Archives / December 2020

രാധിക ശരത്
ഭ്രാന്തിയുടെ മകൾ

ഇരുളിനെ ഭയന്നിരുന്നില്ല ഞാൻ 

പകലെനിക്കന്യമാകും വരെ...

കൂടപ്പിറപ്പുകൾ കൈവിട്ടനാൾമുതൽ  

ഭ്രാന്തിയായോരമ്മയായിരുന്നെൻ കൈമുതൽ...

 

 

ആരോ നൽകിയോരൗദാര്യങ്ങളൊക്കെയും,

ഷീറ്റിനാൽ മറച്ചൊരു കുഞ്ഞു വീടാക്കി. 

പട്ടിനെ വെല്ലും പുൽപ്പായയും 

നിദ്ര മാത്രം മടിച്ചു നിന്നു...

 

ആവുന്ന ജോലികൾ ആവോളം ചെയ്തു ഞാനോ -

ടിയെത്തും വരെ കാത്തിരുന്നമ്മ..

കാക്കക്കുഞ്ഞിനെപ്പോൽ  

കിട്ടുന്നതൊക്കെയും തട്ടിപ്പറിച്ചെന്നെ 

മോണയും കാട്ടി പൊട്ടിച്ചിരിച്ചിടും..

 

ആർത്തിയോടെ വാരിക്കഴിക്കുമ്പോൾ, 

അറിയാതെപോലും തിരക്കിയില്ലെന്നെ..

 

പൊട്ടിച്ചിരികളും പായാരം ചൊല്ലലും,

ഒഴിഞ്ഞ വയറിൻ വിശപ്പിന്റെ കെടുതികൾ, അറിയാതൊരമ്മതൻ  രോഗമോ ഭ്രാന്ത്..?

   

ഇരുളിൻ  നിശബ്ദതയിൽ 

വാതിൽ മുട്ടുകൾ കേട്ടു മടുത്തു ഞാൻ.

പേടിച്ചൊളിക്കുമ്പോൾ പേടിയാണമ്മയുടെ പൊട്ടിച്ചിരിപോലും..

 

നഷ്ടപ്പെടുവാനൊന്നുമെനിക്കിമില്ലീ

നശിച്ച ലോകത്തെ വെറുത്തുപോയി...

വിശപ്പും മാനവും കെടാതിരിക്കാൻ,

നഷ്ടസ്വാപ്നങ്ങൾ ബാക്കിയാക്കി,

രണ്ടിലപ്പൊതിയിൽ കഴിച്ചു തീർത്തു  രണ്ടാളും..

ഭ്രാന്തിയായോരമ്മയ്ക്കു പിറന്ന ഞാനീ 

വിഷക്കെടുതിൽ വീരചരമം പ്രാപിക്കുന്നു...

 

 

 

 

Share :