Archives / july 2021

കുളക്കട പ്രസന്നൻ
ഒറ്റ വോട്ടർ പട്ടികയിലേക്കുള്ള ദൂരം ?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന വിഷയം ചർച്ച ചെയ്യപ്പെടുന്നതിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം വച്ചു കഴിഞ്ഞു. അതിനായി അദ്ദേഹം മുന്നോട്ടു വച്ചിട്ടുള്ള നിർദ്ദേശം ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്നതാണ്. ഒന്നാം മോദി സർക്കാരിൻ്റെ കാലയളവിലും ഈ നിർദ്ദേശം ചർച്ച ചെയ്തതാണ്. എന്നാൽ ഇതിനോട്  പല രാഷ്ട്രീയ പാർട്ടികളും യോജിച്ചില്ല. മറ്റു രാഷ്ട്രീയ പാർട്ടികൾ അനുകൂലമായതുകൊണ്ടല്ല പ്രധാനമന്ത്രി ഈ വിഷയം വീണ്ടും ഉന്നയിക്കുന്നത്. മുൻപുളളതിനേക്കാൾ ബി ജെ പി സഖ്യത്തിന്  ലോക്സഭയിലും രാജ്യസഭയിലും അംഗങ്ങൾ കൂടി എന്നതുകൊണ്ടാണ്.

ഇന്ത്യ ഒരു രാജ്യമാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ വേണ്ടിയാണോ എന്നറിയില്ല മോദി സർക്കാർ ഏതു വിഷയത്തിലും ഒരു രാജ്യം എന്നുകൂടി ചേർക്കുന്നു. ഒരു രാജ്യം , ഒരു നികുതി, ഒരു വിപണി എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജി എസ് ടി നടപ്പിലാക്കിയത്. എന്നിട്ട് ജിഎസ്ടിയുടെ നേട്ടവും കോട്ടവും വിശകലനം ചെയ്യപ്പെടുന്നുണ്ടോ ? ഒരു പദ്ധതി നടപ്പിലാക്കാൻ ദേശീയ വികാരം ഉയർത്തുന്നതിന് വേണ്ടിയാണ് ഒരു രാജ്യം എന്നുകൂടി ഉൾപ്പെടുത്തുന്നത്. ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി എന്നതിനു പിന്നാലെ ഒരു രാജ്യം ,ഒരു ഭാഷ എന്നത് പരോക്ഷമായി ഹിന്ദിക്ക് പ്രാധാന്യം നൽകാൻ നീക്കമുണ്ടായി. ആ അപകടം തിരിച്ചറിഞ്ഞ് ഇതര ഭാഷാ വിഭാഗങ്ങൾ പ്രക്ഷോഭം തുടങ്ങിയപ്പോൾ ഹിന്ദിവാദം തട്ടിൻപ്പുറത്ത് വച്ചു.

ദേ, ഇപ്പോൾ ഒരു രാജ്യം , ഒറ്റ തെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യവുമായി വരുന്നു. 28 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന ഈ രാജ്യത്ത് ആറ് മതങ്ങളും നിരവധി ജാതി ഉപജാതികളും അതുകൂടാതെ പല ഭാഷകളും വ്യത്യസ്ത സംസ്കാരങ്ങളും കൊണ്ട് വൈവിധ്യം നിറഞ്ഞതാണ്. നാനാത്വത്തിൽ ഏകത്വം നമ്മുടെ രാജ്യത്തിൻ്റെ അന്ത:സത്തയാണ്. നാനാത്വത്തെ കാണാതെ എല്ലാം ഏകം ആകണമെന്ന ചിന്ത നമ്മുടെ രാഷ്ട്രത്തിനു യോജിച്ചതല്ല.

നമ്മൾ ചിന്തിച്ചു നോക്കുമ്പോൾ എങ്ങനെയാണ് ഈ രാജ്യത്തെ ഒറ്റ തെരഞ്ഞെടുപ്പിലേക്ക് കൊണ്ടു പോകുവാൻ കഴിയുക എന്നത് ആശങ്ക ഉളവാക്കുന്നതാണ്. 1952 ലും 1957 ലും നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടന്നു. എന്നാൽ  1959ൽ കേരള സർക്കാരിനെ പിരിച്ചുവിട്ടു. 1960 ൽ കേരളത്തിൽ തെരഞ്ഞെടുപ്പ് നടന്നു. അതായത് കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ പാർട്ടി സംസ്ഥാനങ്ങളിൽ അല്ലെങ്കിൽ അന്ന് കേരളത്തിൽ സംഭവിച്ചത് ഉദാഹരണമായി എടുക്കാം. അങ്ങനെ വരുമ്പോൾ പിരിച്ചുവിടപ്പെടുന്ന സംസ്ഥാന സർക്കാരിൻ്റെ ബാക്കി കാലയളവ് എങ്ങനെ പരിഹരിക്കും. അവിടം രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമോ ? ഈ ചോദ്യം വളരെ പ്രസക്തമാണ്. കാരണം രാജ്യം രാഷ്ട്രപതി ഭരണത്തിലേക്ക് കൊണ്ടു പോകുന്നതിൻ്റെ ചുവട് വയ്പാണോ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് മുദ്രാവാക്യം.

1967 വരെ കേന്ദ്രത്തിൽ അധികാരത്തിൽ ഇരുന്ന പാർട്ടിക്ക് അനുസൃതമായി സംസ്ഥാനത്ത് ഭരണമുള്ളിടത്തും ഒരുമിച്ച് നിയമസഭ - ലോക്സഭാ തെരഞ്ഞെടുപ്പുകൾ നടന്നു. പിന്നീട് അതുമില്ലാതെയായി. രാജ്യം വിവിധ തലങ്ങളിലൂടെ കടന്നു പോയി. അടിയന്തിരാവസ്ഥ, ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പിളർപ്പ്, ജനതാ പാർട്ടിയുടെ വളർച്ച, ജനതാ പാർട്ടി യിലെ പിളർപ്പ്, ജനതാദൾ രൂപീകരണവും ശക്തിപ്പെടലും തളർച്ചയും, ബി ജെ പിയിലേക്കുളള അധികാര മാറ്റം ഇതൊക്കെ സൂക്ഷമ പഠനം വേണ്ടതുണ്ട്. മതേതര പ്രസ്ഥാനങ്ങളിൽ നിന്നും മതാധിഷ്ഠിത പ്രസ്ഥാനത്തിലേക്ക് അധികാരത്തിൻ്റെ ചെങ്കോലും കിരീടവും മാറുമ്പോൾ പ്രസിഡൻഷ്യൽ ഭരണം കൊതിക്കുന്നുണ്ടോ എന്ന ചോദ്യത്തിലേക്കാണ് മോദിക്കാരിൻ്റെ നയങ്ങൾ വിരൽ ചൂണ്ടുന്നത്.

സ്ഥിര സംവിധാനമുള്ള രാജ്യസഭയുണ്ട്. ഒരു വേളയിൽ മൂന്നിൽ ഒന്നു ഒഴിവെ രാജ്യസഭയിൽ വരുന്നുള്ളു. ആറ് വർഷമാണ് രാജ്യസ സഭാംഗങ്ങളുടെ കാലാവധി. എം എൽ എ മാർ , നിയമസഭാംഗങ്ങൾ, ലോക്സഭാംഗങ്ങൾ, രാജ്യസഭാംഗങ്ങൾ ചേർന്ന് വോട്ട് ചെയ്ത് ഭൂരിപക്ഷാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന രാഷ്ട്രപതി ഉള്ള ഒരു രാജ്യമാണ്. ഇതു കണ്ടില്ലെന്ന് നടിച്ച് ജനാധിപത്യത്തെ ഇഞ്ചി ഇഞ്ചായി കൊല്ലാനുള്ള പദ്ധതിയുടെ ആദ്യ മരുന്നാണ് ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് . ജനാധിപത്യത്തെ മയക്കാനുളള മരുന്ന്.

ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്നത് കേൾക്കാൻ സുന്ദരമാണ്. അതിനേക്കാൾ സുന്ദരമാണ് തെരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കൽ. വന്നു വന്ന് എവിടേക്കാണ് പോകുന്നത്. അവസാനം ഫാസിസത്തിൻ്റെ മുഖം തെളിഞ്ഞു വരും. 

ആദ്യം വലിയ പാർട്ടികളെ ശിഥിലമാക്കും. അവസാനം ചെറു പാർട്ടികളെ വിഴുങ്ങും. ഏകാധിപത്യത്തിലേക്കുള്ള പാത തെളിയുന്നത് ഒറ്റ വോട്ടർ പട്ടികയിലേക്കുളള ദൂരം വരെയുള്ളു. അന്ന് നമ്മൾ കേൾക്കുമോ ഒരു രാജ്യം, ഒരു നേതാവ്, ഒരു പാർട്ടി എന്ന മുദ്രാവാക്യം.

കമൻ്റ്: തെരുവിൽ ശബ്ദിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിൻ്റെ ശക്തി. അതില്ലാതായാൽ കൊവിഡ് പ്രതിരോധത്തിനായി ക്വാറൻ്റൈനിൽ കഴിയുന്ന മനുഷ്യൻ്റെ അവസ്ഥയാകും. ഈ പുതിയ കാലഘട്ടത്തിൽ മറ്റൊരു ഉദാഹരണം വേണോ ?

Share :