Archives / November 2020

 കെ.ജി.സുഷമ
വസന്തം

നീല ജാലകവിരി നീക്കി 

നീയെൻ്റെ സ്വപ്നത്തിലെത്തുമ്പോൾ

വാതിൽ തുറന്ന് ഞാൻ വസന്തത്തിലേക്കിറങ്ങുന്നു... 

നീ വസന്തത്തിന്റെ സന്ദേശവാഹകൻ.

അഗാധത്തിലമർന്നു കിടന്നവിത്തുകൾ

 ഒറ്റ തുള്ളിവർഷത്തിലപ്പോൾ 

വളർന്നു പടർന്നു പൂവിടും

ഒരോ വിത്തിലും ഒളിച്ചിരുന്ന മഹാ

വൃക്ഷങ്ങൾ  കിളികൾക്കു

കൂടൊരുക്കാൻ ചില്ലകൾ നിർത്തും

കാട്ടിലെ കുയിലും വാനിലെ വാനമ്പാടിയും

പാട്ടിൻ്റെ വസന്തം തീർക്കും വനിയിൽ

കാറ്റിൻ്റെ തേരിൽ നീയെത്തുമ്പോൾ

 നിന്നെ വരവേൽക്കാൻ ഞാൻ 

താഴ് വരയിൽ കാത്തുനിൽപ്പുണ്ടാവും...

നിലാവും മിന്നാമിന്നികളും വഴികാട്ടും

രാവിൽ നിനക്കായ് പ്രണയത്തിൻ്റെ 

ശോശന്ന പുഷ്പങ്ങൾ

ഞാൻ കരുതി വയ്ക്കും...

മുന്തിരിച്ചാറു നിറഞ്ഞ ചഷകം

നിറഞ്ഞു തുളുമ്പുന്നുണ്ടാവും...

നിൻ്റെ ശ്വാസത്തിൻ്റെ ഗന്ധമേറ്റ് 

പൂക്കൾ മിഴി തുറക്കും.

വസന്തം ഭൂമിയെ വിവശയാക്കും....

നിലാവ് നീല നനുത്ത വിരിപ്പ്

ഭൂമിക്കുമേൽ നീർത്തുമ്പോൾ

താരകൾ മിഴി ചിമ്മും...

 

 

Share :