Archives / December 2020

   അനീഷ് ആശ്രാമം 
രായമ്മ അഥവാ രായമ്മ 

എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ അച്ഛൻ ഷേവ് ചെയ്ത് കളയുന്ന ബ്ലൈഡിന്റെ പ്രയോഗം മീശയിലും താടിയിലും നടത്തിക്കൊണ്ടേയിരുന്നു എന്തൊക്കെ പറഞ്ഞാലും ഞങ്ങളൊക്കെ എത്ര ശ്രമിച്ചിട്ടും നടക്കാത്ത കാര്യം, പ്രായത്തെക്കാൾ വേഗത്തിൽ അത്യാവശ്യം മീശയും താടിയും എല്ലാം തഴച്ചു വളർന്ന ഒരു പുരുഷ കേസരിയാണ് ഞങ്ങളുടെ കൂട്ടുകാരൻ രായമ്മ എന്ന രാജേഷ്. കുരുട്ടുകളായ ഞങ്ങളെ ചീത്തിയാക്കുന്നതിനെ ക്രെഡിറ്റ്‌ ആ മീശയും താടിയും രായമ്മയ്ക്ക് വാരിക്കോരി കൊടുത്തുകൊണ്ടേയിരുന്നു.

               എല്ലാവരുമായി വളരെ പെട്ടെന്ന് സൗഹൃദത്തിലാകുന്ന രാജേഷ് പോകുന്നിടത്തെല്ലാം ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. അറിയാവുന്ന ആരെ കണ്ടാലും രായമ്മ കൈ പൊക്കി കാണിക്കും. അതു പുള്ളിക്കാരന്റെ ഒരു ശൈലിയാണ്. കൈ പൊക്കി കാണിച്ചാണ് പുള്ളി സൗഹൃദം കൂടുന്നത്. ഞങ്ങളുടെ സങ്കേതത്തിൽ രാവിലെയും വൈകിട്ടും എല്ലാവരും ഒത്തു കൂടിയിരുന്നു. എല്ലാവരും എന്നു പറയുമ്പോൾ രായമ്മ, ചുള്ളൻ (വിനോദ്), ബിനു, പിന്നെ അനീഷ്‌. പതിനെട്ടു വയസ്സ് പ്രായത്തിൽ ചർച്ച ചെയ്യാവുന്ന ആഭാസ കാര്യങ്ങളെല്ലാം ഞങ്ങൾ ചർച്ച ചെയ്തു കൊണ്ടേയിരുന്നു. 

ആശ്രാമം വിഷു മഹോത്സവം നടക്കുന്ന സമയം,കുറച്ചു വായിനോട്ടം പിന്നെ രാത്രിയുള്ള ഗാനമേള. ഒരു ദിവസം രാവിലെ സങ്കേതത്തിൽ എല്ലാവരും ഒത്തു കൂടി. അന്നു രാത്രി ബിയർ എടുക്കുന്ന കാര്യത്തിൽ ഒരു തീരുമാനമായി. ടച്ചിങ്‌സ് പൊറോട്ട ഇറച്ചി ഹാ കുശാൽ.

                ചുള്ളന്റെ സൈക്കിളിൽ അനീഷും രായമ്മയും കയറി. ഏകദേശം രാത്രി 7 മണി സമയം. സിവിലിൽ ഉന്തീം തള്ളീം എല്ലാവരും ചേർന്നു പിരിവിട്ട പൈസക്കു 8 കുപ്പി ബിയർ എടുത്തു. 
ചുള്ളൻ : “ അളിയാ നമുക്ക് ടച്ചിങ്സ് പൊറോട്ടയും ബീഫും മേടിക്കണം. “

രായമ്മ : “ അനീഷേ, ബിനു എല്ലാവരും വാരിയിട്ടേ ഇങ്ങോട്ട് “
           
                 ഒടുവിൽ ഞെക്കിപിഴിഞ്ഞു ടച്ചിങ്‌സിനും കാശായി, അങ്ങനെ എല്ലാം ok.
                
 ഇതെല്ലാം വാങ്ങി വരുന്ന വഴിയിൽ വിവേകും ഞങ്ങളുടെ കൂടെ കൂടി.മാന്യമഹാമിത്രമാണ് വിവേക്. വലി, കുടി ഇതൊന്നുമില്ല. അതിനും കൂടി ചേർത്ത് വായിനോട്ടം. ബിയർ കുടിക്കാത്ത വിവേക് ഞങ്ങളുടെ കൂടെ കൂടിയതിന്റെ ലക്ഷ്യം വേറെയാണ്.പുള്ളിക്കാരന്റെ കണ്ണ് ഞങ്ങളുടെ പൊറോട്ടയിലുംഇറച്ചിയിലുമാണ്. ഞങ്ങൾ പരമാവധി ശ്രമിച്ചു നോക്കി ഒഴിഞ്ഞു പോകുന്ന ലക്ഷണമില്ല. ഒടുവിൽ ടച്ചിങ്‌സ് കവർ പിടിച്ചു സഹായിക്കാൻ വരെ വിവേക് തയ്യാറായി.

                ഒടുവിൽ തയ്യക്കട ജംഗ്ഷനിൽ എത്തി. ചുള്ളൻ വീട്ടിലേക്കു പോയി, ഗാനമേളക്ക് പോകണം എന്ന കള്ളം പറഞ്ഞിട്ടേ പുറത്തു ചാടാൻ പറ്റൂ. ബിയർ ഒളിച്ചു പുറകിൽ പിടിച്ചു രായമ്മ ജംഗ്ഷനിൽ ഒരു മതിലിനോട് ചേർന്ന് നിൽക്കുകയാണ്. പെട്ടെന്ന് മുരളി അണ്ണൻ (ചുള്ളന്റെ അച്ഛൻ ) ഒരു vespa scooteril മുമ്പിൽ വന്നു പെട്ടു.

                മുരളി അണ്ണനെ കണ്ടതും രായമ്മ കൈ പൊക്കി കാണിക്കാൻ ആഞ്ഞതും ബിയർ കുപ്പി രായമ്മയുടെ മുന്നിലേക്ക്‌ രണ്ടും ഒരുമിച്ചു നടന്നു. പെട്ടെന്ന് അതു രായമ്മ മറക്കാൻ ശ്രമിച്ചെങ്കിലും ഇതു കണ്ട മുരളിയണ്ണൻ “എന്താ രാജേഷേ “
രായമ്മ :”ഏയ്‌ വെറുതേ “
ആ പോക്കിൽ തന്നെ ചുള്ളന്റെ അന്നത്തെ ഗാനമേളയയുടെ കാര്യത്തിൽ തീരുമാനമായി. ചുള്ളന്റെ അപ്പൂപ്പൻ മരിച്ചപ്പോൾ പോലും ചുള്ളൻ ഇത്രയധികം വിഷമിച്ചിട്ടില്ല.

                 അങ്ങനെ ഒരാൾ ഒഴിവായതിൽ ഞങ്ങൾക്ക് ദുഃഖത്തെക്കാൾ ഏറെ സന്തോഷമായി. ബിയറാടിക്കാൻ ഒരാള് കുറഞ്ഞല്ലോ.ഒരു പരിവത്തിൽ ആരും കാണാതെ ഞങ്ങളുടെ  കാടുപ്പിടിച്ച സങ്കേതത്തിൽ എത്തി കൂരിരുട്ടാണ്, പക്ഷേ ചെറിയ ഒരു നിലാവുണ്ട്.

                 രായമ്മ അടപ്പ് കടിച്ചു പൊട്ടിക്കും, കുടി ആരംഭിച്ചു. ഞങ്ങളുടെ കുടിയുടെ വേഗതയുടെ ഇരട്ടി വേഗത്തിൽ വിവേക് പൊറോട്ട തിന്നാൻ തുടങ്ങി, ആക്രാന്തം മൂത്ത് തീറ്റിക്കിടയിൽ ബീഫ് കറിയുടെ ഇല പൊട്ടി മണ്ണിലാകെ പുരണ്ടു അതൊന്നും അറിയാതെ വിവേക് പൊറോട്ട തട്ടിവിട്ടു കൊണ്ടിരിക്കുകയാണ്. ബിനു വിവേകിന്റെ മുഖത്തേക്ക് നോക്കി വിവേക് വായിൽ മണ്ണ് കടിച്ചു ആകെ ഒരു ഇളിഭ്യത.
 വിവേക് : “ഓ മതി വയറു നിറഞ്ഞ്”
കാര്യം മനസ്സിലായ ബിനു : “എടാ അനീഷേ ഇവൻ മണ്ണിൽ മുക്കിയാടാ പൊറോട്ട തിന്നത് ദാ  ബീഫ് കറി പൊട്ടി മണ്ണിലായി “. 

എല്ലാവരും കുറച്ചു മണ്ണ് അകത്താക്കി വിവേക് കുറച്ചു കൂടുതൽ.
 രഹസ്യമായി ചെയ്തത് പിറ്റേദിവസം ഞങ്ങളുടെ എല്ലാ വീട്ടുകാരുമറിഞ്ഞു.

                 കുരുട്ടുകളെ ചീത്തയാക്കുന്നതിൽ രായമ്മേടെ താടിയും മീശയും പിന്നെ കയ്യും അങ്ങനെ തുടക്കമിട്ടു.

                                 

Share :