Archives / December 2020

സാഹോദര്യതുരുത്തുകൾ (ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ_ 13)

ശീവാങ്കി അപ്പോഴേക്കും സ്വപ്നനാടായ ഗൾഫ് രാജ്യങ്ങളിലൊന്നിൽ ജോലി നേടി കടൽ കടന്നുപോയിരുന്നു. അപ്പച്ചനോടൊപ്പം കായൽപ്പണിയും, പപ്പയുടെ ജോലി സമ്പാദനത്തിന് ശേഷം ചായകടയിലെ മേൽനോട്ടവും ശീവാങ്കിക്കായിരുന്നു. ആ സമയത്താണ് വിസ ശരിയായതും ശീവാങ്കി പോയതും. 

അപ്പച്ചിയ്ക്ക് കട സന്തോഷത്തോടെ അപ്പച്ചനും അമ്മച്ചിയും നൽകുകയായിരുന്നു. കാരണം അവരുടെ അധ്വാനത്തിന്റെ ഫലം ആർക്ക് എപ്പോൾ എങ്ങനെ നൽകണമെന്ന് അവർ തന്നെയാണ് തീരുമാനിക്കുന്നത്. മറ്റ് മക്കളോടെന്ന പോലെ പപ്പയോടും ആലോചിച്ച് തന്നെയാണ്നൽകിയതും. 

പക്ഷേ ശീവാങ്കിയുടെ മനസിൽ പപ്പയ്ക്ക് എതിരേ ദേഷ്യത്തിന്റെ വിഷം നിറച്ച് വയ്ക്കാൻ ആരുടെയോ വാക്കുകൾക്ക് കഴിഞ്ഞു. മുള്ളുള്ള കത്തുകൾ ഗൾഫിൽ നിന്നും വരാൻ തുടങ്ങി. അവധി വന്ന ശീവാങ്കിയുടെ കല്യാണവും മംഗളമായി നടന്നു.

പക്ഷേ ആരോ സൃഷ്ടിച്ച വെറുപ്പിന്റെ വിത്ത് വളരുകയായിരുന്നു.

വിള്ളലുകൾ വീഴാതെ ബന്ധങ്ങൾ കാത്തുസൂക്ഷിക്കേണ്ടത് മനുഷ്യജന്മത്തിന്റെ ആവശ്യകതയാണ്

ബന്ധങ്ങൾക്കിടയിൽ നിന്ന് ചോരയൂറ്റുന്നവർക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നതെന്ന് മനസിലാവുന്നില്ല

പുതിയ ആന്റി അക്കരെ വീട്ടിൽ നിറയെ ചെടികൾ നട്ടു. ഹാംഗിഗ് പ്ലാന്റ്സ് നിരന്നു. ശീവാങ്കി വീണ്ടും ഗൾഫിലേക്ക് പറന്നു

ആന്റിയുടെ വീട് കുറച്ച് അടുത്തായിരുന്നതിനാൽ ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും സ്വന്തം വീട്ടിൽ പോവുമായിരുന്നു. പോകുമ്പോഴൊക്കെ അവർ ഞങ്ങളുടെ വീട്ടിലും വരും. കൊച്ചുവർത്തമാനം പറഞ്ഞിരിക്കും. പോകും

ശീവാങ്കിയ്ക്ക് നേരേ ഇളയ ചിറ്റപ്പൻ പള്ളിലച്ചനാവാൻ സെമിനാരിയിൽ പഠിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം ആ മോഹം ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തി. അദ്ദേഹം കല്യാണം കഴിച്ചത് കല്ലട നിന്നായിരുന്നു. ബോട്ടിൽ കല്യാണചെക്കനൊപ്പം കല്ലടപള്ളിയിൽ കല്യാണം കൂടിയതും പുതിയ ആന്റിയെന്നെ കെട്ടിപിടിച്ചതും അന്ന് തന്നെ അക്കരെ വീട്ടിൽ നിന്ന് കുന്ന് കയറി പപ്പയും ഞങ്ങളും വീട്ടിലേയ്ക്ക് പോയതും ഇന്നും ഓർമ്മയിൽ തിളങ്ങുന്നു

കുറച്ച് നേരം കൂടി പുതിയ ആന്റിയ്ക്കൊപ്പം ഇരിക്കുവാൻ കഴിയാത്ത ആ പാവാടക്കാരി പെൺകുട്ടിയുടെ നഷ്ടബോധം , ഇന്നോർക്കുമ്പോൾ ചിരിയാണ് വരുന്നതെങ്കിലും അന്ന് എത്രയേറേ ചിറികോട്ടി കരഞ്ഞുകാണിച്ചുവെന്നും ആ കരച്ചിൽ എത്രത്തോളം അവഗണിക്കപ്പെട്ടുവന്നും അതിലുപരി തൊട്ടടുത്ത ദിവസംസർക്കാർഓഫീസിലെത്തേണ്ട ഒരു ശരാശരി ഉദ്യോഗസ്ഥന്റെയും വിറകടുപ്പിലൂതി അവന് ചോറ്പൊതിയൊരുക്കേണ്ട പാവം ഭാര്യയുടെയും നിസ്സഹായത എന്റെ ഉളള് പൊള്ളിക്കുന്നു.

കാലത്തോടൊപ്പം മാത്രം വളരുന്ന തിരിച്ചറിവിന്റെ വടവൃക്ഷങ്ങൾ. എത്ര അതിശയകരമാണ് മനുഷ്യജീവിതം എന്ന് ബോധ്യപ്പെടുത്തുന്നു.

ഇളയ അപ്പച്ചിക്കും കല്ലടയിലെ ആന്റിയ്ക്കും പെൺകുട്ടികൾ ജനിച്ചു. (ഒരാളിന്ന് കുവൈറ്റിൽ നഴ്സും മറ്റൊരാൾ കോളേജ്അധ്യാപികയുമാണ്.)

മദ്രാസിൽ താമസിച്ചിരുന്ന മൂത്തഅപ്പച്ചിയുംകുടുംബവും വല്ലപ്പോഴും നാട്ടിലെത്തും. ഒരിക്കൽ കുറച്ചുനാൾ അപ്പച്ചിയുടെ മകൾ ഞങ്ങളുടെ കൂടെ താമസിച്ചു പഠിച്ചു. അനിയനും അവളും ഒരേ ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. 

പിന്നീട് അവർ നാട്ടിൽ സ്ഥിരതാമസമായി. അക്കരെ വീടിന്റെ അടുത്തു തന്നെ അവർ വീടുവച്ചു. അങ്ങനെ ശ്രീനിലയം എന്ന് അറിയപ്പെട്ട പണത്തറവീടിന് സമീപത്ത് പണത്തറ പുത്തൻവീടിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നു

Share :