Archives / july 2021

മാങ്ങാട് രത്‌നാകരൻ
ആറാം നമ്പറും പാരീസും ( വാക്കും വാപ്പയും  14 )

അഞ്ചു പതിറ്റാണ്ടു മുമ്പായിരുന്നു എന്റെ കുട്ടിക്കാലം. ബാല്യത്തിന്റെ മധുരസ്മൃതികളിൽ പ്രധാനപ്പെട്ട ഒന്ന് മധുരം തന്നെ, മിഠായി. ഞങ്ങൾ അത്യുത്തര കേരളീയർ മുട്ടായി എന്നാണ് പറയുക. ശരിയായ ഉച്ചാരണത്തിൽ, മ്ട്ടായി. എല്ലാവർക്കും തിരിയാൻ വേണ്ടി മിട്ടായി എന്നുപയോഗിക്കട്ടെ. 'പഞ്ചാരപ്പാലുമിട്ടായി...'' എന്നാണല്ലോ വയലാർ എഴുതി ഗാനഗന്ധർവ്വനും ഗാനകോകിലം പി.ലീലയും പാടിയ പേരുകേട്ട പാട്ട്.

അക്കാലത്തെ പ്രധാന മിട്ടായി, പല നിറങ്ങളിൽ കിട്ടുന്ന നാരങ്ങ മിട്ടായിയാണ്. നാരങ്ങയുടെ അല്ലിയുടെ രൂപമുള്ളതുകൊണ്ടാണ് ആ പേരു വന്നത്. നിറം പൊതുവേ മഞ്ഞയും ചുവപ്പും പച്ചയും. വായിലിട്ട് നുണയുന്തോറും മധുരം ഊറിവരും. പിന്നൊന്ന് പല്ലി മിട്ടായി. പല്ലിക്കാട്ടം പോലെ ചെറുത്, പരന്ന് ഉരുട്ടിയത്.

മറ്റൊന്നിന്റെ പേര് ആറാം നമ്പർ. ചതുരത്തിൽ, കാറ്റുനിറച്ചതുപോലെ ലേശം പൊങ്ങി, മധുരമുള്ള ഒന്ന്. ആ പേര് എങ്ങനെ വന്നു? മംഗലാപുരത്തുള്ള ഒരു കമ്പനിയുടെ ഉല്പന്നമാണെന്നാണ് ഓർമ്മ. അതിലെ ആറാമത്തേതാകുമോ? തുക്ക്ഡി എന്നും ഇതിനു പേരുണ്ട്.

സ്‌കൂൾ കാലമാകുമ്പോഴേക്കും അക്രൂട്ട് എന്നൊരു മിട്ടായിയുമായി കൂട്ടായി. റബ്ബർ മട്ടിലുള്ള നേർത്ത മധുരപദാർത്ഥം. ഒന്നാന്തരം രുചി. എത്രനേരവും നുണയാം.

ജീരകമിട്ടായി, ഇഞ്ചിമിട്ടായി, ആറാട്ട് മിട്ടായി, കോല് മിട്ടായി, കട്ടായി (തവിട്ടുനിറത്തിൽ വെല്ലവും മൈദയും ചേർത്തുണ്ടാക്കുന്നത്. കാരംസ് കരുപോലെയിരിക്കും) മൈസൂർ പാക്ക്, തരിപ്പു മിട്ടായി (അതെ, നാവിൽ തരിപ്പു പടർന്നു കയറും.) കടലമിട്ടായി, കട്ട്‌ലീസ് മിട്ടായി (ചതുരത്തിലുള്ള കട്ടയുടെ രൂപം. നിലക്കടലും വെല്ലവും ചേർത്തുണ്ടാക്കുന്നത്) എള്ളുണ്ട, പൊരിയുണ്ട, ചക്ലി (മുറുക്ക്, നുറുക്ക്) കാരഗെഡി (ഇത് ചെറിയ കോലുപോലെ, എരിവും കൂടിയുണ്ട്.) തെയ്യപ്പറമ്പുകളിൽ ബോംബെ മിട്ടായി കിട്ടും. നാവിലിട്ടാൽ അലിഞ്ഞലിഞ്ഞുപോകും. അതുകൊണ്ടുതന്നെ പഞ്ഞിമിട്ടായി എന്നും ഇതിനു പേരുണ്ട്.

പിന്നെപ്പിന്നെ ഈ മിട്ടായികളുടെ ഭിന്നഭിന്നമാം സ്വാദുകളൊക്കെ ഒരൊറ്റ മിട്ടായിയിലേക്ക് ഒതുങ്ങി. പാരീസ് മിട്ടായി. ചോക്ലേറ്റ് എന്ന കേമൻ പേരുമായി!

പാരീസ് നഗരത്തിന്റെ പേരാണെന്നാണ് ആദ്യം വിചാരിച്ചത്. അക്കാലത്തുതന്നെ നാട്ടിൽ പാരീസ് അന്യനാടായിരുന്നില്ല. എത്ര ഹോട്ടൽ ഡി പാരീസുകളിൽ നിന്ന് ചായയും പലഹാരവും കഴിച്ചിട്ടുണ്ട്! ഇത് ആ പാരീസ് അല്ല, പാരീ'സ് (Parry's) ആണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കമ്പനിയുടെ നൂറുകണക്കിന് ഉല്പന്നങ്ങളിൽ ഒന്നാണിതെന്ന് പിന്നീട് മനസ്സിലായി. മദ്രാസ് (ചെന്നൈ) ആണ് ആസ്ഥാനം. അതിന്റെ ഓഫീസും ഫാക്ടറിയും ഉള്ള സ്ഥലം ഇന്നും പാരീസ് എന്നറിയപ്പെടുന്നു. അത് മദ്രാസിലെ പ്രധാനകേന്ദ്രമാണ്. പ്രധാന ബസ്സ് സർവീസുകളെല്ലാം അവിടെനിന്നാണ് പുറപ്പെടുക.

പാരീസിനെക്കുറിച്ച് കേട്ട ഒരു തമാശ പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. ഒരു തമാശമിട്ടായി:

എന്റെ മദിരാശിക്കാലത്ത് പ്രിയപ്പെട്ട ഒരു ചങ്ങാതി വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥനാണ്. അവൻ പറഞ്ഞ കഥയാണ്. ഒരു ദിവസം ഒരു സായ്പ് വിമാനമിറങ്ങി. ഹിപ്പി വേഷക്കാരനായതിനാൽ, മയക്കുമരുന്നോ മറ്റോ ഉണ്ടോ എന്ന് കാര്യമായി പരിശോധിച്ചു. ഇല്ല. പോകാം, എന്നു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ സായ്പ് ചോദിച്ചു 'How can I go to Pondichery (പോണ്ടിച്ചേരിക്ക് എങ്ങനെയാണ് പോകേണ്ടത്?)

'Ok. you first go to Parry's and take a bus to Pondichery' (ആദ്യം പാരീസിൽ പോവുക, അവിടെ നിന്ന് പോണ്ടിച്ചേരിയിലേക്കുള്ള ബസ്സ് പിടിക്കുക.)

'Don't joke man. I'm coming from Paris' (തമാശ പറയരുതേ ചങ്ങാതീ, ഞാൻ പാരീസിൽ നിന്നാണ് വരുന്നത്.)

Share :