കലാലയ വിദ്യാർത്ഥികളുടെ പേജ്  / കവിത

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
ഭാരം ചുമക്കും കഴുതകൾ*

അവരും ഞങ്ങളും 

ഭാരം ചുമക്കുന്നു 

ശിരസ്സിലോ മുതുകിലോ

ഏറ്റിയേന്തിയ ചുമടിൻ 

ഭീമഭാരങ്ങൾ പാടവശേഷിപ്പൂ

ഇരുണ്ടു കൂടിയ ചോര കല്ലിച്ച 

മുറിപ്പാടുകൾ  

ഭാരങ്ങളിൽ നിറഞ്ഞവ 

പലരും ഏറ്റുവാങ്ങി 

ഭാരം മാത്രം ഇനിയും ബാക്കി. 

വേദനകൾ നിറച്ചത് 

ഭാരങ്ങളിലല്ല, 

ഇറക്കിവച്ച ചാക്കുകൾ

കയ്യൊപ്പുകൾ ചാർത്തിയിട്ട അവശേഷിപ്പുകളിലാണ്. 

കയറുമ്പോൾ ഊർജ്ജമൊരുക്കി 

ഇറങ്ങിയകലുമ്പോൾ 

ഒരു ചാക്ക് പോലും 

യാത്ര പറഞ്ഞില്ല. 

ഇനിയും വരും 

ഭാരങ്ങൾ പേറി 

മുതുകിലും തലയിലും 

കയറിയിരിക്കും 

വേണ്ടിടം സഞ്ചരിക്കും 

നന്ദി വാക്കൊന്നുപോലുമില്ലാതെ 

സ്ഥലമെത്തുമ്പോൾ ഇറങ്ങി പോവും 

ഇനിയും ഞങ്ങൾ ഭാരങ്ങൾ ചുമക്കും 

ഭാരം പേറുന്നത് മാത്രമാണ് 

ഞങ്ങളിൽ കൽപ്പിച്ച തൊഴിൽ. 

ഭാരം ചുമക്കുന്നോർ 

കഴുതകളത്രെ 

എത്ര തെറിവാക്കായ് വിളിച്ചാലും 

മനുഷ്യനേക്കാൾ നന്ദിസ്നേഹാദികൾ 

ഞങ്ങൾ കഴുതകൾ ചുമക്കുന്നു.

ഭാരം ചുമക്കും കഴുതകൾ ഞങ്ങൾ 

പഴി കേട്ടും അടി കൊണ്ടും 

പിന്നെയും പിന്നെയും 

നിങ്ങൾ തൻ ഭാരം ചുമക്കും 

കഴുതകൾ ഞങ്ങൾ 

 

 

Share :