Archives / july 2021

ഡോ.ബി.ബാലചന്ദ്രൻ .
തട്ടാൻവിള:   പാവം ജീവിതങ്ങളുടെ ഇതിഹാസം

കാലത്തിൻ്റെ മുങ്ങാക്കയങ്ങളിൽ നിന്ന് പാവം ജീവിതങ്ങളുടെ ഓർമ്മകൾ ശേഖരിക്കുകയും അതിനെ പുതിയ കാലാവസ്ഥയോട് വിളക്കിചേർക്കുകയുമാണ് ബോധ്യങ്ങളുള്ള ഏതൊരു എഴുത്തുകാരനും ചെയ്യേണ്ടത്. എഴുത്തു തന്നെ രാഷ്ട്രീയ പ്രവർത്തനമായിരിക്കെ വരും കാലത്തോട് നീതി ചെയ്യേണ്ട വിശേഷപ്പെട്ട ദൗത്യം കൂടി എഴുത്തുകാരൻ ഏറ്റെടുക്കേണ്ടി വരുന്നു. കേവലം സൗന്ദര്യാവിഷ്കാരമെന്ന പ്രയോഗം പോലും കാലഹരണപ്പെട്ടിരിക്കുന്നു. വളരെ സങ്കീർണമായ സാമൂഹിക വ്യവസ്ഥകളാൽ പ്രശ്നപൂരിതമായ ഭൂമിയാണ് കേരളം .മതം ,ജാതി ,രാഷ്ട്രീയം എന്നീ കാര്യങ്ങളടെ ഇന്ത്യനവസ്ഥയുടെ നേർപതിപ്പേ അല്ല ഈ നാട് . ഒളിയിടങ്ങളും കെണികളുമുള്ള സഞ്ചാരവഴികളിലൂടെയാണ് കേരളത്തിൻ്റെ സാമൂഹികവണ്ടി ഓടിക്കൊണ്ടിരിക്കുന്നത്. നവോത്ഥാനത്തിൻ്റെ ഉജ്ജ്വലമാതൃകകൾ സൃഷ്ടിച്ച നാടാണ് . പക്ഷേ ജാതിത്തിരിവുകൾ പാടെ തകരാതെ കേരളത്തിൽ നിലനിൽക്കുന്നു.  ഉപജാതികളും ഇവിടെ സജീവമാണ്. മതജാതി കലഹങ്ങൾ പ്രത്യക്ഷമായിട്ടില്ലെങ്കിലും അവകളുടെ പ്രയോഗം കേരള സമൂഹത്തിൻ്റെ ഉൾപ്രവാഹത്തിലുണ്ട്. തൊഴിലും ജാതിയും ഒന്നായി നിന്ന കാലം മങ്ങിപ്പോയിരിക്കുന്നു. ഇവിടെ തൊഴിലിൻ്റെ കയറ്റിറക്ക് ശ്രേണീ ബന്ധങ്ങൾക്ക് കാര്യമായ ഉടവു തട്ടിയിട്ടില്ല. പരമ്പരാഗത തൊഴിലുകൾ സമ്മാനിച്ചിരുന്ന സമ്പത്തും പദവിയും പുതിയ രാഷ്ട്രീയ പ്രവാഹത്തിൻ്റെ കുത്തൊഴിക്കിൽ തകർന്നടിയുമ്പോൾ, അതത് തൊഴിലുകൾ കൈകാര്യം ചെയ്തിരുന്ന സമുദായങ്ങൾ ഓർക്കാപ്പുറത്തുള്ള പ്രഹരങ്ങളേറ്റ് തകരുകയാണ്.

        തിരുവനന്തപുരം ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് നെടുമങ്ങാട്. പാരമ്പര്യമായി കാണിക്കാർ ,കുറവർ, പുലയർ ,വേടർ ,പറയർ തുടങ്ങിയ സമുദായങ്ങൾ മണ്ണിൻ്റെ (കാടിൻ്റെ ) നെരവകാശികളായി കഴിഞ്ഞുപോന്ന നാട്. രാജഭരണകാലത്ത് ഭരണനിർവഹണത്തിനായി വന്നു ചേർന്ന വ്യത്യസ്ത തൊഴിൽ സമുദായങ്ങൾ ക്രമേണ ഈ പ്രദേശത്തിൻ്റെ നിർണായക ശക്തികളായിത്തീർന്നു. വാണിയർ ,തട്ടാർ ,ആശാരി ,പൂശാരി മൂശാരിമാർ ഇവരൊക്കെയടങ്ങുന്ന ജാതി-തൊഴിൽ സമുദായങ്ങൾ നെടുമങ്ങാട് കേന്ദ്രത്തിൽ തനതു തൊഴിലുകൾ ചെയ്ത് ഉപജീവനം നടത്തിപ്പോന്നു. തട്ടാൻ സമുദായം സ്വർണപ്പണിയുമായി ബന്ധപ്പെട്ടാണ് ജീവിച്ചത്. അവരുടെ ജീവിതത്തിൻ്റെ അകപ്പുറക്കാഴ്ചകളാണ് തട്ടാവിള എന്ന നോവലിൻ്റെ കേന്ദ്രഭാവത്തിന് നിറമേകിയിരിക്കുന്നത്. മനുഷ്യൻ്റെ അസ്തിത്വമെന്തെന്ന ചോദ്യം മുഴങ്ങുന്ന നരവംശശാസ്ത്ര പരീക്ഷണശാലയാണ് ഒരു നോവലെത്തുകാരനെ സംബന്ധിച്ച് അവന് ലഭ്യമായ ചരിത്രമുഹൂർത്തം എന്ന മിലൻ കുന്ദേരയുടെ  ( Art of the Novel) കാഴ്ചപ്പാട് തട്ടാൻവിള എന്ന നോവലെഴുത്തിൻ്റെ ഘടകങ്ങളിൽ പി കെ സുധി തീർച്ചയായും അഭിമുഖീകരിച്ചിരിക്കണം.

       ആഗോള വിപണിയിലേക്ക് ലോകത്തെ എത്തിക്കുന്നതിന് പാശ്ചാത്യർ ചില ശാസ്ത്രശാഖകൾക്ക് ജന്മം നൽകിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് നരവംശശാസ്ത്രം..സാംസ്കാരിക നരവംശശാസ്ത്രം . സാവേജറി ,ബാർബേറിസം , സിവിലൈസ്ഡ് എന്നീ മൂന്നു ശ്രേണിഘട്ടങ്ങളെ നിർവചിക്കുകയും അതിൽ പാശ്ചാത്യ സമൂഹമാണ് സിവിലൈസ്ഡ് എന്നു സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാംസ്കാരിക ബന്ധഘടനയ്ക്ക് സമാന്തരമായി സാമ്പത്തിക ഘട്ടങ്ങൾക്ക് അവികസിതം , വികസിതം എന്നീ തട്ടുകളുള്ള ധനതത്വശാസ്ത്രം പരികല്പിച്ചെടുത്തിരുന്നു. മൂന്നാം ലോകരാജ്യങ്ങളൊക്കെ ഒന്നുകിൽ സാവേജറിയിലോ അല്ലെങ്കിൽ ബാർബേറിയനിസത്തലോ (അവികസിതം ,വികസ്വരം) ആണെന്ന് അവർ നിർണയിച്ചു. അങ്ങനെയാണ് ലോകമാകെ ടെക്നോളജിയുടെ സഹായത്തോടെ പുതിയ വികസനമാതൃകകൾ സൃഷ്ടിക്കപ്പെടുന്നത്.  ആയതിൻ്റെ പ്രായോഗികതയ്ക്കായി വിവിധ സന്ധികൾ (Treaty) അഥവാ ഉടമ്പടികളുണ്ടാക്കുകയാണ്. ഈ കരാറുകൾ സമൂഹത്തിൽ നിർണായകമായ ചലനങ്ങൾ സൃഷ്ടിച്ചു.  സാമ്പത്തീക __ സാംസ്കാരിക മേഖലകൾ അടിമുടി പരിവർത്തനത്തിന് വിധേയമായി. പരമ്പരാഗത തൊഴിൽ മേഖലകളിൽ വ്യാപൃതമായിരുന്നവരുടെ ജീവിതം പ്രതിസന്ധികളായി. തട്ടാൻ സമുദായവും ഇത്തരത്തിലുള്ള പ്രശ്ന സങ്കീർണതയിലൂടെ അനുഭവിച്ചു തകരുന്ന ഹൃദയഭേദകമായ കഥയാണ് തട്ടാൻവിള  പറയുന്നത്.

       പഴമക്കാരുടെ ഓർമ്മകളിൽ ഒളിമങ്ങിക്കിടന്ന സാമൂഹികചലനങ്ങളെ നെയ്തെടുക്കുന്ന ദുഷ്കരമായ പ്രവർത്തമാണ് പവിത എന്ന ഗവേഷക ചെയ്യുന്നത്. രേഖീയമല്ലാത്ത ചരിത്ര വസ്തുതകൾ ചികഞ്ഞെടുക്കുന്ന അത്യന്തം ശ്രമകരമായ പണി അവൾ ഏറ്റെടുക്കുകയാണ്. താൻ കൂടി ഭാഗഭാക്കായ കൂട്ടായ്മയുടെ ചരിത്രമായപ്പോൾ അവൾക്ക് ആവേശം കൂടി.ദത്തങ്ങളുടെ പെരുമഴചാറ്റിൽ നിന്ന് സത്യങ്ങൾ വേർതിരിച്ചെടുക്കാൻ പവിതയെ സഹായിക്കാനാവതില്ലാത്ത വഴികാട്ടി (ഗൈഡ്)യാണ് ഗ്ലെൻ പ്രകാശം. അറിവില്ലായ്മ വെളിപ്പെടുത്താതിരിക്കാൻ സാധാരണ മനുഷ്യൻ കാട്ടുന്ന പരാമക്രമങ്ങളൊക്കെ അയാളും ചെയ്യുന്നുണ്ട്. നേശമണി എന്ന ഗ്ലെൻ പ്രകാശത്തിൻ്റെ ഭൂതകാലം കരിപ്പൂരിലിരുന്ന് പല്ലിളിക്കുകയാണ്. തൻ്റെയും കുടി വേരുകൾ തേടിയുള്ള അവളുടെ യാത്രയിൽ കാര്യമായി ഒന്നും നിർദ്ദേശിക്കാനാകാതെ പരുങ്ങുകയാണ് അയാൾ.  ജീവിച്ചിരിപ്പില്ലാത്ത കേശവപിള്ള എന്ന അപ്പൂപ്പനെയും വത്സലകുമാർ എന്ന അച്ഛനെയുമൊക്കെ സങ്കല്പലോകത്തിൽ വച്ച് സന്ധിക്കുന്ന പവിത ഗവേഷണമെന്ന പെരും

ചുമട് വലിച്ചെറിഞ്ഞ് കഥയുടെ ഒരുക്കുശീലുകളിലേക്ക് ചരിത്രത്തെ ഇണക്കിയെടുക്കുന്ന ദൃശ്യത്തിൽ നോവൽ അവസാനിക്കുകയാണ്.  A letter to America എന്ന ബൾഗേറിയൻ സിനിമയിൽ ഗുരുതരമായ രോഗത്തിനടിപ്പെട്ട കാമേൻ വിസ്മൃതിയിലാണ്ട തൻ്റെ ബാല്യത്തെയും മുത്തശ്ശിയെയും ഓർക്കുന്നു. പ്രണയവും മൃതിയുമൊക്കെ കൂടിച്ചേർന്ന് ഒരു നാടോടി ഗാനത്തിൻ്റെ ഓർമയിലെക്ക് അയാൾ അസ്വസ്ഥപ്പെട്ടു കറങ്ങുന്ന അവസ്ഥയുണ്ട്. അതുപോലെ ഓരോ ഗ്രാമത്തിൻ്റെയും ചേതങ്ങളുടെ ഓർമക്കൂത്തിൽ നൊമ്പരപ്പെടുന്നവരുടെ പ്രതിനിധിയാണ് പവിത . ലോകവികസന വ്യവസ്ഥ ഏല്പിക്കുന്ന ആഘാതങ്ങളിൽ സംസ്കാര സമ്പത്ത് വേരോടെ പിഴുതെറിയപ്പെട്ട ചെറിയ മനുഷ്യരുടെ തകർന്ന ലോകങ്ങളുടെ നടുമുറിയാണ് തട്ടാൻവിള എന്ന നോവലിൽ പി കെ  സുധി വിളക്കിച്ചേർത്തിരിക്കുന്നത് .

            വിവിധ ജാതിമതസ്ഥർ പ്രയോഗിക്കുന്ന ഭാഷ അവസരത്തിനൊത്ത് കഥാഗതിയിൽ ഇണക്കിച്ചേർത്തിരിക്കുകയാണ്. തട്ടാർജാതിക്കാർക്ക്, സ്വന്തം തൊഴിൽ പോലെ  (ചെമ്പു ചേർത്തുള്ള കൂട്ട്) നെടുമങ്ങാട്ടിൽ പരുവപ്പെട്ട  തമിഴും നെടുമങ്ങാൻ മലയാളവും ചേർത്തുള്ള വെങ്കല ഭാഷയാണ് വിനിമയ ഭാഷ.  തട്ടാൻവിളയിൽ  അതേ ഭാഷയുടെ ഈണവും താളവും കഥയ്ക്കിണങ്ങുംവിധം ചേർത്തിട്ടുണ്ട്. "ഇതേ മുല്ലപ്പൂവെ അവളുക്ക് മുടിക്കൊണ്ടയിൽ ചെരുവിക്കൊടുത്താൽ ഈ മുരുകണ്ണൻ ഇണ്ണെക്ക് പ്രാണ്ടി കുട്ടിച്ചതിൻ്റെ പാതിക്കെറുവിപ്പ് മാറുമെടാ " - ഇത്തരത്തിൽ അരുമയായ മൊഴിപ്പരുവം ഈ നോവലിൽ കാണാം. "ഇന്ദുക്കളായ അവമ്മാരിക്ക് നായരും ഈഴവരും വെളുത്തേടനുമായി സൊരുമിച്ചിരിക്കാൻ തന്നെ പറ്റണില്ല "  ഇത് നാടാർ വിഭാഗത്തിൽപ്പെട്ടവനുടെ പഴയ കാലത്തെ മൊഴിചന്തമാണ്. ഊര്ണ്ത് ,വെട്ടോരത്തി ഉളുപ്പൻ ,ലവൻ ,യാരിപ്പ് ,ചെല്ലക്കിളി ,നമക്ക് ,ചാണം ,വാർസോപ്പ്, നമ്മാട്ടി ,കണ്ടറാക്ക് ,കെട്ടിയെടുക്കുക ( ശാപവാക്ക്) ,എളവ് ,അന്നഴിക്കുക , വീടി എന്നിങ്ങനെയുള്ള അനേകം വാക്കുകളെ കൂടാതെ ശിവതാണു മെസിരി ,സുന്ദരിആത്താൾ ,കുഞ്ചാറുമേശിരി ,പീയണിക്കബലൂൺ , പൊടിയൻ, ജേബസ് ,ലേവിആശാൻ ,ദാനമ്മ ,കോവിപ്പിള്ള, ഇങ്ങനെ മൺമറഞ്ഞ നാമപദങ്ങളുടെ വിപുലമായ ശേഖരവും ആയതിൻ്റെ സാംസ്കാരിക പശ്ചാത്തലവും തട്ടാൻവിളയിൽ നിന്ന് വായിച്ചെടുക്കാം .

         ജാതിബന്ധങ്ങളെ പ്രശ്നവൽക്കരിക്കാതിരിക്കാൻ നാമൊക്കെ ആവുംവിധം ശ്രമിക്കുന്നുണ്ടല്ലോ. സത്യത്തിൻ്റെ കണ്ണാടിയിൽ തെളിയുന്ന വൈകൃതങ്ങളെ നേരിടാനുള്ള ഉള്ളുറപ്പില്ലായ്മയാണ് പ്രശ്നം. തട്ടാൻവിളയിലൂടെ പി കെ സുധി കരിപ്പൂരു പ്രദേശത്തിലെ ജാതി വ്യവസ്ഥയെ ഇഴകീറി പ്രശ്നവൽക്കരിച്ചിരിക്കുകയാണ്. ചൂഷണത്തിൻ്റെ  ,തട്ടിപ്പറിച്ചെടുക്കലിൻ്റെ നഷ്ടപ്പെടലുകളുടെ നേർചിത്രം കുടി ജാതിക്കുരുകളഴിക്കുമ്പോൾ വെളിവാകുന്നുണ്ട്‌. ഒരു ജാതികൂട്ടായ്മ  മറ്റൊരു കൂട്ടായ്മയെ എങ്ങനെ വീക്ഷിക്കുന്നുവെന്നത് കഥയുടെ നാനാവഴികൾക്ക് കേടുപ്പറ്റാത്ത വിധത്തിൽ ചന്തത്തിലാവിഷ്കരിച്ചിരിക്കുന്നുണ്ട്.   ഈ നോവൽ ,കെട്ടിയേൽപ്പിക്കപ്പെട്ട അപകർഷതാബോധത്തിൽ പെട്ടുകിടക്കുന്ന പാവംമനുഷ്യരുടെ കഥ കൂടിയായിക്കുന്നത് ജാതി പ്രശ്നങ്ങളെ നേരായി വിലയിരുത്തിയതു കൊണ്ടുകൂടിയാണ് .പണം വരുമ്പോൾ ജാതീയ കലങ്ങൾ കുറയുന്ന നേർകാഴ്ച ഗൾഫുപണവുമായെത്തിയ ശശാങ്കൻ്റെ അനുഭവത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നു.

         മൊറാർജിഭരണത്തിൽ സ്വർണനയത്തിൽ വന്ന മാറ്റത്തോടു കൂടി പൊന്നുവിളക്കി ജീവിച്ചു പോന്ന മനുഷ്യർ ആത്മഹത്യാമുനമ്പുകളിലേക്ക് ചേക്കേറാൻ തുടങ്ങി. ജാതി ഏല്പിച്ചിരിക്കുന്ന തൊഴിൽ വിലക്കിൻ്റെ ഭീഷണികൂടിച്ചേർന്ന് തട്ടാർ സമൂദായത്തെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന അന്തരീക്ഷമാണ് പരുവപ്പെട്ടു വന്നത്. മുതലാളിത്ത ഭരണകൂടങ്ങളുടെ സ്നേഹരഹിതമായ ഉടമ്പടികൾകൊണ്ട് ,സമാനമായസ്ഥിതി ലോകമെമ്പാടുമുള്ള ചെറു ചെറു കൂട്ടായ്മകൾക്ക് സംഭവിച്ചുകൊണ്ടേയിരിക്കുന്നു. 

       ഒരുജാതി സമൂഹം സ്വീകരിക്കുന്ന ലോകവീക്ഷണത്തിൻ്റെ ശക്തമായ സൂചനകൾ തട്ടാൻവിളയിലുണ്ട്. ഗാട്ടുകരാറിനെതിരെ കമ്യൂണിസ്റ്റുകാർ നടത്തുന്ന യോഗങ്ങളെ ഇക്കരാറു കൊണ്ടു തന്നെ ഗതികെട്ടുന്ന പോകുന്ന ജനത പരിഹസിക്കുകയാണ്‌. "ഇവടക്കെടന്നെന്നും മുദ്രാവാക്യം വിളിച്ചോണ്ടിരുന്നാ ഇവിടെമെന്നും പട്ടിക്കാടായി തന്നെ കെടക്കും .നമ്മുടെ നാടിന് ഒരിക്കലും നന്നാവാൻ വിതിയില്ല." എന്നാണ് ഈ പാവം സ്വർണപ്പണികാരൻ്റെ കമൻ്റ്. രണ്ടായിരത്തി രണ്ടിലെ ജീവനക്കാരുടെ നീണ്ട പണിമുടക്കിനെ "കള്ളക്കഴുവേറിടവന്മാര്  ,എവമ്മാരെയൊക്കെ ഒറ്റയടിക്ക് പിരിച്ചുവിടണം . കെടന്ന് തെണ്ടട്ട് "  എന്നാണ് അവർ പരിഹസിച്ചു തള്ളിയത്. എന്തും വാങ്ങാനും വിൽക്കാനും ഒരുക്കുന്ന സ്വതന്ത്ര ജനാധിപത്യ വിപണി ഒരുക്കുന്ന സമ്പ്രദായമാണ് വന്നു ചേരുന്നതെന്ന് ജ്വല്ലറികളിലെ മേശിരിമാർ ധരിച്ചു. ഒടുവിലവർ തൊഴിൽ നഷ്ടപ്പെട്ട് തെരുവിലലയുന്ന അവസ്ഥയുടെ കെട്ട കാഴ്ച എഴുത്തുകാരൻ ഉള്ളലിയുംവിധം എഴുതിയിട്ടുണ്ട്.

         തട്ടാൻവിളയിൽ നിസ്വൻ്റെ പാടും കേടും കിതപ്പും ചില ചെറുകുതിപ്പുകളുമാണുള്ളത്. രാത്രിയിൽ ഉറഞ്ഞു തുള്ളി ദൈവമായിത്തീരുന്ന ബ്രഹ്മജ്ഞാനമൊന്നുമില്ലാത്ത പാവപ്പെട്ടവൻ പകലുകളിൽ വിയർപ്പും വിശപ്പുമായുഴലുന്നതിൻ്റെ ഹൃദയഭേദകമായ ഉദാഹരണമാണ് ഭഗവതി ആത്താൾ എന്ന ദുരന്തകഥാപാത്രം.  ഉള്ളതിൻ്റെ ഉച്ചിയിൽ നിന്നും കരിമ്പട്ടിണിയുടെ അവസ്ഥയിലെത്തി പലവട്ടം രൂങ്ങിമരണം കൊണ്ടവൾ എല്ലാം അവസാനിപ്പിക്കുന്നു. അവരുടെ മകൻ വേലായുധൻമേശിരിയും തൂങ്ങിമരിക്കുകയാണുണ്ടായത്. മറ്റുള്ളവൻ്റെ സങ്കടങ്ങളെ നാട്ടുകൂട്ടവും അധികാരികളും എത്ര നിസ്സാരമായാണു കാണുന്നത്. എന്നതിനുള്ള നല്ല ഉദാഹരമാണ് ആ മരണരംഗവിവരണം ,അതുപോലെ നമ്മെ സ്പർശിക്കുന്ന രാജനും രാസാത്തിയും ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് വീട്ടിലെത്തിയ രാജൻ ,പെരിയപ്പാവും അപ്പനും അകാലമരണം വരിച്ചതോർത്തു മരണത്തെ മാറ്റിവച്ചു രാസാത്തിയോടൊപ്പം കിടക്കുന്നു. വെളുപ്പിന് അവൾ കിടുങ്ങുന്നതറിഞ്ഞ്  ഉണർന്ന് നോക്കിയപ്പോൾ അത് ഒടുക്കത്തിൻ്റെ പിടിച്ചിലായിരുന്നു. ഞാൻ കാത്തുവച്ച സയനൈഡ് അവൾ ഏതു വിധത്തിലാണ് രുചിച്ചത്  ?  ചവർപ്പായിരുന്നോ ? അതോ ഉപ്പോ  ?  ആ മരണത്തിൻ്റെ സ്വാദ് എന്തായിരുന്നു  ?   തിരുമണത്തിന് അവൾ ഇട്ടിരുന്ന ബ്ലൗസിൻ്റെ കക്ഷത്തിൽ ഇഴുകിച്ചേർന്നിരുന്ന മണം അവളുടേതായിരുന്നു. എനിക്കവളെ മണക്കാതിരിക്കാനാവില്ല.  എത്ര തന്നെ വിഷമമവും പ്രയാസങ്ങളുമുണ്ടായിരുന്നാലും  ഉള്ളിലേക്ക് വലിച്ച ആ മണം മൂക്കിൽ നിന്നും കാൽപ്പെരുവിരൽവരെ എത്തമ്പോൾ ഞാൻ ഇറങ്ങിക്കഴിയും. ഇത്തരം വിഷാദച്ചുഴികളിലലയുന്ന മനുഷ്യരുടെ ജീവിതമാണ് ഈ നോവലിൽ നിറഞ്ഞു നിൽക്കുന്നത്. ഓരോ കഥാപാത്രത്തിൻ്റെയും പച്ച ജീവിതം ചെറുതെന്നോ വലുതെന്നോ ഉള്ള വേർതിരിവുകളില്ലാതെ സൂക്ഷമായി കീറിയിട്ടിരിക്കയാണ് . അതുകൊണ്ടാണ് മറവിയുടെ വാതിൽ തള്ളിത്തുറന്ന് നമ്മെ അലോസരപ്പെടുത്തുന്ന പാവം ജീവിതങ്ങളുടെ ഇതിഹാസമായി തട്ടാൻവിള നിലയുറപ്പിച്ചിരിക്കുന്നത്.  

     

Share :