Archives / july 2021

ലത രാം
സങ്കടങ്ങൾക്കുമേൽ വളർന്ന അമരവള്ളി

(സാറാ ജോസഫിന്റെ ആലാഹയുടെ പെണ്മക്കൾ എന്ന നോവൽ ആസ്വാദനം)

     

ഭാഷ എന്നത് വൈവിധ്യങ്ങളുടെ വലിയ സാധ്യതകൾ ആണല്ലോ. ഓരോ രാജ്യത്തിനും ജനതയ്ക്കും പ്രദേശത്തിനും ഭാഷകൾ ഉണ്ടായിരിക്കെ മലയാളത്തിലെ ഒരു പ്രാദേശിക ഭാഷയുടെ ആഴങ്ങളിലൂടെ ജീവിതത്തിന്റെ തീവ്ര ഭാവതലങ്ങളെ ചിത്രീകരിക്കുന്ന നോവലാണ് സാറാ ജോസഫിന്റെ ആലാഹയുടെ പെണ്മക്കൾ. കോക്കാഞ്ചറ എന്ന കൊച്ചു പ്രദേശത്തിലെ ജീവിത കാഴ്ചയും നാട്ടു ഭാഷയും സംസ്കൃതയും ചേർത്ത്  ജനതയുടെ ആവിഷ്‌കാരമാണ്‌ ഈ നോവല്‍. ക്രിസ്തീയ ജീവിതത്തിലെ സ്വാധീനവും കീഴാള ജീവിതത്തിന്റെ പ്രതിരോധവും നോവലിൽ കാണാം. അഴുക്കു പുരണ്ട ജീവിതത്തിലും തെളിച്ചമു ള്ള മനസ്സുകൾ ഉള്ള സ്ത്രീ കഥാപാത്രങ്ങളെ കാണാം. ഒപ്പം സാറാജോസഫിന്റെ മന്ത്രികാശക്തിയുള്ള ഭാഷയും ആഖ്യാനവും ഈ നോവലിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു.

ആനി എന്ന  എന്ന കേന്ദ്ര കഥാപാത്രത്തിലൂടെയാണ്‌ കോക്കാഞ്ചറ എന്ന പ്രദേശത്തിന്റെ ചരിത്രത്തിലേക്ക് ഇറങ്ങി നടക്കുന്നത്. അതിലൂടെ ആ പ്രദേശം നേരിടേണ്ടി വരുന്ന അവഹേളനത്തിന്റെ ഇരുണ്ട സത്യങ്ങൾ കൂടി വെളിപ്പെടുന്നു. അലഞ്ഞുനടക്കുന്ന തോട്ടികളുടേയും ഇറച്ചിവെട്ടുകാരുടേയും നാറുന്ന മണം പരത്തുന്ന ദേശമായ  കോക്കാഞ്ചറ എന്ന ദേശത്തിന്റെ പേരിൽ

ആനി താൻ പഠിക്കുന്ന ക്ലാസില്‍ കുട്ടികളുടെ മുന്നിൽ വെച്ച് പരിഹാസകഥാപാത്രമാകുന്നു.  

 സാസ്കാരിക നഗരിയായ 

തൃശ്ശൂരങ്ങാടിയുടെ അഴുക്കും വിസര്‍ജ്ജ്യവും നെഞ്ചിൽ പേറേണ്ടി വരുന്ന ഇടമാണ്  കോക്കാഞ്ചറ. ഒപ്പം നഗരം പുറന്തള്ളിയ കുറെ കുറെ മനുഷ്യരുടെയും ഇടമാണ്. സാഹചര്യമോ, സമൂഹമോ ദുഷിപ്പിച്ച മനുഷ്യ കൂട്ടങ്ങളും എത്തപ്പെടുന്ന ഇടം. 

അടിച്ചമർത്തപ്പെട്ടവരുടെ ആശ്വാസ ഇടം. 

പ്രാദേശിക ഭാഷ നോവലിൽ ചേർക്കുമ്പോൾ നോവലിസ്റ്റ് കാണിച്ചിട്ടുളള സൂക്ഷ്മത ശ്രദ്ധേയമാണ്.

അമ്മാമ്മയുടെ വാമൊഴി കഥാചരിത്രം പറയുന്നിടത്ത് നമുക്കത് വ്യക്തമാകും. 

"ആരീം പറഞ്ഞട്ട് കാര്യല്യ ക്ടാവേ. ഇദ് അങ്ങൻത്തെ ഒര് സലണ്. കണ്ടോടത്ത്ന്നൊക്കെ ആളില്യാത്ത ശവങ്ങളും, ചത്തതും, ഒക്യാ കൊണ്ടന്ന് ഇവിട്യാ തട്ടും. തല്ലിക്കൊന്ന പേപ്പട്ടീണ്ടാവും, തെണ്ടൻ തല്ലിച്ചത്ത പോത്തുണ്ടാവും. അതിന്റെ മീതയ്ക്ക് ചത്ത മനുഷ്യര്യാ വലിച്ചെറിയും. അതങ്ങാടാ കെടന്ന് ചീഞ്ഞട്ട് അഞ്ചുവെളക്കിന്റെവാട വര ശൂരടിക്കും. പേടിച്ചിട്ട് ഒര് മനിഷ്യൻ ഈ വഴിയ്ക്കാ നടക്കില്ല. നീയെന്തൂട്ടാ ക്ടാവേ പറയണേ?. അന്ന് ഗോസായിക്കുന്ന് കേറാൻ ഒറ്റയ്ക്ക് കേറാൻ ദയിര്യള്ള ഒരാങ്കുട്ടീല്യ തൃശൂരങ്ങാടീല്ന്ന്! അറിയോ?"  കോക്കാംഞ്ചിറയുടെ  ചരിത്രത്തിലേക്ക് അമ്മാമ്മ ഇറങ്ങുമ്പോൾ പ്രാദേശിക ഭാഷയും ഒപ്പം സമകാലിക സമകാലിക അവസ്‌ഥയും ചേർത്തു വായിക്കാൻ കഴിയുന്ന ഒരാഖ്യാന ശൈലിയിലൂടെയാണ് നോവൽ ആദ്യാവസാനം വരേ. മലയാളത്തിൽ അത്യപൂർവ്വമെന്ന്  വിശേഷിപ്പിക്കാവുന്ന ഭാഷയാണ് ഇത്. 

കോക്കാഞ്ചറയുടെ ഓരോ നിലവിളിയും വേദനയോടെ പറയുമ്പോളും പുറം ലോകത്തിനത് ഒരു ഇളക്കവും ഉണ്ടാക്കുന്നില്ല

കുഞ്ചൻ കമ്പോണ്ടർ തൂങ്ങിമരിച്ചപ്പോൾ കൊച്ചുമേറിയുടെ നിലവിളി കേട്ട് നട്ടുച്ചയ്ക്ക് കോക്കാഞ്ചറ നടുങ്ങുമ്പോൾ പ്രദേശത്തിന്റെ വേദന കൂടി വായിച്ചെടുക്കാനാകുന്നു.

ഓരോ കഥാപാത്രങ്ങൾക്കും വലിയ സാധ്യതകൾ ആണ് നോവലിൽ നൽകിയിരിക്കുന്നത്. സ്വാതന്ത്ര്യസമരസേനാനിയുടെ വീരം കെട്ടടങ്ങിയ മുഖമുള്ള ആനിയുടെ കുച്ചിപ്പാപ്പന്‍, അമ്മാമ്മ, കൊച്ചുമേറി, തൂങ്ങിച്ചത്ത കുഞ്ചൻ കമ്പോണ്ടർ, എമണ്ടൻ വാറു മുതലാളി ഇങ്ങനെ ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും അത്ര മാത്രം ഹൃദയത്തോട് തൊട്ടു നിൽക്കുന്നു. 

"നെഞ്ച് പറിഞ്ഞുപോരുന്ന ഒരു ചുമ ആനിയെ വിഷമിപ്പിച്ചു. മുട്ടുകളിന്മേൽ രണ്ടുകയ്യും കുത്തി കുനിഞ്ഞുനിന്ന് ആനി ചുമച്ചു. കൊച്ചുശക്തി മുഴുവനുമെടുത്ത് അവൾ ആഞ്ഞുതുപ്പി. ചോരയിൽ കൊഴുത്തുപോയ ഒരു കഫക്കട്ട"

മനസ്സിനെ ഉലയ്ക്കുന്ന ചോരയുടെ നിറമാണ് ആ കഫക്കട്ടയിൽ കാണാൻ ആകുക. 

നാഗരികതയുടെ നിന്ദ്യവേഗങ്ങളിലമർന്നുപോയ ഒരു ജനതയുടെ സ്ഥലവേരുകലും ഭാഷയും വീണ്ടെടുക്കുകയാണ് തന്റെ മാസ്മരിക തൂലികയാൽ ആലാഹയുടെ പെണ്മക്കൾ എന്ന നോവലിലൂടെ  സാറാ ജോസഫ് എന്ന എഴുത്തുകാരി.

Share :