Archives / December 2020

സ്മിത സ്റ്റാൻലി
മഞ്ഞണിഞ്ഞ ക്രിസ്തുമസ്

മഞ്ഞു പെയ്യുന്ന മല മടക്കിൽ 

വെള്ളി നിലാവിൻ കുളിരഴകിൽ 

കന്യക മാതാവിൻ പൊന്നോമന 

ഭൂജാതനായിന്നു പാരിടത്തിൽ

 

സകല ജനങ്ങളും അണി ചേരുവിൻ 

സർവേശ പുത്രനെ വരവേൽക്കുവിൻ

പുതിയൊരു പുലരി കാതോർക്കുവിൻ 

ദൈവത്തിൻ സൂനുവേ ആരാധിപ്പിൻ.

 

തൂവെള്ളയാർന്നൊരു ദിവ്യസുതൻ 

പുഞ്ചിരിയാർന്നിങ്ങു നോക്കിടുന്നു 

പൂഞ്ചേല, പൂമെത്ത ഒന്നുമില്ല 

പുൽക്കൂട് മാത്രമീ തിരുസുതന്

 

പ്രത്യാശയാർന്നൊരു നോട്ടത്താലേ 

നെഞ്ചകം ആനന്ദ പൂരിതമായ് 

ദീപ്ത നക്ഷത്രങ്ങൾ സാക്ഷിയായ്‌ 

കുഞ്ഞിളം കാറ്റിന്റെ ഈണവുമായ്

 

ദുഖിതർക്കാശ്വാസം ഏകുന്നോനെ 

ദുഃഖങ്ങൾ പാടെ അകറ്റുന്നോനെ 

പാരിന്റെ പ്രിയസുതാ, പൊന്നേശുവേ 

ആശംസ നേർന്നിടാം ഞങ്ങളൊന്നായ്

 

ഗ്ലോറിയ പാടുന്നു മാലാഖമാർ 

കൂപ്പുകൈ നീട്ടുന്നു പ്രിയ സുതരും 

ദാവീദിൻ പട്ടണത്തിലാരവമായ് 

മാനവരാശിക്കിന്നാഘോഷമായ് 

 

 

Share :