Archives / 

ഫില്ലീസ് ജോസഫ്
ആദ്യകുർബാനസ്വീകരണം( ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ_11)

 അതിരാവിലെ കായലിനക്കരെയുള്ള അമ്പലത്തിലെ സുപ്രഭാതം കേട്ടുണർന്നാൽ പിന്നെ മുറ്റമടിക്കലും ആടിന് തീറ്റ കൊടുക്കലുമായി ഞാനും അനിയനും പറമ്പായ പറമ്പിലൊക്കെ കറങ്ങും. നീളൻ കമ്പിയിൽ കുത്തിയെടുക്കുന്ന പഴുത്ത പ്ലാവിലകൾ കാത്ത് അമ്മയുടെ കുഞ്ഞാടുകൾ ഞങ്ങളുടെ വരവിനെ പ്രതീക്ഷിച്ച് നിൽക്കുന്നുണ്ടെന്ന ചിന്ത എന്നെയും അനിയനേയും ഉന്മേഷഭരിതരാക്കാറുണ്ടായിരുന്നു.

അപ്പന് ഓഫീസിലേയ്ക്ക് പൊതിച്ചോറ് ഒരുക്കാൻ അമ്മ ബുദ്ധിമുട്ടുന്നത് ഞാൻകാണാറുണ്ടായിരുന്നു. തേങ്ങാചമ്മന്തി അരകല്ലിൽഅരച്ചെടുക്കുന്നതും മീൻ വെട്ടി പൊരിച്ചെടുക്കുന്നതും വാഴക്കൂമ്പും പയറും തോരൻ വയ്ക്കുന്നതും ഞാൻ നോക്കി നിൽക്കാറുമുണ്ടായിരുന്നു.

ഇടതുകയ്യിൽ നാലു വിരലുകളില്ലാത്ത അപ്പൻ തേങ്ങ പൊതിച്ചു തിരുമ്മിയെടുക്കുന്നതും വാഴയില വാട്ടി പൊതിച്ചോറ് കെട്ടുന്നതും മനസിൽ തെളിമയോടെ നിൽപ്പുണ്ട്. 

ആദ്യത്തെ കുഞ്ഞായ ഞാൻ ജനിച്ചപ്പോൾ അപ്പൻ ആദ്യം നോക്കിയതും ഉമ്മ വച്ചതുംകൈകളിലാണെന്ന് അമ്മ പറയാറുണ്ട്.

സത്യസന്ധമായ ഒത്തൊരുമയും പരസ്പര വിശ്വാസത്തോടെയുള്ള പവിത്രസ്നേഹവുമാണ് എല്ലാ കാലത്തും ദാമ്പത്യ ബന്ധത്തിന്റെ അടിത്തറ

ബഹുമാനത്തോടെയുള്ള പെരുമാറ്റങ്ങളും പരസ്പരം പരിഗണിക്കുന്ന സംഭാഷണങ്ങളും കാലം തോൽക്കുന്നൊരു കവിതയാക്കി മാറ്റിയ ദാമ്പത്യം കണ്ടുവളരാൻ കഴിഞ്ഞതേ പുണ്യം.

എന്റെ അഞ്ചാം ക്ലാസിലെ ഓണപ്പരീക്ഷ തുടങ്ങുന്നതിന് മുൻപേയുള്ള ഒരു ഞായറാഴ്ച അക്കരെയമ്മച്ചി കൂർ ബാന കഴിഞ്ഞ് ഞങ്ങളുടെ വീട്ടിലെത്തി. പരീക്ഷപ്പേടി മാറ്റാനുള്ള പ്രാർത്ഥനയുമായി അക്കരെയമ്മച്ചി വരുന്നത് എനിക്കും അനിയനും വലിയസന്തോഷമായിരുന്നു. 

അടുക്കളയിലെ തടിക്കസേരയിൽ ഇരുന്ന് അക്കരെയമ്മച്ചി അമ്മയോട് അന്ന് അടക്കം പറഞ്ഞത് ഞാൻ കേട്ടു നിന്നു. "മോളേ,പെൺകുട്ടികൾ ഋതുമതികളാക്കുന്നതിന് മുൻപ് ദിവ്യകാരുണ്യ സ്വീകരണം നടത്തണം..ഇവിടൊക്കെ അതാ പതിവ്. ഈ വരുന്ന മെയ്യിൽ ലീനാമോളെ ആദ്യകുർബാന സ്വീകരിപ്പിക്കണം".

"ഈ എലുമ്പൂസിനെയോ"അമ്മ ചിരിച്ചു. അക്കാലത്തൊക്കെ ചിറ്റപ്പൻമാർ എന്റെ കൈ പിടിച്ച് "ഇതെന്തുവാടീ മോളേ..മരകമ്പാണോ ..ഒടിക്കട്ടെ"യെന്ന് ചോദിക്കുന്നതും ഭക്ഷണം നന്നായി കഴിക്കണമെന്ന് ഉപദേശിക്കുന്നതും പതിവായിരുന്നു.

അങ്ങനെ അഞ്ചാം ക്ലാസിലെ ഓണാവധിക്ക് എന്റെആദ്യകുർബാനസ്വീകരണം എല്ലാവരും ചർച്ച ചെയ്തു.

പള്ളിയുടെ മദ്‌ധ്യസ്ഥനും തൊഴിലാളി മദ്ധ്യസ്ഥനും ഈ നാടിന്റെ കാവലാളുമായ വി.യൗസേപ്പ് പിതാവിന്റെ തിരുനാൾ ഏപ്രിൽ അവസാന ആഴ്ചയിൽ തുടങ്ങി മെയ് ഒന്നാം തിയതി അവസാനിക്കും. അന്നാണ് കുട്ടികൾക്കെല്ലാവർക്കും ആഘോഷമായ ആദ്യകുർബാന. വെള്ളവസ്ത്രവും കിരീടവും ചൂടി മാമോദീസാദിനത്തിൽ പേരിട്ട തലതൊട്ടപ്പനും തലതൊട്ടമ്മയ്ക്കുമൊപ്പം (നിർഭാഗ്യവശാൽ എന്റെ ഗോഡ് പേരന്റ്സിന് അന്നത്തെ ചടങ്ങിനെത്താനായില്ല. പിന്നീടൊരു ദിവസം സമ്മാനങ്ങളുമായി അവരെത്തുകയായിരുന്നു)പള്ളിയിലേക്കുള്ള വരവും ദിവ്യബലിയും മറക്കാനാവാത്ത സുദിനമാണ് ഈ നാട്ടിലെ എല്ലാ ബാല്യങ്ങൾക്കും.

മാർച്ച് _ഏപ്രിൽ മാസങ്ങളിലായി നടക്കുന്ന പരിശീലനങ്ങൾക്കൊടുവിൽ അച്ചടക്കത്തോടും വിശുദ്‌ധിയോടും  ദൈവമെന്ന വിശ്വാസത്തെ പുൽകാനൊരുങ്ങുന്ന പത്ത് വയസുകാരിയുടെ നൈർമല്യത്തിന്റെ സുഗന്‌ധം , മനുഷ്യനിലെ ദൈവസാന്നിദ്ധ്യം മരവിച്ച ഈകാലഘട്ടത്തിലുമെന്റെ ജീവിതത്തിന് തുണയാവാറുണ്ട്.

Share :