വാക്കും വാപ്പയും / 

മാങ്ങാട് രത്‌നാകരൻ
ചങ്ക് (വാക്കും വാപ്പയും-13)

'ആ പൂവു നീ എന്തു ചെയ്തു?''

''ഏതു പൂവ്?''

''രക്തനക്ഷത്രംപോലെ കടുംചെമപ്പായ ആ പൂവ്!''

''ഓ... അതോ?''

''അതേ... അതെന്തു ചെയ്തു?''

''തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?''

''ചവിട്ടിയരച്ചുകളഞ്ഞോ എന്നറിയുവാൻ...''

''കളഞ്ഞുവെങ്കിലെന്ത്?''

''ഓ... ഒന്നുമില്ല. എന്റെ ഹൃദയമായിരുന്നു അത്.''

വൈക്കം മുഹമ്മദ് ബഷീർ, 'ഏകാന്തതയുടെ മഹാതീരം'

ഇന്നാണെങ്കിൽ, ബഷീർ, ''ഓ... ഒന്നുമില്ല എന്റെ ചങ്കായിരുന്നു അത്'' എന്നെഴുതുമായിരുന്നില്ലേ?

ചങ്ക് എങ്ങനെ ഹൃദയത്തിന്റെ സ്ഥാനം കരസ്ഥമാക്കി? ''എന്റെ കരളേ,'' എന്ന സ്‌നേഹോദാരമായ വിളിക്കുപകരം ''എന്റെ ചങ്കേ'' എങ്ങനെ വന്നു?

ചങ്ക് അടുത്തകാലം വരെയും മൃദുലവികാരങ്ങളുടെ, സ്‌നേഹത്തിന്റെ, പ്രേമത്തിന്റെ ഉപമയായിരുന്നില്ല. ധൈര്യത്തിന്റെയും സ്ഥൈര്യത്തിന്റെയും പ്രതീകമായിരുന്നു ചങ്ക്. ഇരട്ടച്ചങ്കാകുമ്പോൾ ധൈര്യം ഇരട്ടിക്കും. മുഖ്യമന്ത്രി പിണറായി വിജയന് 'ഇരട്ടച്ചങ്കൻ' എന്നാണല്ലോ വിളിപ്പേര്! ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നുപോയ ധൈര്യശാലി! അഥവാ, അദ്ദേഹം അങ്ങനെയാണ് അവകാശപ്പെട്ടത്. ചങ്കുറപ്പ്, ചങ്കൂറ്റം എന്നീ വാക്കുകളിൽ ധൈര്യമാണ് നിറയുന്നത്. ചങ്കൂറ്റം എന്നാൽ, ചങ്കിന്റെ ഊറ്റം (ശക്തി, ദാർഢ്യം)-മനക്കട്ടി.

ചങ്ക് കാര്യത്തിലുണ്ടായ സ്ഥലജലവിഭ്രമം പരിഹരിക്കാൻ മലയാള മഹാനിഘണ്ടു പരതി. അപ്പോൾ ചങ്കിന് ഹൃദയം എന്നും അർത്ഥമുണ്ട് എന്നു കണ്ടു.

ചങ്കിടിക്കുക എന്നാൽ ഹൃദയം സ്പന്ദിക്കുക, ചങ്കു കരയുക എന്നാൽ (മരണമടുക്കുമ്പോൾ) തൊണ്ടയിൽ നിന്നു കിറുകിറുപ്പുണ്ടാവുക. ചങ്കു പൊട്ടുക= ഹൃദയം തകരുക, വീർപ്പുമുട്ടുക.

'ചങ്കും കരളും' എന്ന ശൈലിയിലും ചങ്ക് ഹൃദയമാണ്. മാംസവില്പന അടിസ്ഥാനമാക്കിയുള്ള ശൈലിയാണിത്. (ശൈലീപുരാണം, പ്രൊഫ. എൻ.പി.രാമചന്ദ്രൻ നായർ).

നാട്ടുഭാഷയിൽ ചങ്ക് കഴുത്താണ്. മറ്റൊന്ന് ശംഖിന്റെ തത്ഭവം. 'ചങ്ക്മ്മ കണ്ണേറുണ്ടായാൽ ചങ്കു കടച്ചലും വേദനയും' 'ചങ്കും കരളുമകത്തിറച്ചിയും വേറെ നിലനീക്കി' (നാടൻ ഭാഷാനിഘണ്ടു, ഡോ.എം.വി.വിഷ്ണുനമ്പൂതിരി).

ഇന്നത്തെ 'യുവ മലയാള'ത്തിൽ ചങ്കും കരളും ഹൃദയവുമെല്ലാം കൂടിക്കലർന്നിരിക്കുന്നു. അഥവാ എല്ലാം ചങ്കിലേക്ക് കുടിയേറിയിരിക്കുന്നു.

''ചങ്ക് ബ്രോ.''

''ന്റെ ചങ്കാണ് ഡാ''

''ചങ്കേ!''

ബഷീറിൽ നിന്നാണല്ലോ നാം തുടങ്ങിയത്. ബഷീറിൽത്തന്നെ അവസാനിപ്പിക്കാം. ബഷീറിന്റെ പ്രശസ്തമായ, ഇറങ്ങിയകാലത്ത് നിരോധിക്കപ്പെട്ട, പ്രേമലേഖനം ഇങ്ങനെ തുടങ്ങുന്നു:

പ്രിയപ്പെട്ട സാറാമ്മേ,

ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?

അതെ, പുതിയ കാലത്ത് ചങ്കാണ് പ്രേമസുരഭിലം! അഥവാ, ചങ്കാണ് ഹൃദയം!

Share :