Archives / December 2020

ഷുക്കൂർ ഉഗ്രപുരം
കർഷകൻ

ജലവും മണ്ണും
ജീവൻറെ
ഊടും പാവുമാണ്.
അന്നമില്ലാതെ ഉയിരിന്
ദേഹത്ത് നിലനിൽപ്പില്ല,
ഉയിരിൻ കാവൽക്കാരനാണ്
കർഷകൻ.
മണ്ണിൽ വിതക്കുന്ന വിത്ത്
വാനിൽ കനവിൻ
കിനാവാക്കി മാറ്റുന്നതും
അവനാണ്.
കൃഷിയാണ് സംസ്‌കൃതിയെ
പ്രസവിച്ചത്!
കർഷകനാണതിനെ
ഊട്ടി വളർത്തിയത്.
തഴമ്പിച്ച കരങ്ങളും
വിണ്ടുകീറിയ പാദങ്ങളും
നോവിൻ ഭാണ്ഡം
പേറി
മണ്ണിൽ മല്ലിടുന്നത്
മനുഷ്യൻറെ വിശപ്പ്
മാറ്റാനാണ്.
കടത്തിൽ പിറന്ന്
കടത്തിൽ ജീവിച്ച്
കടത്തിൽ
മൃതിയടയുന്നവനാണ്
ഇന്ത്യൻ കർഷകനെന്ന്

ചരിത്രകാരൻ.
തൻ കരങ്ങളാൽ
കൃഷി ചെയ്തുണ്ണുന്നവൻ
ഉൽകൃഷ്ടനെന്ന് പ്രവാചകൻ!
തരിശ് ഭൂമി കർഷകന്
കൃഷിക്കായ് നല്കാനന്ന്
ചട്ടമെഴുതി ഖലീഫ.
സ്വപ്നങ്ങളെറിഞ്ഞ
മണ്ണിൽ കണ്ണീർ
നനച്ച് വളർത്തിയ
കൃഷികളത്രയും
കുത്തകകൾക്ക് തീറെഴുതാൻ
ചട്ടമെഴുമ്പോൾ മണ്ണിൽ
മൃതിയടഞ്ഞ ജീവനുകളത്രയും
ഇരവിൽ ഉയിര്കൊണ്ട്
അനീതിക്കെതിരിൽ
തീ പന്തങ്ങളായി
നിന്നെത്തേടി അവ
വരാതിരിക്കില്ല.

Share :