Archives / july 2021

വിവിധ വായനകള്‍...
'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്'

അസീം താന്നിമൂടിന്‍റെ പുതിയ സമാഹാരം'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്തി'ലെ കവിത  `ജലമര'ത്തെ മുന്‍  നിര്‍ത്തി നടന്ന വിവിധ വായനകള്‍...  


ഡോ.സി ആര്‍ പ്രസാദ്:

 അസീം താന്നിമൂടിന്റെ ജലമരം എന്ന കവിത ജീവിതം, സ്വാതന്ത്ര്യം, തടവ് എന്നിങ്ങനെ ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ട അനുഭവച്ചൂരുകളെ വിശകലനം ചെയ്യുന്നുണ്ട്. തടവിൽ നിന്നുള്ള മോചനം ഏതൊരു ജീവബിന്ദുവിന്റെയും ആഗ്രഹമാണ്. പരിണാമം എന്നതിന്റെ പ്രേരകശക്തിയും നിലവിലെ നിയന്ത്രണങ്ങളെ മറികടക്കാനുള്ള ആഗ്രഹമാണല്ലോ. കിണർ എന്ന പ്രതീകത്തെ മുൻനിർത്തിക്കൊണ്ട് അതിലേക്കുള്ള ഉറവ, കിണറിന്റെ താഴെനിന്നും മുകളിൽ നിന്നുമുള്ള കാഴ്ചകൾ, കാഴ്ചയുടെ ഭാഗമാകുന്ന വസ്തുക്കൾ, വ്യവസ്ഥകൾ, അതിനെ മറികടക്കാനുള്ള ശ്രമത്തിലുണ്ടാകുന്ന സൃഷ്ടി, സംഹാരം തുടങ്ങിയ ഒരു പാടുജീവിതചലനങ്ങൾ കവിതയുടെ ആഖ്യാനത്തിൽ വരുന്നുണ്ട്. പരിണാമത്തിന്റെ ഒരു ദശാസന്ധിയിൽ അമ്പരപ്പോടെ നിൽക്കേണ്ടി വരുന്ന ഇന്നത്തെ മനുഷ്യന്റെ പ്രവൃത്തിചരിത്രത്തെയും അതിലൂടെ നേടിയജയത്തെയും അതിനുണ്ടാകുന്ന പിന്നോട്ടടികളെയും എല്ലാം വായനാപരിസരത്തിലെത്തിക്കാൻ അസീമിനു കഴിയുന്നുണ്ട്.

ദൂരൂഹജീവിതം മടുത്തൊരുജല-

ത്തുടിപ്പു ചെന്നൊരു കിണറ്റിലൂറുന്നു.

………………………………………………………..

തെളിച്ചമോടതിൻ പളുങ്കുഭാവന

പുളയ്ക്കവെയതാ വിദൂരവാനിട-

പ്പരപ്പും ഭൂതലക്കിളിർപ്പുമാശ്ചര്യ-

ഭരിതമോടെവന്നതിനെ നോക്കുന്നു.

……………………………………………………….

മുടങ്ങിടാതിടയ്ക്കിണങ്ങുവാനെത്തി-

യിരുന്നവരെങ്ങെ,ന്നുയർന്നു നോക്കുന്നു: 

നിയതമാം വൃത്തം നിശ്ശൂന്യതമാത്രം.

മുകളിൽ നിന്നും താഴെനിന്നുമുള്ള ഈ കാഴ്ചകൾ യഥാർത്ഥത്തിൽ ജീവിതത്തിന്റെ ജനനം മരണം എന്നീ രണ്ടവസ്ഥകളിൽ നിന്നുള്ള നോട്ടം തന്നെയാണ്. കവിതയിൽ ഈ രണ്ടവസ്ഥകളെക്കുറിച്ചുമുള്ള സൂചന വരുന്നു എന്നതാണ് ഇത്തരമൊരു നിഗമനത്തിനുള്ള സാധ്യത നൽകുന്നത്. പദങ്ങളുടെ ഇണക്കവും അതുണ്ടാക്കുന്ന ആശയതലും അസീമിന്റെ കവിതയെ നല്ല വായനാനുഭവമാക്കുന്നുണ്ട്.


2.ഗൂഢസംഘത്തില്‍ പ്രവീണ്‍ രാജ് 

ജലമരം വായിച്ചത്...സന്തോഷം പ്രവീണ്‍ രാജ്..♥


ജലമരം: പ്രതിഭയുടെ കാവ്യഭാവന

കൊറോണ നൽകുന്ന ഏകാന്തതയെ തങ്ങളുടെ സർഗ്ഗാത്മകത കൊണ്ട് മറികടക്കാൻ ശ്രമിക്കുകയാണ് എഴുത്തുകാർ. അവരിൽ ചിലർക്ക് ഏകാന്തത ഇഷ്ടമായിരുന്നു. പരമ സ്വാതന്ത്ര്യത്തിന്റെയിടയിൽ തങ്ങൾ കൊതിച്ചിരുന്ന ഒന്നാണ് ഏകാന്തതയെന്ന് അവർ തിരിച്ചറിയുന്നു. ഏകാന്തതയിലെ ഏകാന്തതയാണിന്നനുഭവിക്കുന്നത്. “വ്യഥ പോൽ അറിവോതിടുന്ന സദ്ഗുരു” വേറെയില്ലെന്നു കുമാരനാശാൻ. ഏകാന്തതയിൽ മികച്ച കൃതികൾ ഉണ്ടാകുമെന്നും അവയ്ക്ക് അവാർഡുകൾ കിട്ടുമെന്നും എം. മുകുന്ദൻ.

സ്വയം വിധിച്ച ഏകാന്തതയിൽ ഉന്മാദിയായി മാറിയ എഴുത്തുകാരായിരുന്നല്ലോ ആധുനികതാവാദക്കാരിൽ ചിലർ. ഇന്നവർ സ്വാതന്ത്ര്യത്തെയാകാം സ്വപ്നം കാണുന്നത്. മുണ്ടും മടക്കികുത്തി തങ്ങളുടെ തെരുവിലൂടെ അലയാൻ കൊതിക്കുന്നവർ.

ചില എഴുത്തുകാർ ഈ കാലത്തെയോർത്ത് വിഷാദിക്കുന്നു. വിഷാദത്തെ തങ്ങളുടെ യോഗമായി വിധിയായി കരുതുന്നു. തൃക്കോവിലിലെ നിലവിളക്ക് കെടുന്നതായി സങ്കൽപ്പിക്കുന്നു. ഒരു കോവിലിലും പ്രവേശനം കിട്ടാതിരുന്ന ഒരു ജനത അധ്വാനിക്കുന്നു. ആ വിയർപ്പിന്റെ ഉപ്പ് തിന്നുകൊണ്ട് ചിലർ കവിതയുടെ സുഖശീതളിമയിൽ മുഴുകുന്നു.

എന്നാൽ അസീം താന്നിമൂട് ഭാവനയുടെയും യാഥാർത്ഥ്യത്തിന്റെയും ചൂണ്ട കൊണ്ട് കവിതയുടെ ആഴമളക്കുന്നു. കൂടുതൽ തീവ്രമായ അനുഭവമാക്കി കവിതയെ മാറ്റുന്നു. ‘ജലമരം’ എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മേയ് 3 ) പ്രതിഭയുടെ കാവ്യഭാവനയാണ്.

ഡോ.സി. ആർ. പ്രസാദ് തന്റെ ‘വാരത്തെളിമ’യിൽ (ഫേസ്ബുക് പംക്തി) കവിതയെക്കുറിച്ച് എഴുതിയ കുറിപ്പാണ് ആദ്യം കണ്ടത്. പിന്നീടാണ് കവിത വായിച്ചത്. ജീവിതത്തിന്റെ ചരിത്രത്തെ ഒരു ജലത്തുള്ളിയിൽ ഒരു വിത്തിന്റെ ആഴത്തിൽ കവി ഒളിപ്പിക്കുന്നു. മണ്ണിന്റെ ആഴങ്ങളിൽ ദുരൂഹജീവിതം നയിച്ച ജലം ഒരു കിണറ്റിൽ ഊറുന്നു. കിണറിന്റെ ചുറ്റുവട്ടത്തിൽ അത് അസ്വസ്ഥപ്പെടുന്നു. മുകളിൽ തൊടിയിലെ മരച്ചില്ലകളും ആകാശവും അതിനെ നോക്കുന്നു. അതിൽപ്രതിബിംബിക്കുന്നു.

പെട്ടെന്ന് ആ സ്ഥിരക്കാഴ്ചകൾ ഇല്ലാതാകുന്നു. കിണർ വട്ടം മാത്രം. ശൂന്യത മാത്രം. കാഴ്ച പരിമിതമാകുന്നു. ജലം ചുറ്റിനും പടരുന്നു. മണ്ണിലാഴ്ന്ന ഒരു വിത്തിനെ നനയ്ക്കുന്നു. വിത്തിന്റെ ആഗ്രഹത്തിനൊപ്പം ജലവും സഞ്ചരിക്കുന്നു. മണ്ണിനടിയിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവിലേക്ക് വിത്ത് മരമായി മാറുന്നു.

ജലമനസ് വളർന്നുപൊങ്ങുന്ന വിത്തിനൊപ്പം കുതിക്കുന്നു. തന്റെ അംശം ആ മരത്തിലുമുണ്ടെന്ന സന്തോഷം. വളർന്നു വികസിച്ച് ശാഖകൾ വിടർത്തിയ മരത്തിൽ നിന്ന് ധാരാളം വിത്തുകൾ പൊഴിയും. അതിനെയെല്ലാം മരമാക്കി മാറ്റാൻ ജലത്തിന് കഴിയും. എന്നാൽ ചില്ലകൾ നീട്ടി ജലത്തെ നോക്കി നിന്ന ആ മരം, ആ ദൃശ്യം കവിയുടെ മനം കലങ്ങി അഴിഞ്ഞു പോകുന്നു. കവി കണ്ട കാഴ്ച കവിതയായി ഊർന്നിറങ്ങുന്നു.

ചരിത്രം മനുഷ്യനെ മാറ്റുന്നില്ലല്ലോ എന്ന ദുഃഖം നിരാശാബോധം കവിയുടെ അബോധത്തിലുണ്ട്. വായനക്കാരുടെ ഭാവനയെ ഉണർത്തുന്ന കവിതയാണിത്. പലവിധ വ്യാഖ്യാനങ്ങളിലേക്ക് സഞ്ചരിക്കാവുന്ന ബഹുശാഖിയായ മരം പോലെ, പല കാലങ്ങളിലേക്ക് പടരുന്ന ജലം പോലെ ഒരു ‘ജലമരം’ നമ്മുടെ ഉള്ളിലും വളരുന്നു. വിത്തിനെ കാവ്യബീജമായി സങ്കൽപ്പിച്ചാൽ കവി ഭാവനയാകുന്ന ജലത്താൽ വളരുന്ന ജലമരമാണ് ( ഭാവനാരൂപമാണ് ) കവിത.

അസ്വാതന്ത്ര്യത്തിന്റെ ബന്ധനമനുഭവിക്കുന്ന ജലത്തിന് സ്വാതന്ത്ര്യത്തിന്റെ സഫലത നൽകുന്നത് മരമാണ്. ബന്ധനത്തിലായ നമുക്ക് കവിത സ്വാതന്ത്ര്യത്തിന്റെ വൻമരമാണ്. കവി പ്രതിഭയ്ക്ക് നന്ദി.

3.കവിതയിലെ ജലമരം..

സുരേന്ദ്രന്‍ കാടങ്കോട്

ജലത്തിനും ജീവനുമിടയ്ക്കുള്ള ജലത്തിന്റെ നിശബ്ദ സഹന വിചാരങ്ങളെ എങ്ങനെ സംവേദിപ്പിക്കാനാവും? ജലത്തിന്റെ പളുങ്കുഭാവനയെ, പരന്നൊഴുകാൻ തുളുമ്പുന്ന അതിന്റെ ഹൃത്തിനെ കവിതയിൽ എങ്ങനെ നനച്ചുവളർത്താനാവും? അസിം താന്നിമൂടിന്റെ 'ജലമരം' ഇവിടെ ഉത്തരമായേക്കും.

   എല്ലാ തുള്ളികളും വേരുകൾക്ക് രക്തമാകുന്നില്ലെന്ന് കവി മറ്റൊരു കവിതയിൽ പറയുന്നുണ്ട്. എന്നാൽ വേരുകൾക്ക് രക്തമാകുന്ന ഒരു തുള്ളിയുടെ ആത്മസംഘർഷഹർഷങ്ങളുടെ പി.എച്ച് അളവറ്റതാണെന്ന് കവിത വായിപ്പിക്കുന്നു.മേഘപടലങ്ങളിലെ അജ്ഞാതവാസത്തിനും മണ്ണിലാഴ്ന്ന 'ദുരൂഹ ജീവിത 'ത്തിനുമൊടുവിൽ കിണറ്റിലൂറിയെത്തുന്ന ജലത്തുടിപ്പ് തടവറയിലെ നിസഹായതയിലും പരിമിതിയെ മറികടന്ന് കർമ്മനിയോഗത്തിന്റെ അനിവാര്യതയെ പുൽകുകയും പ്രതീക്ഷയുടെ വിത്തുതുള്ളികളെ വർഷിക്കുകയും ചെയ്യുന്നു.

   കിണറിലെ ഇരുണ്ട ജീവിതം വെറുത്തു തുടങ്ങുമ്പോഴാണ് തൊടിയിലെ ആഴത്തിൽ ഒരു വിത്ത് കാണുന്നത്.കിളിർത്തുവരാൻ മിടിക്കുന്ന അതിന് നനവേറെ നൽകി തന്റെ സ്വാതന്ത്ര്യത്തെ അത് പ്രാപിക്കുന്നു.മരം ഉടൽ വളർന്ന് കിണർ കടക്കുമ്പോൾ തന്റെ പരിമിതിയെ ജലം പൊട്ടിച്ചു തകർക്കുന്നു.ഹൃദയം ബിംബിച്ച പ്രതീതിയിൽ ജലം മരത്തെ നെഞ്ചേറ്റുന്ന കാവ്യസ്ഫടികം എത്ര സുന്ദരം! കിണർ(ജലം) തന്റെ താഴ്ചയെ മരത്തിന്റെ ഉയരംകൊണ്ട് മറികടക്കുന്ന കാഴ്ച പക്ഷെ, പൊടുന്നനെ കടപുഴകി വീഴുന്നു.

   ഇരുണ്ട വൃത്തത്തിലെ അപാരതയ്ക്ക് അഴകു നൽകുന്ന ജലം ആന്തലിലും ജീവനെ പുലർത്തുക എന്ന കർമത്തിൽ മുഴുകിക്കൊണ്ടേയിരിക്കുന്നു.കിണർ,മരം എന്നിവയിലൂടെ ഇത്തിരി'വട്ട'ത്തിലുള്ള നമ്മുടെ ജീവിതത്തിലെ ഇരുട്ട് -വെട്ടം, ബന്ധനം - സ്വാതന്ത്ര്യം,ഇറക്കം -കയറ്റം, വിരസത - വിയർപ്പ് എന്നീ അവസ്ഥാമാറ്റങ്ങളെ കവിത ഖരീഭവിപ്പിക്കുന്നു.

4.സിജി സനില്‍:

വൃത്തം കവിതയ്ക്ക് ബാദ്ധ്യതയോ? കവിതയും പദ്യവും തമ്മിലെന്ത്? കവിത കേൾക്കാനുള്ളതോ വായിക്കാനുള്ളതോ? മനുഷ്യകുലം നിലനിൽക്കും വരെ വാഗ്വാദം നടത്താൻ പറ്റിയ വിഷയങ്ങൾ തന്നെ.

രണ്ട് ദിവസമായി ഈ കവിത ഞാൻ വായിച്ചതും കേട്ടതും എത്ര എന്ന് കണക്കില്ല. വീണ്ടും നന്ദി ലോക്ക്ഡൗണേ. :D 

സമയം കിട്ടുമ്പോൾ ഈ കവിത/പദ്യം  കേൾക്കണേ കവിയുടെ ശബ്ദത്തിൽ. (ലിങ്ക് താഴെ) അതുപോലെ എന്റെ ഈ ചെറിയ വായനയും.

ജലമരം / അസീം താന്നിമൂട് / മാതൃഭൂമി

വൃത്തനിബദ്ധമല്ലാത്ത കവിതകളുടെ പെരുമഴക്കാലം. ഫ്രീയായ് പതിച്ചുകിട്ടും സ്സൈബർ ഇടങ്ങളിൽ എല്ലാവരും കവിത എഴുതുന്ന കാലം... പ്രണയ നഷ്ടങ്ങളും ഗൃഹാതുര സ്മരണ കളും പ്രത്യേക അളവിൽ കൂട്ടിക്കുഴച്ചാൽ കിട്ടുന്ന നൈമിഷികമായ അനുഭൂതി കൾക്ക് അപ്പുറം കടക്കുന്ന കവിത കൾ അപൂർവം.. 

മാതൃഭൂമി യുടെ കവിത മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ഇല്ലാതെ പോയത് എന്തു കൊണ്ടെന്നെ ചിന്ത ഇതിനോട് ചേർത്ത് വായിക്കാം..  

 അസീം താന്നിമൂടിന്റെ ജലമരം മേല്പറഞ്ഞ ആകുലതകൾക്ക് ഒരു ആശ്വാസം ആണ്.. 

നിഗൂഡ ഗഹനമായ കാവ്യ വ്യക്തി ത്വത്തിന്റെ സങ്കീർണതകൾ കവിത ആവിഷ്കരിക്കുന്നു. ആഴ്ചപ്പതിപ്പിൽ തന്നെ പ്രസിദ്ധീകരിച്ച മറ്റു കവിതകളിൽ നിന്ന് പ്രമേയത്തിലും ആവിഷ്കാരത്തിലും വേറിട്ടു നിൽക്കുന്നു ജലമരം.

  ഒറ്റ വായനയിൽ തന്നെ വായനക്കാരുടെയുള്ളിൽ ഓളങ്ങൾ ഉണ്ടാക്കുന്ന ജൈവികമായ പശ്ചാത്തലം.. വിഷാദഭരിതമായ ഈണത്തിൽ വാർന്നു വീണ ഗഹനമായ കാവ്യാനുഭവം.. ജലം, മരം, കിണർ എന്നീ കല്പന കളിൽ പടർന്നു കേറുന്ന കാവ്യ ഭാവന...   സർഗ്ഗസങ്കീർണമായ കവിമനസ്സിന്റെ ആവിഷ്കാര വ്യഥയായി ഒരുവായനയിൽ.  വ്യക്തിജീവിതവും കവിവ്യക്തിത്വവും തമ്മിലുള്ള ആത്മസംഘർഷമായി വേറെ വായനയിൽ.. 

ഭൗതികജീവിതത്തിന്റെ ബന്ധനത്തിൽ നിന്ന് പരന്നൊഴുകാൻ ശ്രമിക്കുന്ന സർഗ്ഗ ചേതന.. സർഗ്ഗാത്മകതയാൽ സങ്കീർണ മായിപ്പോയ മനസ്സിന്റെ വിങ്ങലും നിശബ്ദമായ തേങ്ങലുമാണ് ഈ കവിത..  

ഭൗതിക ജീവിതത്തിന്റെ പരിമിതികളാകുന്ന

കിണറിന്റെ ഇരുണ്ട വൃത്തത്തിൽ നിന്ന് തുളുമ്പി പരക്കാൻ കൊതിക്കുന്ന  കവിതയുടെ നിറവ്... അതിന് ജലത്തിന്റ നനവും ജൈവികതയും. വിദൂര വാനിട പരപ്പും ഭൂതകാല കിളിർപ്പും ആശ്ചര്യ ഭരിതരായി കവി ഭാവന യെ /  കവി സ്വത്വ ത്തെ ഉന്മിഷിതമാക്കുന്നു... സർഗ്ഗാത്മകത യെ ജൈവിക മായ പരിസരങ്ങളിലൂടെ വ്യഞ്ജിപ്പിക്കുകയാണ് കവി.

ജീവിതം,പ്രണയം, കവിത 

_______ബിന്ദു ടി എസ്


ജലത്തുടിപ്പുകള്‍...തുളുമ്പുവാനും പരന്നൊഴുകാനുമുള്ളതാണ്.പക്ഷേ, ബന്ധനങ്ങള്‍ ബന്ധങ്ങളാണ്.അതിളകരുതല്ലോ...

എങ്കിലും ആഴത്തിലവന്റെ പളുങ്കുഭാവന പുളയ്ക്കവെ ..  കിളിര്‍പ്പും , പരപ്പും  .എന്നാല്‍ ചിലതില്‍ മുഴുകിയും ചിലതു പകര്‍ത്തിയും ചെടിച്ചുപോകുന്നു...നിയതമായ ഒരു വൃത്തത്തിനുള്ളിലെ കാഴ്ചകള്‍ മടുപ്പുണ്ടാക്കും.

ഉള്ളിലെ നനവുള്ള ആഴത്തില്‍നിന്നും വീണ്ടുമവനൊരു വിത്ത് കണ്ടെടുക്കുന്നു.അതിനു തളിരിടാനും കിളിര്‍ത്തുയരാനും നനവായ് മാറുന്നു.ഹൃദയം തുളുമ്പിനില്‍ക്കുന്നു....വീണ്ടും വീണ്ടും വിത്തുകളങ്ങനെ ..തുടിപ്പുകളങ്ങനെ..  ഭാവനകളങ്ങനെ നനഞ്ഞുണരുന്നു.ജലമരമങ്ങനെ വളര്‍ന്നുകുതിക്കുന്നു....പിന്നെ ....വീണലിഞ്ഞുപോകുന്നു. വീണ്ടും കിളിര്‍ത്തുയരാന്‍!


 

Share :