചാരത്തിൽ ആയിക്കൊണ്ടിരുന്ന കാലഘട്ടത്തിൽ തന്നെ Computerised Admission Process ആരംഭിച്ചു. പ്രതിഭാശാലികളായ വിദ്യാർത്ഥികളെ കണ്ടെത്തി അഡ്മിഷൻ നല്കി. മാർ ഈവാനിയോസ് കോളജിൽ   Terminal Examination ന് അദ്ദേഹം തുടക്കമിട്ടു. ഇതോടെ കോളജിൻ്റെ നിലവാരം കേരള യൂണിവേഴ്സിറ്റിയിൽ തന്നെ മുൻനിരയിലെത്തിച്ഛു. Pre-degreeക്കും Degree ക്കും കേരള യൂണിവേഴ്സിറ്റിയിലെ തന്നെ എല്ലാ റാങ്കുകളും കോളജിനു ലഭിച്ചിരുന്നു. ആദ്യമായി കേരളത്തിൽ കംപ്യൂട്ടർ സെൻ്റർ ആരംഭിച്ചത് ഈ കോളജിലാണ്.

പിന്നീട് അച്ചൻ്റെ ശ്രദ്ധ തിരിഞ്ഞത് കോളജിൻ്റെ ക്യാമ്പസ് അടച്ചെടുക്കുകയെന്നതായിരുന്നു. വളരെ വിസ്തൃതമായി കിടന്നിരുന്ന കോളജിൻ്റ ക്യാമ്പസിലേക്ക് ആർക്കും ഏതു സമയവും കടന്നുവരാമായിരുന്ന ഒരു അന്തരീക്ഷമായിരുന്നു. മറ്റു കോളജുകളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെ വന്ന് സംഘട്ടനങ്ങളും മറ്റും പലപ്പോഴും നടന്നിരുന്നു. ഇങ്ങനെ തുറന്നു കിടന്നിരുന്നതിനാൽ കോളജിനോടു ചേർന്നുള്ള സ്ഥലങ്ങളിലേക്ക് മദ്യവും മയക്കുമരുന്നും രാത്രികാലങ്ങളിൽ ഈ ക്യാമ്പസിലൂടെ കടത്തിക്കൊണ്ടുപോയിരുന്നു. അത് അച്ചനെ വളരെയധികം അലോസരപ്പെടുത്തി.

 തിരുമേനിയുടെ അനുവാദത്തോടെ അച്ചൻ കോളജിൻ്റെ ക്യാമ്പസ് അടച്ചെടുക്കാൻ തീരുമാനിച്ചു. ഇത് അച്ചന് മാനസികമായും, ശാരീരികമായും വളരെ ബുദ്ധിമുട്ടുണ്ടാക്കുകയും കോടതിയിൽ വരെ കേസുണ്ടാകുകയും ചെയ്തു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അച്ചനെ സഹായിച്ചിരുന്നത് അച്ചൻ തന്നെ മുൻകൈയെടുത്തുണ്ടാക്കിയ പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ AMICOSഉം അന്നത്തെ PTAയുടെ നേതൃനിരയിലുള്ളവരുമായിരുന്നു. അവരുടെയൊക്കെ സഹായത്തോടുകൂടി തുറന്നു കിടന്ന കോളജ് ക്യാമ്പസ് കോടതി ഉത്തരവോടുകൂടി അടച്ചെടുക്കുന്നതിന് അച്ചന് സാധിച്ചു. ജീവൻപോലും നഷ്ടപ്പെടുമെന്ന ബോധ്യം ഉണ്ടായിട്ടുകൂടി തൻ്റെ സ്ഥാപനത്തിനു വേണ്ടി എന്തു പ്രശ്നമുള്ള ദൗത്യമാണങ്കിലും അത് ഏറ്റെടുക്കുകയും അത് വിജയകരമായി പൂർത്തികരിക്കാനുള്ള അസാമാന്യമായ കഴിവ് അച്ചൻ എല്ലായ്പ്പോഴും പ്രകടിപ്പിച്ചിരുന്നു.

കൊട്ടാരത്തിലച്ചൻ വിദ്യാർത്ഥിയായും, അദ്ധ്യാപകനായും, പ്രിൻസിപ്പാളായും കൊളജിൽ ഉണ്ടായിരുന്ന സമയത്ത് ആ കോളജിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളെ വർഷങ്ങൾ എത്ര കഴിഞ്ഞാലും വീണ്ടുമൊരു കണ്ടുമുട്ടൽ ഉണ്ടായാൽ ആ വിദ്യാർത്ഥി അല്ലെങ്കിൽ ആ വിദ്യാർത്ഥിനിയെ പേരു ചൊല്ലി വിളിക്കുന്നത്  ഈ ലേഖകൻ കേട്ടിട്ടുണ്ട്. അപ്പോൾ ആ വിദ്യാർത്ഥിയുടെ സ്നേഹപ്രകടനം ഒന്നു വേറെതന്നെയാണ്. ഒരു പൂർവ വിദ്യാർത്ഥി എഴുതിയതിങ്ങനെയാണ്. "എന്നെ പഠിപ്പിച്ച മാർ ഈവാനിയോസിലെ ഗുരുക്കന്മാരും അവരുടെ അനുഗ്രഹങ്ങളും എനിക്കു വഴിവിളക്കാകവെ, ആദർശദീരനായ, അർപ്പണ മനോഭാവത്തോടെ കൊളജിനെ നയിച്ച കൊട്ടാരത്തിലച്ചൻ്റെ ഭരണകാലത്ത് പഠിക്കാൻ കഴിഞ്ഞ സൗഭാഗ്യത്തിന് ജഗദീശ്വരനോടു നന്ദി പറയുന്നു."

ഒരു കൊളജിൻ്റെ ഭരണാധികാരി എങ്ങനെയായിരക്കണമെന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് കൊട്ടാരത്തിലച്ചൻ. ബഥനിക്കുന്നിൻ്റെ മുകളിൽ പ്രൗഢിയോടെ തലയുയർത്തി നില്ക്കുന്ന കോളജിന് ഏറ്റവുംഅനുയോജ്യനായ പ്രിൻസിപ്പാൾ. ഗാംഭീര്യം നിറഞ്ഞ മുഖം, തീക്ഷണമായ നോട്ടം, അളന്നുമുറിച്ച വാക്കുകൾ, പ്രഗത്ഭനായ പ്രാസംഗികൻ, ബഹുഭാക്ഷ പണ്ഡിതൻ, ഇംഗ്ളീഷും, മലയാളവും, ഫ്രഞ്ചും ഒരുപോലെ സംസാരിക്കുമായിരുന്നു അദ്ദേഹം.

 രണ്ടു വർഷക്കാലത്തോളം അച്ചനോടൊപ്പം കോളജിൻ്റെ ഓഫീസിൽ സേവനം അനുഷ്ടിക്കാൻ എനിക്ക് ഇടയായിട്ടുണ്ട്. എല്ലാവരെയും ഒരുപോലെ സ്നേഹിച്ചിരുന്ന ഭരണാധികാരി. തന്നോടൊപ്പം ജോലിചെയ്തിരുന്ന അദ്ധ്യാപകരുടെയും, അനദ്ധ്യാപകരുടെരും വീട്ടിൽ ചെന്ന് യാത്ര ചോദിച്ചാണ് അച്ചൻ റിട്ടയർ ചെയ്തത്. പല വീടുകളിൽ പോകുമ്പോഴും എന്നെയും അച്ചൻ കൂടെകൂട്ടിയിരുന്നു. പ്രിൻസിപ്പാൾ എന്ന നിലയിൽ അച്ചനെ അവർ സഹായിച്ചതിനുള്ള നന്ദി പ്രകടിപ്പിക്കുന്നതിനാണ് അദ്ദേഹം അങ്ങനെ ചെയ്തത്.

 റിട്ടയർ ചെയ്ത് ഏഴു മാസത്തിനുള്ളിൽ, അതായത് 26/12/1991ലുണ്ടായ അച്ഛൻ്റെ ആകസ്മികമായ മരണം മലങ്കരസഭക്കും, കോളജിനും എന്നും ഒരു നഷ്ടം തന്നെയാണ്. 29 വർഷം പിന്നിടുന്ന അച്ചൻ്റെ അകാല നിര്യാണം മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒരുപാട് ഓർമ്മകളെ ഇന്നും ഉണർത്തുന്നു.

Share :