Archives / july 2021

എം.കെ.ഹരികുമാർ
സുഗതകുമാരിയുടെ കവിത: കാവ്യാനുഭൂതിയുടെ പുരുഷാർത്ഥ മഴകൾ

രാത്രിമഴയോട് ഞാൻ
പറയട്ടെ ,നിൻ്റെ
ശോകാർദ്രമാം സംഗീത
മറിയുന്നു ഞാൻ; നിൻ്റെ
യലിവും അമർത്തുന്ന
രോഷവും ,ഇരുട്ടത്തു
വരവും, തനിച്ചുള്ള
തേങ്ങിക്കരച്ചിലും ,
പുലരിയെത്തുമ്പോൾ
മുഖം തുടച്ചുള്ള നിൻ
ചിരിയും തിടുക്കവും
നാട്യവും ഞാനറിയുന്നു " .
ഈ ശൈലിയിൽ സുഗതകുമാരിയുടെ ഗാഢമായ കാവ്യാനുഭൂതിയുണ്ട്.ഇന്ന് പലർക്കും ഈ അനുഭൂതിയുണ്ടോ എന്ന് സംശയമാണ് .കവികൾ രണ്ടു തരമുണ്ട് ;അനുഭൂതി ഉള്ളവരും ഇല്ലാത്തവരും. അനുഭൂതിയില്ലാത്തവർ എങ്ങനെ കവിതയെഴുതുമെന്ന് ചോദിച്ചേക്കാം. അത് കാലത്തിൻ്റെ  പൈശാചികമായ ഒരു രഹസ്യമാണ്. ഒരാൾ കവിത എഴുതാൻ സ്വയം തീരുമാനിക്കുകയും അത് പാടിപ്പുകഴ്ത്താൻ ഒരു വൃന്ദം ഉണ്ടാവുകയും ചെയ്യുമ്പോൾ കൃത്രിമ രചനകളുടെ ഒരു പ്രവാഹം തന്നെയുണ്ടാകും. എഴുതുന്നവർക്കോ , വായിക്കുന്നവർക്കോ  യാതൊരു വികാരവും തരാത്ത കവിതകളാണ് ഇപ്പോൾ കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. പലരും , ജീവിക്കാത്തതാണ് കവിതയായി എഴുതുന്നത്.

വൈകാരികതയുടെ വ്യൂഹം

എന്നാൽ സുഗതകുമാരി ജീവിച്ചതാണ് എഴുതിയത്.തന്നിൽ വർഷങ്ങളായി ഒളിപ്പിച്ചത് , അനുഭൂതിയിൽ താൻ സ്വയം തേടിയത്, തന്നെ മാത്രം അസ്വസ്ഥപ്പെടുത്തിയത്, വാക്ക് കിട്ടാതെ അലഞ്ഞപ്പോൾ സ്വയം ഒളിപ്പിച്ചത്, ഗതികിട്ടാതെ  കരഞ്ഞത്, വ്യാമോഹങ്ങളുടെ ഒടുവിൽ മറ്റാരുമറിയാതെ ഒളിച്ചത്  എന്നിവയെല്ലാം സുഗതകുമാരി എഴുതി. അതുകൊണ്ട് അതിൽ ആത്മാർത്ഥതയുണ്ട്. രാത്രിമഴയിൽ നിന്ന് പ്രചോദനം നേടാൻ ഇന്നത്തെ അഭ്യസ്തവിദ്യരായ കവികൾക്ക് കഴിയുമോ ?

കവിത വ്യക്തിപരമാണ്. അത് വൈയക്തിക പ്രലോഭനങ്ങളുടെയും പീഢകളുടെയും രഹസ്യ അറയാണ്. തൊട്ടാൽവാടി പോലെയാണ് കാവ്യഭാഷ. അങ്ങനെയാകണം .അതൊരു  സ്പന്ദമാണ്. അതിൽ ജീവിക്കുമ്പോഴാണ്, കണ്ണാടിയിൽ നോക്കി ഒരു പെൺകുട്ടി മുഖം മിനുക്കുന്ന വേളയിലെ ചിന്തകൾ പോലെ, വാക്കുകൾ വൈകാരിക വ്യൂഹമാകുന്നത്.

ഐന്ദിയതയുടെ ലാവണ്യപഥങ്ങൾ

സുഗതകുമാരി ഒരു ആഘോഷത്തിനു കുരവയ്ക്കും കെട്ടുകാഴ്ചയ്ക്കും  നിന്നില്ല .തന്നിലെ കവിതയെ ഇതുപോലെ പരിപാലിക്കാൻ എത്രപേർക്ക് കഴിയും? .വലിയ വില കൊടുത്ത് ഓണപ്പതിപ്പുകൾ വാങ്ങാൻ പാവപ്പെട്ടവർക്ക് കഴിയില്ല എന്നറിഞ്ഞപ്പോൾ ,അവർ പറഞ്ഞു, താനിനി അതിൽ എഴുതില്ല എന്ന്. നിശ്ചയദാർഢ്യവും ധീരതയുമായിരുന്നു അവർ പുലർത്തിയ നിഷ്ടകൾ .പരിസ്ഥിതി പ്രശ്നങ്ങളിൽ അവർ ഉയർത്തിപ്പിടിച്ച ആവേശം യുവതലമുറയുടെ മാർഗദർശനമാവുകയാണ്.പ്രതികരിക്കുന്ന മനോഭാവം ഒരു സൗന്ദര്യമായി വളർത്തിയെടുക്കാൻ പലർക്കും  പ്രചോദനമായി. പരിസ്ഥിതിബോധമുള്ള കവികൾ കുറഞ്ഞ കാലത്ത് അവർ അതിനായി പ്രത്യേക രാഷ്ട്രീയം  പുറത്തെടുക്കുകയായിരുന്നു. രാഷ്ട്രീയപാർട്ടികൾക്കും പ്രകൃതിയുടെ കാര്യത്തിൽ യാതൊരു നിലപാടുമില്ലായിരുന്നല്ലോ. പ്രകൃതിയുടെ നാശത്തിനെതിരെ പ്രതിഷേധിച്ചത് പലർക്കും പാഠമായി .പിന്നീട് കവികളും ആ വഴിക്ക് വന്നു.

" മരണശേഷം ഒരു പൂവും എൻ്റെ  ദേഹത്ത് വയ്ക്കരുത് .സർക്കാരിൻ്റെ  ഔദ്യോഗിക ബഹുമതിയും വേണ്ട.  മതപരമായ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനിൽക്കാതെ എത്രയും വേഗം ശാന്തികവാടത്തിൽ ദഹിപ്പിക്കണം" . ഇങ്ങനെ പറയുന്നതിലും സൗന്ദര്യമുണ്ട്. പ്രകൃതിയോടുള്ള ആദരവാണിത്.
സുഗതകുമാരിയുടെ കവിതയുടെ ആത്മാവാണ് ഇങ്ങനെ സംസാരിക്കുന്നത്. ഒരു കവിക്ക് എന്തിനാണ് ഇതുപോലുള്ള ചടങ്ങുകളെന്ന് അവർ ചിന്തിച്ചത് എത്ര സ്വാഭാവികമായാണ് ! .താൻ രചനകളിലൂടെ ഉയർത്തിയ ആകുലതകളും വിഷാദങ്ങളും തൻ്റേതാണെന്ന്,എങ്ങുനിന്നും വാടകയ്ക്കെടുത്തതല്ലെന്ന്  ഇതിനേക്കാൾ  നന്നായി  ധ്വനിപ്പിക്കാനാവില്ല .

കവിതയുടെ കാവ്യാത്മകത വരികളിലാണോ ? അങ്ങനെ വ്യാഖ്യാനിക്കുന്ന അധ്യാപകരും യാഥാസ്ഥിതിക വിമർശകരുമുണ്ട്. എന്നാൽ  ഞാനങ്ങനെയല്ല .കവിതയുടെ ലാവണ്യാനുഭൂതിയും മനുഷ്യൻ്റെ ഉണ്മയിലേക്കുള്ള നിരുപാധിക സഞ്ചാരവും വരികളെ മാത്രം ആശ്രയിച്ചല്ല; വാക്കുകളെയും അതിലംഘിക്കുന്ന ഒരിന്ദ്രിയം കവിതയെ പ്രകാശമായമാക്കുന്നു.  വാക്കുകൾ കവിതയെ അപേക്ഷികമാക്കുകയാണ് ചെയ്യുന്നത്. അതിൻ്റെ നിയതാർത്ഥം  കേവലയുക്തിയോ ഭാവനയോ മാത്രമാണ്. എന്നാൽ  കവിയുടെ അബോധത്തിൽ ഈ വാക്കുകളല്ല  ഉള്ളത് .അല്ലെങ്കിൽ അബോധത്തിലെ അവാച്യമായ തലങ്ങൾ  ആവിഷ്കരിക്കാൻ കവി തെരഞ്ഞെടുക്കുന്ന ബാഹ്യ ഉപകരണങ്ങൾ മാത്രമാണ് കവിതയിലെ വാക്കുകൾ.അത്  യാഥാർത്ഥ്യത്തിൻ്റെ നിഴലാണ്‌; യാഥാർത്ഥ്യമല്ല .കവിതയിലെ  അനുഭൂതി വാക്കുകൾക്കപ്പുറം മറ്റൊരു ദിശയിലേക്ക് ഒഴുകുകയാണ്.കവിയെ പ്രലോഭിപ്പിച്ചത് ആ അനുഭൂതിയാണ്‌; എന്നാൽ അത് കവിക്കു പോലും വ്യക്തമല്ല. വ്യക്തമായിരുന്നെങ്കിൽ  അത് അങ്ങനെതന്നെ എഴുതാമായിരുന്നു .അവ്യക്തമായത് പ്രകടമാക്കാൻ വേണ്ടിയാണ് എഴുതുന്നത്.എന്നാൽ അബോധത്തിലെ അവ്യക്തത വ്യക്തമാക്കാതെ അവശേഷിക്കുകയും ചെയ്യുന്നു. അതിലേക്ക് പ്രവേശിക്കാൻ അനുഭൂതിയുടെ പ്രതിച്ഛായകളെ  ആശ്രയിക്കാം. അതായത് ,ബിംബങ്ങളെയും പ്രതീകങ്ങളെയും അലങ്കാരങ്ങളെയും. അതാകട്ടെ ഒട്ടും ക്ലിപ്തമല്ല .അതുകൊണ്ടാണ് ഒരേ കവിതയ്ക്ക് പല വായനകൾ ഉണ്ടാകുന്നത്.  ഒരു കവിത നിശ്ചിതമായ അർത്ഥമോ അനുഭൂതി യോ  അല്ല. ഈ സമസ്യയാണ് വായനക്കാരൻ്റെ  പ്രശ്നം.

അനുഭൂതിയുടെ സഹസ്രപൂർണിമ

സുഗതകുമാരിയുടെ  'തുലാവർഷപ്പച്ച' അട്ടപ്പാടിയിൽ മഴപെയ്തതിൻ്റെ ആനുഭവികമായ സഹസ്രപൂർണിമയാണ്. വരൾച്ചയെ പരാജയപ്പെടുത്തും വിധം  മഴ കുത്തിയൊലിച്ചപ്പോൾ പ്രകൃതി ഉയിർത്തെഴുന്നേറ്റു.ഈ മാറ്റമൊരു  വൈകാരികസത്യമായി കവി മനസ്സിലാക്കുന്നു. അതിനെ വാക്കുകളിൽ ആവാഹിക്കുകയാണ്.

"കുളിരെയല്ലോ കാറ്റു
വീയുന്നൂ....വനമാല
മഴവില്ലുപോൽ മാറിൽ
ചായുന്നൂ ,കളിച്ചൊന്നു
മലതൻ ചുടുമാറിൽ
തൊടുന്നു, കരിമുകിൽ
വടിവാർന്നവൻ മിന്നൽ
ചന്ദനക്കുറി തൊട്ടോൻ
വിരലാലോടപ്പുല്ലു
തഴുകുന്നവൻ , ലോക
മിതുനാളോളം കണ്ട
രാഗികൾക്കെല്ലാം മുമ്പൻ !"

ഇത് ഒരു യുവതിയുടെ  ദീർഘമായ  കാത്തിരിപ്പിൻ്റെയും  പ്രണയ സാക്ഷാത്കാരത്തിൻ്റെയും കവിതയാണ് .വരണ്ട മനസ്സിലേക്ക് പെയ്യുന്നത് സ്നേഹാർദ്രമഴയാണ്; ഒറ്റപ്പെടലിൻ്റെ ചുട് ശമിക്കുന്നു . സമാഗമത്തിൻ്റെ  വസന്തം ലാസ്യഭാവത്തിൽ നില്ക്കുന്നു. ഇതാവർത്തിക്കും. മഴ ശമിച്ച്, അകന്ന്  വീണ്ടും വരൾച്ച വരും;അപ്പോൾ
"നാളെ വെയിലും പൊടിക്കാറ്റു മെത്തിടും, ചൂടാൻ കരി
മ്പാറയിൽ മുഖം ചേർത്തു
തളർന്നു വീണ്ടും ശുഷ്കം
മാറുമായി കണ്ണീർ വറ്റി...",
ഈ അവസ്ഥയിലെത്തും.

പെണ്ണിനു ആണു തന്നെ വേണം; തിരിച്ചും - ഉള്ളിലെ തീയണയ്ക്കാൻ .മനസ്സിൽ സ്നേഹമുള്ളവൾ ഒരു പുരുഷാർത്ഥ മഴയിൽ പൂക്കാൻ കൊതിക്കുന്നു.

Share :