Archives / December 2020

നീതു സഞ്ചു. 
കാമാത്തിപുരത്തെ ഒരു സ്ത്രീ വിലാപം

കോരിചൊരിയും പേമാരി പോ -
ലുറഞ്ഞു തുള്ളി വിറ തുള്ളി -
യിടി നാദമായ് നീയിന്നെന്റെ
ഗൃഹത്തിലും എത്തിയല്ലോ.
ഭയമില്ല നിന്നെയെനിക്കൊട്ടും -
ഞാൻ ആയിരമല്ല പതി -
നായിരങ്ങൾക്കിന്നൊറ്റ ശബ്ദം.
ലോകം മുഴുവൻ ഭീതിയിലാഴ്ത്തി നീ,
കൊറോണ.... നിന്നെയെനിക്ക്
ഭയമില്ലശേഷം.
കപടമീ ലോകത്തിന്നഴുക്കുചാലു -
കൽക്കിന്നെന്തേ സ്വന്തമാം ഗന്ധ -
വുമന്ന്യമായോ?
അതോയെൻ നാസദ്‌വാരങ്ങൾ
നിനക്കു വിലക്കേകിയോ?
ജീവിതഗന്ധിയാം മലീമസഗന്ധവും -
മുന്നിൽ വിളയാടിയ ഭീഭത്സ കാഴ്ചകൾ -
പച്ചയീ മാംസത്തെ മരവിപ്പിച്ചോർമ്മകൾ,
അഴിച്ചു വെക്കട്ടെയീ ജീവിതവേഷങ്ങൾ.
തളിരിട്ട ബാല്യവും -
കൈവിട്ട കൗമാരം കൊണ്ടിട്ട -
ചേരിയിൽ  കരിയുന്നെൻ യൗവ്വനം.
പൊലിയട്ടെയെല്ലാമിന്നീ നിദ്രയൊടെ.
നാളെ പ്രതീക്ഷതൻ പുതുനാമ്പു -
കളുമായി ഇനിയൊരു ജീവിത-
മെത്ര ദൂരം?

                   

Share :