മൂക്കിൻ തുമ്പത്തെ വൈഢ്യൂര്യ കല്ലുകൾ
അത്ര നിസ്സാരമല്ലാത്ത ഒരു വലിയ സന്തോഷം... എന്റെ സൗഹൃദങ്ങൾക്ക് ,പ്രത്യേകിച്ച് പെൺ സൗഹൃദങ്ങൾക്കായി.......
മൂക്കിൽ ഒരു തരി പൊന്ന്. മൂക്കുത്തിയോടുള്ള പ്രണയം വളരെ ചെറുപ്പത്തിലേ തുടങ്ങി.ഉമ്മിച്ചിയുടെ കൂടെ ജോലി ചെയ്യുന്ന ലളിതാംബാൾ എന്ന പേരുള്ള പാട്ട് ടീച്ചറാണ് മൂക്കുത്തി പ്രണയം എന്നിൽ വളർത്താൻ കാരണക്കാരിയായത്. ടീച്ചറുടെ മൂക്കിന്റെ ഇരുവശത്തും വെള്ളക്കല്ലുകൾ പതിപ്പിച്ച മൂക്കുത്തിയുണ്ടായിരുന്നു. ടീച്ചറെ കാണുമ്പോഴെല്ലാം ആ മുഖത്തിരുന്ന് മൂക്കുത്തികൾ എന്നെ കൊതിപ്പിച്ചു.
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കൂട്ടുകാരി ഒരു ദിവസം മൂക്കുത്തിയിട്ട് എത്തിയപ്പോൾ കൊതി സഹിക്കാൻ വയ്യാതായി. അന്ന് മുതൽ വീട്ടിൽ മൂക്കുത്തിയിട്ട് തരാൻ പറഞ്ഞ് യുദ്ധം തുടങ്ങി . മഞ്ഞുതുള്ളി പോലൊന്ന് മൂക്കിൻ തുമ്പിൽ കാണാൻ ആഗ്രഹം അടക്കാനാവാതെ വെള്ളക്കല്ലുകൾ വാങ്ങി ഒട്ടിച്ച്നോക്കും. കണ്ണാടിയിൽ നോക്കി ചാഞ്ഞും ചരിഞ്ഞും അതിന്റെ ഭംഗി ആസ്വദിക്കും. ശല്യം സഹിക്കാനാവാതെ പത്താം ക്ലാസ്സ് കഴിയുമ്പോൾ കുത്തിതരാമെന്ന് പറഞ്ഞെങ്കിലും വെള്ളത്തിൽ വരച്ച വരപോലെ അത് പാലിക്കപ്പെടാതെ പോയി.
പ്രീഡിഗ്രി പരീക്ഷയ്ക്ക് രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് എനിക്ക് അപ്പന്റിസൈറ്റിസ് സർജറി നടക്കുന്നത്. പരീക്ഷ എഴുതാൻ പറ്റില്ലെന്ന് എല്ലാവരും കരുതി. ഓപ്പൺ സർജറിയായതുകൊണ്ട് നല്ല വിശ്രമവും വേണം. നാക്കിനൊഴിച്ച് ശരീരത്തിൽ ഒന്നും ആരോഗ്യത്തോടെ ഇല്ല.പരീക്ഷയ്ക്ക് മൂന്ന് ദിവസം ബാക്കിയുള്ളപ്പോഴാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്. മറ്റുള്ളവർക്കൊപ്പം എത്താനാകാതെ പിന്നിലാകുന്നത് ഓർത്തപ്പോൾ ഡോക്ടർ യാത്ര വിലക്കിയിട്ടും ഞാൻ പരീക്ഷ എഴുതാൻ തയ്യാറായി.കൂട്ടുകാരി മിനിയും അച്ഛനും വാപ്പിച്ചിയും കൂടി തട്ടാതെ മുട്ടാതെ അനക്കാതെ കാറിൽകയറ്റി കോളേജിൽ എത്തിക്കും. ഒരു തരത്തിൽ പരീക്ഷയെഴുതി. പഠിക്കാനുള്ള കുറെസമയം ആശുപത്രി വാസത്തിൽ പോയി. അതു കൊണ്ട് തന്നെ ആർക്കും പാസ്സാകുമെന്ന് പോലും പ്രതീക്ഷയില്ല. എങ്കിലും ഉമ്മിച്ചി സത്യം ചെയ്ത് ഒരു കാര്യം ഉറപ്പ് പറഞ്ഞു. പ്രീഡിഗ്രി ജയിച്ചാൽ മൂക്കിലൊരു മഞ്ഞിൻ കണം ഉറപ്പ്.
പരീക്ഷ എഴുതി പാസ്സാകണമെന്ന വാശിക്ക് ആ വാഗ്ദാനം പ്രധാന കാരണമായി.. പരീക്ഷയുടെ റിസൽറ്റ് വന്ന ദിവസം മുറിയടച്ചിരുന്ന് പ്രാർത്ഥിച്ചത് മുഴുവൻ, മൂക്കുത്തിയിടാൻ പറ്റണേ എന്നായിരുന്നു.ഞാൻ പോലും പ്രതീക്ഷിക്കാത്ത രീതിയിൽ നല്ല മാർക്ക് കിട്ടിയപ്പോൾ ഉമ്മിച്ചി വാക്ക് പാലിക്കാൻ തീരുമാനിച്ചു.
മാസത്തിലൊരിക്കൽ സിനിമയും സുഭാഷ് പാർക്കിലൊരു കറക്കവും ഏതെങ്കിലും നല്ലൊരു ഹോട്ടലിൽ നിന്ന് ഭക്ഷണവും വീട്ടിലെ ബഡ്ജറ്റിൽ പതിവുണ്ട്. മൂക്കുത്തി വാങ്ങാനും കൂടി അതിനൊപ്പം സമയം കണ്ടെത്താമെന്ന് പറഞ്ഞപ്പോൾ ഞാൻ തുള്ളിച്ചാടി.മറ്റെല്ലാ സന്തോഷത്തേക്കാളുപരി മൂക്കുത്തിയിടാൻ പോകുന്നതിന്റെ ആവേശത്തിലായിരുന്നു ഞാൻ.
പട്ടുപാവാടയും ബ്ലൗസുമിട്ട് കനകാബരവും മുല്ലപ്പൂവും ഇടകലർത്തി കോർത്തെടുത്ത് മുടിയിൽ ചൂടി ഞാൻ ഒരുങ്ങി. എല്ലാ ക്ലാസ്സിലും എന്നും നല്ല മാർക്കോടെ പാസ്സാവാറുള്ള അനിയൻ ഇതൊക്കെയെന്ത് എന്ന ഭാവത്തിൽ നെഞ്ചും വിരിച്ച്നിൽക്കുന്നു. ആഭരണങ്ങളെ പൊതുവെ ഇഷ്ടമല്ലാത്ത അവന് മൂക്കുത്തിയോട് പ്രിയം വരാൻ ഒരു ന്യായവുമില്ല.
എറണാകുളത്ത് ജോസ് ജംഗ്ഷനിലുള്ള ഒരു ജ്വല്ലറിയിലാണ് ഞങ്ങൾ പോയത്. ഇടപ്പള്ളിയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിൽ ഞാൻ പതിവിലധികം സന്തോഷത്തിലായിരുന്നു . ''മൂക്ക് കുത്താത്തോണ്ട് ഇനി മുഖം വീർപ്പിക്കണ്ട. നല്ല വേദന എടുക്കും പെണ്ണേ, പഴുത്താൽ പിന്നെ പറയണ്ട.'
എന്നെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ഞാനതിലൊന്നും വീഴാതെ തീരുമാനത്തിൽ ഉറച്ചു നിന്നു.അങ്ങിനെ ജ്വല്ലറിയിൽ എത്തി. ഒറ്റക്കല്ലിൽ തീർത്ത ചെറിയ ഒരു മൂക്കുത്തി വാങ്ങി. അടുത്തഘട്ടം തട്ടാനെക്കൊണ്ട് മൂക്കിൽ ഇതണിയിക്കുക എന്നുള്ളതാണ്. കുത്തുമ്പോൾ ഉള്ള വേദനയുടെ തീവ്രതയെ കുറിച്ച് ക്ലാസ്സ് എടുത്തുതന്നോണ്ടിരിക്കുകയാണ് മൂക്ക് കുത്താത്ത മൂന്ന് പേരും. ഞാൻ മനസ്സിൽ വേദന സഹിക്കാനുള്ള ശക്തി തരാൻ പ്രാർത്ഥിച്ചു കൊണ്ട് കുത്തേറ്റുവാങ്ങാൻ മൂക്കിനെ സജ്ജമാക്കി. മധ്യവയസ്കനായ ഒരു മനുഷ്യൻ എന്റെ അടുത്തെത്തി. ഒരു കൈയ്യിൽ വാങ്ങിയ മൂക്കുത്തി, മറ്റേ കൈയ്യിൽ സ്വർണ്ണ സൂചി.
"മോള് പേടിക്കണ്ട. ഒരുറുമ്പ് കടിക്കുന്ന വേദന ,അത്രേയുള്ളൂ.'' 'നിനക്ക് നിർബന്ധമാണോ ?വാപ്പിച്ചി. ഞാൻ പേടിയോടെ ആണെങ്കിലും തലയാട്ടി.
"മോള് വരൂ, ഈ സ്റ്റൂളിൽ ഇരിക്കൂ.തട്ടാൻ ചേട്ടൻ എന്നെ പിടിച്ചിരുത്തി.
"ഞാൻ പുറത്തുണ്ടാകും' വാപ്പിച്ചി പുറത്തേക്ക്.... സ്വന്തം ഇഷ്ടത്തിനാണെങ്കിലും മകൾ വേദനിക്കുന്നത് കാണാൻ നിന്നില്ല.
" കാത്കുത്തും പോലല്ലോ മൂക്ക്, നല്ല കട്ടിയുണ്ടാവില്ലേ, ചോര വരുമോ?"ഉമ്മിച്ചിയുടെ ചോദ്യം..
" ഞാൻ കുത്തിയ ഒരു മൂക്ക് പോലും പഴുത്തിട്ടില്ല, പേടിക്കണ്ട.ഉപ്പുവെള്ളം ഇറ്റിച്ചു കൊടുക്കണം ഒന്ന് രണ്ട് ദിവസം... കുത്തട്ടേ മോളേ, പേടിയുണ്ടേൽ കണ്ണടച്ചോ? " ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയാലും അനസ്തേഷ്യ തരുന്ന ഡോക്ടറോട് ഞാൻ മയങ്ങില്ല എന്ന് കുറുമ്പ് പറയാറുള്ള എന്നോടാണോ ബാലാ എന്ന ഭാവത്തിൽ ഉള്ളിൽ പേടിയുണ്ടെങ്കിലും ഞാൻ കണ്ണും തുറന്നിരുന്നു. സ്വർണ്ണ സൂചി അടയാളമിട്ട് രേഖപ്പെടുത്തിയ മൂക്കിന്റെ ഇടത്തേ വശത്ത് ആഞ്ഞിറങ്ങി.തലയ്ക്കകത്ത് ഒരു മിന്നൽ പാഞ്ഞ് പോയെങ്കിലും കരഞ്ഞില്ല. ഇത്രയല്ലേ ഉള്ളൂ എന്ന ഭാവമായിരുന്നെനിക്ക്. കുത്തൽ കഴിഞ്ഞ് മൂക്ക് മേലേക്ക് പൊക്കി മൂക്കുത്തിയുടെ സ്ക്രൂ മുറുക്കിയപ്പോഴാണ് അടുത്തു നിന്ന ഉമ്മിച്ചിയുടെ സാരിത്തുമ്പിൽ പിടിമുറുക്കിയത്. നീയാണ് ഏറ്റവും സുന്ദരിയെന്ന് കണ്ണാടി നോക്കി പറഞ്ഞദിവസങ്ങൾ.. ആ മുക്കുത്തി തന്നെയായിരുന്നു വർഷങ്ങളോളം ഒട്ടിപിടിച്ച് മൂക്കിലുണ്ടായിരുന്നത്.
കല്യാണം ഉറപ്പിച്ചതിന് ശേഷമുള്ള പ്രണയം മാത്രം നിറഞ്ഞ ഫോൺ വിളികൾ. ലോകത്തെ ഏറ്റവും സ്നേഹനിധിയായ ഭർത്താവ് താനായിരിക്കുമെന്ന് ആണയിട്ട് അനിൽ, എന്നേക്കാൾ നല്ലൊരു പെണ്ണിനെ കിട്ടുമായിരുന്നു എന്ന് ജീവിതത്തിലൊരിക്കലും ചിന്തിക്കേണ്ടി വരില്ലെന്ന് ഞാനും...
സംസാരത്തിനിടയ്ക്ക് എപ്പോഴോ അനിലെന്നോട് മൂക്കുത്തി ഇഷ്ടമാണല്ലേ എന്നൊരു ചോദ്യം. മൂക്ക് കുത്താൻ ആഗ്രഹിച്ചത് മുതൽ അന്ന് വരെയുള്ള എന്റെ മൂക്കുത്തി ഭ്രാന്ത് കേട്ട് അനിൽ അവസാനം ഐ ലവ് യു പറഞ്ഞ് ഫോൺ വെച്ചു.കല്യാണം കഴിഞ്ഞപ്പോഴാണ് ഞാനാ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്.അനിലിന് ഈ ആഭരണം ഇഷ്ടല്ല. സ്നേഹനിധിയായ ഭർത്താവ് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടത്തിന് എതിര്.. ഊരിമാറ്റില്ല എന്ന് ശപഥം എടുത്ത് ഞാനും. ലോകത്തിലെ ഏറ്റവും സ്നേഹനിധിയായ ഭർത്താവും ലോകത്തിലെ ഏറ്റവും അനുസരണ ശീലമുള്ള ഭാര്യയും മുന്നിൽ തകർന്ന് തരിപ്പണമാകുന്നത് രണ്ടാളും വഴക്ക് കൂടി നോക്കി നിന്നു.
മോളെ ഗർഭിണിയായപ്പോഴാണ് ഏറ്റവും സ്നേഹനിധിയായ ഭർത്താവിനെ പിന്നെ കാണുന്നത്. ഗർഭിണിയായിരുന്നപ്പോൾ ബെഡ് റെസ്റ്റ് പറഞ്ഞിരുന്നത് കൊണ്ട് എപ്പോഴും കൂടെയുണ്ടായിരുന്നു അനിൽ. എന്താഗ്രഹം പറഞ്ഞാലും സാധിച്ചു തന്ന് ഛർദ്ദിക്കുന്നത് കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നുള്ള തെളിവാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഓരോ അഞ്ചു മിനിറ്റിനിടയ്ക്കും നീയെന്താ ഛർദിക്കാത്തത് എന്ന് ചോദിച്ച സ്നേഹനിധിയായ ഭർത്താവ്. സിസേറിയൻ ആയതു കൊണ്ട് തിയേറ്ററിൽ കയറ്റുമ്പോൾ ആഭരണമെല്ലാം ഊരി വാങ്ങിയ കൂട്ടത്തിൽ മൂക്കുത്തിയും ഊരിയെടുത്തു. സൂക്ഷിച്ച് വെക്കണേ എന്ന് ഞാൻ പറഞ്ഞത് മൂക്കുത്തി ഊരി കൊടുത്തപ്പോൾ മാത്രമാണ്.
കുഞ്ഞുമായി വീട്ടിലെത്തിയപ്പോൾ സ്നേഹനിധിയായ ഭർത്താവ് വീണ്ടും അപ്രത്യക്ഷമായി. ഇനിയിതിടണ്ട. സങ്കടത്തോടെയാണെങ്കിലും അത് മൗനം കൊണ്ട് സമ്മതിച്ചത് മോളെ കിട്ടിയതിന്റെ സന്തോഷത്തിലാണ്.. അത്രയ്ക്ക് കഷ്ടപ്പെട്ടാണ് അവളെ നേടിയത്.
വർഷങ്ങൾ കഴിഞ്ഞു. അവരവരുടെ സന്തോഷം അവരവർ തന്നെ കണ്ടെത്തണം എന്ന തോന്നലുണ്ടായത് , എന്റേത് മാത്രമായ സന്തോഷങ്ങളാണ് പലപ്പോഴും മാറ്റിനിർത്തപ്പെടേണ്ടി വരുന്നതെന്ന് മനസ്സിലാക്കിയപ്പോഴാണ്. കുറച്ച് സന്തോഷം തരാമെന്ന് ലോകത്താര് പറഞ്ഞാലും നമ്മുടെ മനസ്സിലും അവർ തരുന്ന സന്തോഷത്തിന്റെ അലകൾ ഉയരണം. മറ്റുള്ളവർ പറയുന്നതിനനുസരിച്ച് ജീവിക്കുമ്പോഴല്ല, സ്വന്തം വ്യക്തിത്വത്തിനനുസരിച്ച് ജീവിക്കുമ്പോഴാണ് എത്ര സുഖ സൗകര്യങ്ങളിൽ ജീവിച്ചാലും ഒരുവൾ അല്ലെങ്കിൽ ഒരുവൻ സന്തോഷിക്കൂ. പലപ്പോഴും അവൾക്കാണ് സന്തോഷങ്ങൾക്ക് അതിര് കല്പിക്കപ്പെടുക.
എന്നും മൂക്കിലെ പാടിൽ നോക്കി എന്റെ ഒറ്റക്കൽ മൂക്കുത്തിയെ ഓർത്ത് കണ്ണ് നിറഞ്ഞു. ആ പൊടി തരി സ്വർണ്ണം എന്റെ അലമാര മൊത്തം തിരഞ്ഞിട്ടും കിട്ടിയതുമില്ല.
കാലടി ശ്രീശങ്കരാ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്ത് ഒരു ദിവസം പെരുമ്പാവൂർ ഗേൾസ് സ്കൂളിൽ ഞാൻ പഠിപ്പിച്ച പെൺകുട്ടി മുന്നിൽ വന്നു പെട്ടു.
'ടീച്ചറേ, അവളുടെ വിളി കേട്ട് ഓഫീസ് ഫയലുകൾക്കിടയിൽ നിന്ന് ഞാൻ തലയുയർത്തി. അവളിപ്പോൾ കൂടിയാട്ടത്തിൽ റിസർച്ച് ചെയ്യുന്നു . ഓഫീസിൽ നിന്നൊരു പേപ്പർ വാങ്ങാൻ എത്തിയപ്പോഴാണ് സീറ്റിൽ എന്നെ കണ്ടത്. കുറെ സമയം അവളെന്നോട് സംസാരിച്ചു. യാത്ര പറഞ്ഞ് പോയ കുട്ടി തിരിച്ച് വന്ന് മൂക്കുത്തിയിട്ട ടീച്ചറെയാ കാണാൻ ഭംഗീട്ടോ.. എന്തിനാ അത് ഊരി കളഞ്ഞേ? ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കി ചിരിക്കാൻ പോലും മറന്നുനിന്നു.
അന്ന് ഓഫീസ് വിട്ട് ടൗണിലിറങ്ങിയപ്പോൾ സ്റ്റുഡിയോയിൽ കയറി അനിലിനോട് ഒരു സന്തോഷം ഒപ്പിച്ചിട്ട് ഇപ്പൊ വരാട്ടോ എന്ന് പറഞ്ഞ് ഞാൻ തൊട്ടടുത്ത പരിചയമുള്ള ജ്വല്ലറിയിൽ കയറി. പണ്ടത്തെ സാധാരണ വെള്ളക്കല്ലിന് പകരം ഒരു വൈരക്കൽ മൂക്കുത്തി വാങ്ങി അപ്പോൾ തന്നെ തട്ടാനെ കൊണ്ട് മൂക്കിലെ പഴകിയ പാടിൽ കുത്തിച്ചു.തിരിച്ചു വന്ന് എനിക്കെന്തേലും മാറ്റമണ്ടോ എന്ന് അനിലിന്നോട് ചോദിച്ചപ്പോൾ കുറച്ച് സമയം എന്നെ നോക്കിയിട്ട് നീ വീണ്ടും മൂക്കുത്തിയിട്ടോ, എന്ന് മാത്രം ചോദിച്ച് കവിളിൽ തട്ടി വാ വീട്ടിൽ പോകാം പറഞ്ഞു. ഇഷ്ടമായോ എന്ന് ഞാനും ഇഷ്ടായില്ല എന്ന് അനിലും പറഞ്ഞില്ല. പക്ഷെ അടുത്ത പിറന്നാളിന് സമ്മാനമായി തന്നത് ചുവന്ന കല്ല് വെച്ച ഒരു മൂക്കുത്തിയായിരുന്നു. ആ ആഭരണം അണിയുമ്പോൾ ഉള്ള ആത്മവിശ്വാസം, ചെറുതല്ല. പല പെൺകുട്ടികൾക്കും എന്റെ മനസ്സുണ്ടെന്ന് അറിയാനും കഴിഞ്ഞിട്ടുണ്ട്.
കുറച്ചു ദിവസം മുൻപ് കൂട്ടുകാരിക്ക് ഒരു വളവാങ്ങാൻ ഭീമ ജ്വല്ലറിയിൽ കയറി.. എന്റെ കണ്ണുകൾ എന്ത് വാങ്ങാൻ കയറിയാലും ആദ്യം തിരയുക മുക്കുത്തികളിലെ വൈവിധ്യങ്ങളെയാണ്.ചന്ദ്രക്കലയുടെ നടുക്ക് തിളങ്ങുന്ന കല്ല്. കണ്ണിലുടക്കിയപ്പോൾ തന്നെ ഇഷ്ടായി. നല്ല വിലയുള്ളത് കൊണ്ട് അപ്പോൾ വാങ്ങാൻ കയ്യിൽ കാശുമില്ല, ഉണ്ടായിരുന്നത് ഷോപ്പിംഗ് നടത്തി തീർത്തു.. എന്തായാലും മാറ്റിവെക്കണേ ഞാൻ എടുത്തോളാമെന്ന് അവിടെയുള്ള പരിചയക്കാരൻ ചേട്ടനോട് പറഞ്ഞിറങ്ങി.ആ മുക്കുത്തി കൊതിപ്പിച്ചു കൊണ്ടിരുന്നു. കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ അക്ഷരങ്ങളുടെ വില ചെക്കായി കിട്ടി. കൈയ്യിലുള്ള പൈസയും ചേർത്ത് പിറ്റേന്ന് തന്നെ അത് പോയി വാങ്ങി. കൊള്ളാമോ എന്ന് അനിലിനോട് ചോദിച്ചപ്പോൾ നീ തന്നെയാ ലോകത്തിലെ ഏറ്റവും അനുസരണയുള്ള ഭാര്യ എന്ന് പറഞ്ഞ് കൈ തന്നു.
അത്രമേൽ പ്രിയപ്പെട്ട സ്ത്രീ സൗഹൃദങ്ങൾക്ക് സമ്മാനം കൊടുക്കാൻ തോന്നിയാൽ ആദ്യംമനസ്സിൽ വരുന്നത് മൂക്കുത്തിയാണ്
( "ഓർമ്മകളുടെ ഉറുമ്പനക്കങ്ങളി"ൽ നിന്ന്)