Archives / july 2021

അർച്ചന ഇന്ദിര ശങ്കർ 
തൂക്കുകയർ

വെള്ളം തലയ്ക്കു പിടിച്ചവർ

ആർത്തുവിളിച്ചു 

ഇന്നീ വീഞ്ഞിനു ലഹരി പോരാ 

തൊട്ടുനക്കാനിത്തിരി  

ചൊടിയുള്ള സദാചാരമാവാം. 

 

പെണ്ണൊരുത്തിയെ നല്ലനടപ്പിൻ 

പാഠങ്ങൾ പഠിപ്പിക്കാം. 

ആ, അതാ വരുന്നൊരുത്തി 

വയറുവീർത്തൊരുത്തി 

കണ്ടാലറിയാം,

പിഴച്ചു വീർത്തതാണവൾ 

കാല് നാലുണ്ട് , വാലുമുണ്ട് 

ഓ ! എങ്കിലും പെണ്ണല്ലേ 

ഈ കെട്ടിറങ്ങും മുൻപൊരു

വിനോദമാവാം, 

എടുക്കൊരു തൂക്കുകയർ 

തൂങ്ങട്ടെ അവളതിൽ 

ഉന്തിയ വയറുമായ് 

മാർജ്ജാരവർഗ്ഗത്തിലൊരു റാണി 

നാളെയുടെ അമ്മയാകേണ്ടവൾ 

കണ്ടില്ലേ കാഴ്ച്ച, 

ചിരിക്കിൻ കൂട്ടരേ 

ആണല്ല, മനുഷ്യനുമല്ല 

ആടട്ടെ അടിമയിവൾ 

സാക്ഷരരുടെ മണ്ണിൽ

 ഈ തൂക്കുകയറിൽ 

 

 

Share :