Archives / November 2020

ശ്രീല.കെ.ആർ
ശ്വാസക്കാറ്റ്

കത്തിയമർന്ന് ചാരമായാൽ

നിനക്ക് എന്നെ

കൊത്തിയെടുക്കാനാവില്ല !

 

ശീതീകരിച്ച ഒരറയിൽ

ഞാനെൻ്റെ ഹൃദയം

നിനക്കായ് മാത്രം

സൂക്ഷിച്ചു വെയ്ക്കാം

 

നീ പകർന്ന പ്രണയത്തിൻ്റെ

മഞ്ഞിൽ അതിനെ പൊതിയാം!

 

ഓർമ്മകളുടെ കുന്തിരിയ്ക്കം

പുകച്ച് അതിന് സുഗന്ധം നിറയ്ക്കാം!

 

പ്രിയനേ ,

 

ഞാൻ കൊഴിഞ്ഞു വീണാലും

നിൻ്റെ പ്രണയം വെന്തെരിഞ്ഞാലും ഓർമ്മകൾ എൻ്റെ ഹൃദയത്തെ ചുറ്റി

മീവൽ പക്ഷികളായ്

തത്തിക്കളിയ്ക്കും!

 

തണുപ്പിറ്റിയ പ്രണയമാണിന്നും

ഹൃദയത്തിൽ തണലായ്

കുട നിവർത്തുന്നത്!

 

വരണ്ടദാഹങ്ങളെ

ഇളനീരു നൽകി

ഇന്നും കുളിർപ്പിയ്ക്കുന്നത് !

 

ഉഷ്ണക്കാറ്റടിച്ച്

ഇലയെല്ലാം അടർന്ന

മരത്തിൽ പുതു തളിരുകൾ

തുന്നിച്ചേർക്കുന്നത്!

 

തീ തിന്ന രാവുകളെ

മഴ പെയ്തു പെയ്ത്

ആറ്റിത്തണിപ്പിയ്ക്കുന്നത്!

 

പ്രണയമേ ,നിൻ ശ്വാസക്കാറ്റില്ലെങ്കിൽ

ഞാൻ എന്നേ വിണ്ടടർന്ന്

നിലംപതിച്ചേനേം!

 

മരണം കൊണ്ട്

എന്നെ മറക്കുവാൻ

നിനക്കാവുമെങ്കിൽ

അത് എൻ്റെ പരാജയം!

 

എനിയ്ക്ക് നീ പകർന്ന

പ്രണയം എൻ്റെ മരണംവരെ

എന്നോടൊപ്പം ഉണ്ടാകുമെന്ന്

എന്നെ വിശ്വസിപ്പിച്ചിട്ട്

തകർന്നുടഞ്ഞ വിശ്വാസം

എൻ്റെ പരാജയമല്ലേ ?

 

നീ മാത്രമുള്ള എൻ്റെ ഹൃദയം

തകർന്നുടയുമ്പോൾ എനിയ്ക്കൊപ്പം നീയും ..

തകരുമെന്ന ചിന്തയിൽ എൻ്റെ മരണം!

 

കാൽവിരലുകളിൽ

നിന്നെ കാത്തുനിന്ന് കുഴിഞ്ഞു പോയ മൺ തരികൾ ബാക്കി വെയ്ക്കുന്ന അടയാളങ്ങളിൽ

എൻ്റെ ഓർമ്മകൾ ചതഞ്ഞരഞ്ഞ് ....

 

 

 

Share :