Archives / December 2020

ഫില്ലീസ് ജോസഫ്
കെടേക്കമ്പ് (ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ_12)

വർഷമേഘങ്ങളെ തോൽപിച്ചുകൊണ്ട് വേനലും വീണ്ടും വീണ്ടും പെയ്തിറങ്ങി മഴക്കാലവും പരസ്പരം മത്സരിച്ചിരുന്ന കാലം. കായലാകെ തുടുത്തു മിനുത്തു സുന്ദരിയായിരുന്നു. കണ്ടലുകൾക്ക് താരാട്ട് പാടി കൊണ്ട് അവൾ അലസമൊഴുകി കൊണ്ടേയിരുന്നു. 

പക്ഷേ അപ്പോഴേയ്ക്കും ഓർമ്മയുടെ ചുവന്ന ഫ്രെയിമിലേയ്ക്ക് ഒതുങ്ങി പോയിരുന്നു എനിക്കാ കായലോരം. ഞങ്ങളുടെ പഠനവും അമ്മയുടെ ആടുകളും പപ്പയുടെ ഓഫീസും കാരണം ശനിഞായർ ദിവസങ്ങളിലെ അക്കരെ വീട് സന്ദർശനം പതിയെപ്പതിയെ കുറഞ്ഞു വന്നു. മാത്രവുമല്ല ശനിയാഴ്ചകളിൽ വിവിധ പഠനവിഷയങ്ങളിൽ ഹോംട്യൂഷൻ പപ്പ ഏർപ്പെടുത്തിയിരുന്നു

എന്റെ ആദ്യകാല സുഹൃത്തും വഴികാട്ടിയും ഗുരുവും സർവ്വോപരി സന്തതസഹചാരിയുമായിരുന്ന ഇളയഅപ്പച്ചിയുടെ കല്യാണം ഇതിനിടയിൽ കെങ്കേമമായി നടന്നു. അപ്പച്ചന്റെ ചായക്കടയും പലചരക്കുകടയും പയ്യന് നൽകണമെന്നത് മാത്രമായിരുന്നു  മുൻ മെമ്പറായിരുന്ന വരന്റെ അപ്പന്റെ ഏക ആവശ്യം. 

തുടർന്നുള്ള മിക്ക ദിവസങ്ങളിലും രാവിലെ തന്നെ അദ്ദേഹം പപ്പയെ കാണാനെത്തും. വടക്കേ വരാന്തയിലുള്ള പ്ലാസിക്ക് വരിഞ്ഞ കസേരയിൽ ഇരുന്ന് പപ്പയോട് സംസാരിക്കുന്നതും "അപ്പച്ചൻ പറയും പോലേ കാര്യങ്ങളൊക്കെ നടക്കൂ" എന്ന് പപ്പ മിക്കപ്പോഴും പറഞ്ഞ് ധൃതി പിടിച്ച് ബസ് സമയം തെറ്റാതെ ഓഫീസിലേയ്ക്കിറങ്ങുന്നതും കൺമുന്നിൽ തെളിഞ്ഞു കത്തുന്നു.

 അക്കരെവീട്ടിലേയ്ക്ക് പോകാനുള്ള എന്റെ ആകർഷണങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്ന് ആ കല്യാണത്തോടെ എനിക്ക് നഷ്ടപ്പെട്ടു. ഇളയഅപ്പച്ചി അഷ്ടമുടിക്കായലിന്റെ മറ്റൊരു കുലീനമായ കായലോരത്തിന് സ്വന്തമായി.

എൺപതുകളുടെ തുടക്കകാലഘട്ടമായിരുന്നു അത്. അപ്പച്ചിയ്ക്ക് പകരം പുതിയ ട്യൂഷൻ ടീച്ചറും വന്നു. 

വേർപിരിയലിന്റെയും അതുണ്ടാക്കുന്ന ശൂന്യതയോടുള്ള അനിവാര്യമായ താദാത്മ്യം പ്രാപിക്കലിന്റെയും ആദ്യ നൊമ്പരംകുഞ്ഞാത്മാവിന്റെ ആഴങ്ങളെ നോവിച്ച വല്ലാത്തൊരു കാലം കൂടിയായിരുന്നു അത്. ആരും ആർക്കും പകരമാവില്ലെന്ന തിരിച്ചറിവ് ഏൽപ്പിച്ച ആഘാതം വലുതായിരുന്നു.

സർക്കാർ ജോലിയ്ക്ക് വേണ്ടി കഠിന പ്രയത്‌നം ചെയ്യുവാൻ പുതിയ ട്യൂഷൻ അധ്യാപികയോട് പപ്പ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെ ടീച്ചർ പി .എസ് .സി പരീക്ഷകൾക്കുള്ള അപേക്ഷ അയയ്ക്കാൻ തുടങ്ങി.

പിന്നീട് പുതിയ ട്യൂഷൻടീച്ചർ ഞങ്ങളുടെ വീട്ടിലെ ഒരംഗം പോലെയായി. അവർ എനിക്കുംഅനിയനുമൊപ്പം ചോറു കഴിക്കും . ഞങ്ങളെ നിർബന്ധിച്ച് കഴിപ്പിക്കും. കൂടെക്കളിക്കും. പാട്ടുപാടും. അമ്മയോടൊപ്പം അടുക്കളയിൽ കൊച്ചുവർത്തമാനം പറഞ്ഞ് ചുവന്നുള്ളിയുടെ തൊലികളഞ്ഞ് മുറിച്ചു വയ്ക്കും. പപ്പയുടെ ഡയറി _പ്രോഗ്രം ബുക്കിലെ കോളത്തിലെ അക്കങ്ങൾ ടോട്ടൽ ചെയ്യും. എന്ന് വേണ്ട മേരിക്കുട്ടി ടീച്ചറില്ലാതെ ദിവസം കഴിഞ്ഞു പോകാത്ത അവസ്ഥ.

അക്കാലത്തെസ്വപ്നങ്ങളിൽഅഷ്ടമുടിക്കായലോളങ്ങൾക്ക് മീതേ ഞാനും ടീച്ചറും പാട്ടുപാടി കൈ പിടിച്ചോടുന്നതും ഓളക്കൈകളിൽ വീണ് ചിരിക്കുന്നതും പതിവായിരുന്നു.

ശനിയും ഞായറുമെല്ലാം മേരിക്കുട്ടി ടീച്ചർ സ്നേഹം കൊണ്ട് പഠനത്തിന്റെ മാളികയുണ്ടാക്കി. ഞാൻ അനിയനൊപ്പം അതിനുള്ളിൽ സർവ്വം മറന്ന് ലയിച്ചിരുന്നു

അപ്പച്ചിയും അഷ്ടമുടിക്കായലും ദൂരെ നിന്നെന്നെ നോക്കി സ്നേഹം പ്രാർത്ഥനകളായി നൽകുന്ന ഒരു തോന്നൽ രാത്രിയുറക്കത്തിലും ഞാൻ ഞെട്ടിയുണർന്ന് അമ്മയോട് പറയാറുണ്ടായിരുന്നു. അപ്പോഴൊക്കെ 'കെടേ കമ്പി'ന്റെ ശബ്ദം പകർന്ന ആത്മധൈര്യം മറക്കാനാവില്ല.

(കൂടുതൽ മീനുകളെ വലയിലാക്കുന്നതിനായി വലക്കാർ വള്ളങ്ങളിൽ കമ്പ് കൊട്ടി ശബ്ദമുണ്ടാക്കുന്ന രീതി ഉണ്ടായിരുന്നു. "മീനെ കെടയ്ക്കുന്നു "എന്നാണ് അതിന് പറയുന്നത്. അതുകൊണ്ട് തന്നെ 'കെടേക്കമ്പ്' എന്ന്  കട്ടിയുള്ള കമ്പാണതിന് വേണ്ടി ഉപയോഗിക്കാറുള്ളത്.)

ആകാശത്ത് അമ്പിളിക്കല കാണാനിറങ്ങുമ്പോഴും ഉറക്കത്തിലേയ്ക്ക് വഴുതി വീഴുമ്പോഴും കായലിൽ ഞങ്ങൾ ഉണർന്നിരുപ്പുണ്ടെന്ന തീരദേശങ്ങളുടെ കരുതൽശബ്ദം കൂടിയായിരുന്നു അത്. ഇപ്പോഴും  രാത്രികാലങ്ങളിൽ കാതോർക്കാറുണ്ടെങ്കിലും നിശബ്ദത തീ കോരിയിടുന്നത് മാത്രമേ അറിയാനുള്ളു.

Share :