Archives / December 2020

വിനോദ് വി.ദേവ്
നെന്മണി

ഏതോ കൃഷീവലൻ നെയ്ത കനവിന്റെ,

വേർപ്പുനീർമുത്തായടർന്ന കവിത നീ.

ഏതോ കരിനിലം തന്റെ മൗനങ്ങളെ 

ഏഴഴകിൽപ്പെറ്റ സ്വർണ്ണക്കനലു നീ ..

മണ്ണിൽക്കിളിർത്ത നിധിയായ് കതിരിന്റെ

ചില്ലയിൽ കാറ്റത്തുലഞ്ഞ പൊൻപൂവായ്

ആദിപിതാമഹർചെയ്ത തപസ്സിന്റെ

തീയ്യറിവിൽപൂത്തൊരന്നമാണിന്നു നീ.

പച്ചവയലിൻ നെരിപ്പോടിനുള്ളിലെ

കാച്ചിയ പൊന്നായ് നീറിക്കിടന്നന്റെ

കണ്ണുതെളിച്ചു നീ പ്രാണന്റെചൈതന്യ -

ശംഖിലേക്കിത്തിരി കാറ്റായ് വന്നു നീ .. !

ഏതോ ഉഷസ്സിൽ കരിച്ചാലിൽ കർഷക

നേരിൻകവിതയായ് മണ്ണിൽ പുതഞ്ഞ നീ

സ്നേഹസൂര്യന്റെച്ചൂടേറ്റും നിലാവിന്റെ -

ജ്ഞാനക്കുളിരല വാരിപ്പുതച്ചുമാ-

ആറിൻകരങ്ങളിൽ നിന്നു തണ്ണീരിന്റെ 

പ്രേമക്കുടങ്ങളെ കോരിക്കുടിച്ചുമാ-

കർഷകപ്പാട്ടിന്റെ താരാട്ടിൻനാവേറിൽ

ആകാശംകണ്ടു മുളച്ചുന്തി നിന്ന നീ -

നെന്മണിയായന്റെ പ്രാണപാത്രങ്ങളിൽ

വെണ്മണിച്ചില്ലുപോൽ വീണുതെറിക്കവെ,

ഞാനറിയുന്നുണ്ട്., ഞാനാദിമണ്ണിന്റെ 

സ്പന്ദനംകൊണ്ട് വളർന്നു തുടുത്തവൻ ...

"അന്നമാം ബ്രഹ്മം " മുളയ്ക്കുന്ന മണ്ണിന്റെ

നന്മകൾകൊണ്ടു വളർന്നുതെഴുത്തവൻ.

 

 

Share :