Archives / December 2020

സുഷമ.കെ.ജി
നദി

കാണാതൊഴുകാൻ 

തുടങ്ങിയതു മുതൽ

അഗാധങ്ങളിൽ ഒരു തേങ്ങൽ

വിതുമ്പി നിൽക്കുന്നുണ്ട്..

ഉടലൊതുക്കി ക്ലേശത്തോടെ

ഉള്ളിലേക്ക് നൂണിറങ്ങി

 തെളിഞ്ഞവഴികളിലൂടെ

ചിലയിടങ്ങളിൽ ഞെരുങ്ങിയും

പലയിടങ്ങളിൽ പരന്നു നിറഞ്ഞും

നിമിഷാർദ്ധം താഴേക്ക് പതിച്ചും

 യാത്ര തുടരുന്നു

ശിലാപാളികൾക്കടിയിലൂടെ

സഞ്ചാരമായതിൽ പിന്നെ

ഓർമ്മയറകളിൽ ഒരു മൗനം വല്ലാതെ

വീർപ്പുമുട്ടി നിൽപ്പുണ്ട്..

 സ്വയം തീർത്ത

തടവറയിലേക്കെന്നപോലൊരു പലായനം

 ദൃഷ്ടിയെത്താത്തിടത്ത്  ഒറ്റയ്ക്ക്

ചരിക്കുമ്പോഴും ചിന്തകൾ

ചിന്തേരിടുന്ന ആകുലതകൾ.

സ്മൃതി ച്ചെപ്പിൽ

ഭദ്രമായ് സൂക്ഷിച്ച

നിധിയാവുമോ .. അതോ

 നിറഞ്ഞൊഴുക്കിൻ്റെയാഘോഷങ്ങളിൽ

  ചൊരിഞ്ഞ മണ്ണിൻ്റെ

ഫലഭൂയിഷ്ഠതയിൽ

നിറകതിരുകളായ് നിറയുന്നുണ്ടാവുമോ?

 ജാലകം തുറന്നെത്തും

കാറ്റു പോൽ തഴുകുന്നുണ്ടാവുമോ?

അറിയാതെ അകം നനയ്ക്കുന്നുണ്ടാവുമോ?

നനവിൽ സ്വപ്നങ്ങൾ മുളക്കുന്നുണ്ടാവുമോ?

ഓർമ്മകളിൽ തട്ടിയും തടഞ്ഞും

വീണ്ടും  ഒഴുകുമ്പോൾ

തീരമില്ലാത്ത നദിയായതിൽ

നൊമ്പരപ്പെട്ടു.. എങ്കിലും..

എവിടെയോ ഒരു സമുദ്രം കാത്തിരിക്കുന്നെന്ന തോന്നലിൽ

അതിനി വെറും തോന്നലായാലും

ഒഴുകാതിരിക്കാൻ ആവില്ലല്ലോ..?

 

 

 

Share :