Archives / july 2021

കുളക്കട പ്രസന്നൻ
പാചക വാതക വില സർവ്വത്ര കുഴപ്പം

പാചകവാതക വില രണ്ടാഴ്ചയ്ക്കിടയിൽ നൂറ് രൂപ കൂട്ടി. 14.2 കിലോ തൂക്കമുള്ള ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിൻ്റെ ഇപ്പോഴത്തെ വില 701 രൂപയാണ്. 19 കിലോ തൂക്കമുള്ള വാണിജ്യ സിലണ്ടറിന് 27 രൂപ കൂട്ടി 1319 രൂപയും. കൊവിഡ് ദുരിതത്തിൽ പ്രയാസപ്പെടുന്ന ജനങ്ങളെ ഞെക്കിപ്പിഴിയുകയാണ് എണ്ണക്കമ്പനികൾ. കടലിനും ചെകുത്താനുമിടയിലാണ് ജനങ്ങൾ എന്നു പറയുന്നതാവും കൂടുതൽ ശരി. 

രാത്രിയിലാണ് മോഷ്ടാക്കൾ അവരുടെ കലാപരിപാടി തുടങ്ങുന്നത്. അതുകൊണ്ടാണല്ലോ ആരോ പറഞ്ഞിട്ടുള്ളത് മോഷണം ഒരു കലയാണെന്ന്. അതിനു തുല്യമാണ് പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധിപ്പിക്കലും. കൊവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി മാനദണ്ഡങ്ങൾ നിലനിൽക്കെ ആ സന്ദർഭം ഉപയോഗിച്ച് പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വിലക്കൂട്ടുന്നു. 

നിത്യോപയോഗ സാധനങ്ങൾ കിട്ടാൻ ജനം ബുദ്ധിമുട്ടുന്നു. അതിൻ്റെ വില ക്രമാതീതമായി കൂടുന്നു. ഇതൊക്കെ കൊവിഡ് കാലത്ത് സംഭവിച്ചതാണ്. അതു കണക്കിലെടുക്കാതെയാണ് ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്നു പറയുന്നതു പോലെയുള്ള പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കൂട്ടൽ എന്ന് പറയാതെ നിവൃത്തിയില്ല.

വിദേശത്തുണ്ടായിരുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർ തൊഴിൽ നഷ്ടപ്പെട്ട് തിരികെ വന്നിരിക്കുന്നു. ഇന്ത്യയിൽ തന്നെ തൊഴിൽ നഷ്ടപ്പെട്ടവർ അനേകം. സാമ്പത്തികമില്ലാതെ ദരിദ്രരാകുന്നവരുടെ എണ്ണം പെരുകുന്നു . ഇതൊക്കെ തങ്ങൾക്കൊരു വിഷയം അല്ലെന്ന് എണ്ണക്കമ്പനികൾ കാണുന്നുണ്ടാവും. എന്നാൽ ജനാധിപത്യ സംവിധാനത്തിൽ അധികാരത്തിൽ വന്ന കേന്ദ്ര സർക്കാർ ഇതൊക്കെ കാണുകയും നിയന്ത്രിക്കുകയും വേണ്ടതുണ്ട്.

ഒരു വർഷം സബ്സിഡി ഇനത്തിൽ 12 സിലിണ്ടറാണ് ഗാർഹിക ഉപയോക്താവിന് നൽകുന്നത്. എന്നാൽ അഞ്ചു മാസമായി സബ്സിഡി ഇല്ല. ജനങ്ങളുടെ ദീനരോദനം കേൾക്കാത്ത ബധിര കർണ്ണങ്ങളായോ കേന്ദ്ര ഭരണകൂടത്തിൻ്റേത്.

പെട്രോളിയം ഉല്പന്നങ്ങളുടെ വില തുരുതുരെ കൂട്ടുന്നതിന് എണ്ണക്കമ്പനികൾ മുന്നോട്ടുവയ്ക്കുന്ന വാദം  തമാശ നിറഞ്ഞതാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യതകർച്ചയും അന്താരാഷ്ട്ര വില വർദ്ധനവും പെട്രോളിയം ഉല്പന്നങ്ങളുടെ വില കൂട്ടാൻ എണ്ണക്കമ്പനികൾ കാരണമായി പറയുമ്പോൾ 2008ൽ ക്രൂഡോയിൽ വില 150 ഡോളറിനു അടുത്തായിരുന്നപ്പോൾ പോലും ആഭ്യന്തര വിപണിയിൽ ഇന്ധനവില ഇപ്പോഴത്തെ വില നിലവാരത്തിനു താഴെ ആയിരുന്നു എന്ന് അറിയണം. എന്നു മാത്രമല്ല തുച്ഛമായ 3 ഡോളറിൻ്റെ വർദ്ധനവാണ് ആഭ്യന്തര വിപണയിൽ ഉണ്ടായത് - അപ്പോൾ വില കൂട്ടാൻ ഒരു കാരണം എണ്ണക്കമ്പനികൾ നിരത്തുന്നു എന്നു മാത്രം.

കേന്ദ്ര ഭരണ പാർട്ടികൾക്ക് ബീഹാറിൽ നടന്ന തെരഞ്ഞെടുപ്പിൽ എന്തേലും സഹായം എണ്ണക്കമ്പനികളിൽ നിന്നും ഉണ്ടായിട്ടുണ്ടാവും. അതിൻ്റെ പ്രത്യുപകാരമാണോ ബീഹാർ തെരഞ്ഞെടുപ്പിന് ശേഷം പെട്രോളിയം ഉല്പന്നങ്ങൾക്ക് വില കൂട്ടാൻ എണ്ണക്കമ്പനികളെ തടയിടാതെ യഥേഷ്ടം മുന്നോട്ട് വിട്ടിരിക്കുന്നത്.

ഇവിടെ മറ്റൊരു വിഷയം കൂടി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. കാർഷിക ബില്ലിനെതിരെ ഇന്ത്യയുടെ തലസ്ഥാനത്ത് വൻ പ്രക്ഷോഭം നടക്കുകയാണ്. ആ സമരത്തിൽ പങ്കെടുക്കുന്നവർ അവിടെ ഭക്ഷണം പാചകം ചെയ്ത് വിശപ്പടക്കുന്നു. അതിനു തടയിടുക എന്നതും വില വർദ്ധനവിനു പിന്നിൽ ലക്ഷ്യമുണ്ടോ ?

പാചകവാതകം കുറച്ച് വിറക് അടുപ്പ് വേണ്ടി വരുമോ ? അങ്ങനെ ചിന്തിച്ചാൽ വിറക് കിട്ടുക എന്നത് പ്രയാസമാണ്. കോർപ്പറേറ്റുകളും കേന്ദ്ര സർക്കാരും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ മത്സരിക്കുമ്പോൾ ജനങ്ങൾ ബദൽ മാർഗ്ഗം കണ്ടെത്തിയെ പറ്റു. അതിനൊരു വഴി എന്താണ് ?

കമൻ്റ്: നാൾക്കുനാൾ ജനങ്ങളെ പിഴിഞ്ഞു പിഴിഞ്ഞു കോർപ്പറേറ്റുകൾ കേമൻമാരാകുമ്പോൾ ജന്മിത്വവും കോളനി ഭരണവും തകർന്നത് എങ്ങനെ എന്ന വഴി ചരിത്രമാണ്. ആ ചരിത്രം ഉറക്കെ വായിക്കാൻ സമയമായി.

Share :