Archives / july 2021

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
പാമ്പ്

വരിഞ്ഞു ചുറ്റുന്നു 

സിരകളിൽ വിഷം കുത്തി 

വലിഞ്ഞു മുറുകുന്നു

മരണത്തിൻ ഇരുൾനിറഞ്ഞ 

കണ്ണുകൾ പിടഞ്ഞ് 

കണ്ഠമിടറി കേഴുമ്പോൾ 

കയറിയ അതേ ലാഘവത്തിൽ 

ഇഴഞ്ഞിറങ്ങി നീങ്ങുന്നു 

വാത്സല്യം പെട്ടിട്ട

ബലിയാടുകൾ.... 

മുഖങ്ങൾ മാറുന്നു 

ഭാഷയും ദേശവും മാറുന്നു 

വിഷമൊന്നു തന്നെ 

 

സംരക്ഷണത്തിൻ മൂടുപടമണിഞ്ഞ 

പത്തികൾ തലയുയർത്തിതന്നെ 

ഊര് ചുറ്റുന്നു... 

 

ഇരകൾ മാളങ്ങളിൽ 

ചത്തൊടുങ്ങുന്നു 

പുറത്തേക്കുള്ള വാതിലുകൾ 

മഞ്ഞനൂലാൽ താഴിട്ടു പൂട്ടിയിരിക്കുന്നു 

 

മാളത്തിലെ മരണങ്ങൾ 

രാജാക്കന്മാരുടെ പൊതുസഭയിൽ 

യാദൃശ്ചികങ്ങൾ, സ്വാഭാവികങ്ങൾ

ആൺ മേൽക്കോയ്മയുടെ 

സംസ്കാരതിയറികളിൽ 

ഈ മരണങ്ങൾ 

വ്യക്തിപരമെന്നു  ചാപ്പകുത്തി 

തള്ളിക്കളയാം...... 

 

ഇരകൾ കൂടി കൂടി വരുന്നു 

ഹാഷ്ടാഗ്ഗുകളും.... 

ഏതോ പുസ്തക താളിൽ 

നീതി കിടന്നെരിഞ്ഞ് വേവുന്ന 

മണം കേൾക്കാം 

കത്തുന്ന 

 ഒരു പെണ്ണുടലിൻ മണം 

ലോകമറിയാതെ 

അതിൽ അലിഞ്ഞുതീരുന്നു.... 

 

നടുറോഡിൽ 

ഊഞ്ഞാൽ കയർ തൂങ്ങും 

മരക്കൊമ്പുകളിൽ 

കുടിലിൽ കൊട്ടാരത്തിൽ 

കൂകി പായും കംപാർട്മെന്റുകളിൽ 

ആദ്യാക്ഷരം നുകരും 

അറിവാലയത്തിൽ

ഭാവി സുരക്ഷയുടെ 

അന്യവീടുകളിൽ  

വിരൽ നീങ്ങും ചില്ലുകൂട്ടിനുള്ളിൽ 

പതിയിരിക്കും 

ചതിക്കുഴികൾ കുത്തിയ 

സമൂഹമാധ്യമങ്ങളിൽ..... 

പാമ്പുകൾ നിറയുന്നു 

എല്ലായിടത്തും 

പെണ്ണായ കുറ്റത്തിൻ 

ശിക്ഷയേകാൻ 

സർപ്പദോഷത്തിൻ തോലണിഞ്ഞ 

സദാചാരങ്ങൾ..... 

 

പാമ്പുകളെ 

നിങ്ങൾ എന്നോട് ക്ഷമിക്ക 

ഉള്ളിൽ വിഷവും

ചുണ്ടിൽ ചതിച്ചിരിയും നിറച്ച 

ഇരുകാലി ജന്തുക്കളോട് 

നിങ്ങളെയുപമിച്ച തെറ്റിന്..... 

 

നിന്നുടൽ വിഷത്തിന് 

വീര്യം കുറവോ? 

കടം ചോദിക്കാം 

ഇരുകാലി ഹൃത്തിൽ 

നിറഞ്ഞ വിഷമൊരല്പം.... 

 

 

Share :