Archives / july 2021

കുളക്കട പ്രസന്നൻ
പത്ര- ദൃശ്യമാധ്യമങ്ങളുടെ ശ്രദ്ധയ്ക്ക്

കേരളത്തിൽ കൊവിഡ് വ്യാപനം വലിയ രീതിയിൽ ഉണ്ടാകാതെ പോയതിനു പ്രധാന ഘടകം മാധ്യമങ്ങളാണ്. ആരോഗ്യ പ്രവർത്തകർ നൽകുന്ന കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ യഥാസമയം സമൂഹത്തിനു മുന്നിൽ എത്തിക്കുന്നതിൽ പത്ര-ദൃശ്യ മാധ്യമങ്ങൾ ജാഗ്രത പുലർത്തി എന്നത് വലിയ സത്യമാണ്. ആ സത്യം നിലനിൽക്കുമ്പോൾ തന്നെ  ജനങ്ങൾ ജാഗ്രത പുലർത്തുന്നതിന് ചില വിഷയങ്ങളിൽ കൂടി ശ്രദ്ധ വേണ്ടതല്ലെ എന്നൊരു ചിന്ത ഉദിക്കുന്നു.

ദൃശ്യ മാധ്യമങ്ങളിൽ ഒരു  വാർത്ത വായിക്കുമ്പോൾ അതിനൊപ്പം ദൃശ്യമുണ്ടാകുമല്ലോ ? ആ ദൃശ്യം ചിലപ്പോൾ കൊവിഡിനു മുൻപുള്ളതാകും. ഈ ദൃശ്യമാകട്ടെ കൂടെ കൂടെ കാണിച്ചു കൊണ്ടിരിക്കും. അതുചിലപ്പോൾ പഴയ ഒരു സമര പരിപാടിയായിരിക്കും. അല്ലെങ്കിൽ പഴയ തെരഞ്ഞെടുപ്പ് പൊതുയോഗമാകാം. അങ്ങനെ ഒരു വിഷ്വലാകാം വാർത്തക്കൊപ്പം നൽകുന്നത്. ഇതു കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകൻ കരുതുക ഇപ്പോഴുള്ള ഒരു സംഭവത്തിൻ്റെ ദൃശ്യമാണെന്ന്. മാസ്കില്ലാതെ , സാമൂഹിക അകലം പാലിക്കാതെയുള്ള ഇത്തരം ദൃശ്യങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ മറക്കാനുള്ള ഒരു ഘടകമാകില്ലെ ? ഒന്നു ചിന്തിച്ചു നോക്കുക.

ജനങ്ങൾ ആദ്യഘട്ടങ്ങളിൽ പുലർത്തി വന്ന ജാഗ്രത ഇപ്പോഴുണ്ടോ എന്നുകൂടി പരിശോധിക്കുന്ന ഘട്ടത്തിലാണ്  ദൃശ്യമാധ്യമങ്ങളിലെ ഇത്തരം വിഷയങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നത്. നമ്മൾ ഒന്നു ചിന്തിച്ചെ ? ഓണക്കാലത്ത് മലയാളികളുടെ ശ്രദ്ധ ഓണത്തെ കുറിച്ചായിരുന്നു . ആ സമയത്ത് കൊറോണ വ്യാപനം കൂടി. ഇപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ്. ഓരോ പ്രദേശവും തെരഞ്ഞെടുപ്പ് ലഹരിയിലായി കഴിഞ്ഞു. ഇനി വോട്ടെടുപ്പ് കഴിഞ്ഞ് വോട്ട് എണ്ണി അധികാരവും ഏൽക്കുന്നതു വരെ തെരഞ്ഞെടുപ്പ് ലഹരി കൂടുകയല്ലാതെ കുറയുമോ ? അതിനു പിന്നാലെ പുതുവത്സരാഘോഷം വരുന്നു. അപ്പോൾ കാര്യം നിസ്സാരമല്ല എന്നു ചുരുക്കം.

കൊവിഡ് ബാധിച്ച് 2148 പേർ 2020 നവംബർ 26 നകം കേരളത്തിൽ മരണപ്പെട്ടു. എന്നാൽ കൊവിഡ് തരംഗം ഉണ്ടായാൽ സ്ഥിതി വഷളാകും .കൊവിഡ് തരംഗം ഉണ്ടാവാതിരിക്കാനുള്ള മുൻകരുതൽ മുൻകാലത്തെക്കാൾ വേണ്ടതുണ്ട്. അതിനു പ്രത്യേക പദ്ധതികൾ തന്നെ വേണ്ടി വരില്ലെ ?

ടി വി വാർത്താ ചാനലുകളിൽ മാസ്ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതുമായ ആൾക്കൂട്ട ദൃശ്യങ്ങൾ ഒഴിവാക്കാൻ കഴിയണം. ചാനൽ ചർച്ചയ്ക്ക് ഇരിക്കുന്നവർ അവർ അവരുടെ വീടുകളിൽ നിന്നു കൊണ്ടാവും തത്സമയം ചർച്ചയിൽ പങ്കെടുക്കുന്നത്. എന്നിരുന്നാലും ബോധവത്കരണം എന്ന രീതിയിൽ ആ സമയത്ത് സ്ക്രീനിൽ മാസ്കിൻ്റെ സന്ദേശം എഴുതി കാണിച്ചാൽ  അത് പ്രേക്ഷകരുടെ ജീവിത ശൈലിയെ സഹായിക്കും.

വീട്ടുകൾ കയറി സ്ഥാനാർത്ഥികൾ പരിചയപ്പെടുമ്പോൾ സ്ഥാനാർത്ഥി മാസ്ക് വച്ച് സംസാരിക്കുന്നതാണ് നല്ലത്. ഈ വിഷയത്തിൽ ശ്രദ്ധിക്കാൻ കഴിയില്ലെങ്കിൽ എന്ത് സന്ദേശമാണ് ഒരു സ്ഥാനാർത്ഥിക്ക് സമൂഹത്തിന് നൽകാൻ കഴിയുക. നവ മാധ്യമങ്ങളിലെ പോസ്റ്റുകളിലും ചുവരിൽ പതിക്കുന്ന പോസ്റ്ററിലും സ്ഥാനാർത്ഥിയുടെ മുഖം തെളിഞ്ഞു നിൽക്കുന്നതു പോരെ.

സ്ഥാനാർത്ഥി പ്രചരണ സാമഗ്രികളിൽ  മാസ്കിൻ്റെ ചിത്രം കൂടി നൽകേണ്ടതാണ്. അതുപോലെ വീടുവീടാന്തരം കയറുന്ന സ്ഥാനാർത്ഥിയും പ്രവർത്തകരും കൂടെ കൂടെ സാനിട്ടൈസർ ഉപയോഗിക്കേണ്ടതാണ്. ഈ വിഷയങ്ങൾ തെരഞ്ഞെടുപ്പ് സംബന്ധമായ വാർത്താവേളയിൽ ദൃശ്യമാധ്യമങ്ങൾക്ക് ഓർമ്മപ്പെടുത്താവുന്നതാണ്.

ടി വി യിൽ സിനിമാ- സീരിയൽ സമയത്ത് പുകവലിയുടെയും മദ്യപാനത്തിൻ്റെയും ദൃശ്യം വരുമ്പോൾ  നിയമപ്രകാരമുള്ള മുന്നറിയിപ്പ് എന്നത് മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം എഴുതി കാണിക്കാറില്ലെ. അതുപോലെ സിനിമയിലെയും സീരിയലിലെയും ആൾക്കൂട്ടം തുടങ്ങിയ കൊവിഡ് പ്രോട്ടോക്കോൾ വേണ്ടുന്ന സന്ദർഭത്തിൽ കൊവിഡിനെതിരെ ആവശ്യമായ ജാഗ്രതയെ കുറിച്ച് എഴുതി കാണിക്കുന്നതിന് നിയമം വേണ്ടതല്ലെ. ഇതൊക്കെ നേരമ്പോക്കായി പറയുന്നതല്ല.

പത്രങ്ങളിൽ ആദ്യ പേജിൽ ഒരു ചെറിയ കോളം കൊവിഡിനെതിരെ ഒരു കുറിപ്പ് സ്ഥിരമായി നൽകുന്നത് ജനങ്ങൾക്ക് സഹായകരമാകും. 

പത്ര- ദൃശ്യമാധ്യമങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി ജാഗ്രത പുലർത്തുന്ന ജനാധിപത്യത്തിൻ്റെ നാലാം തൂൺ ആണ്. ആ തൂണിൻ്റെ ശക്തി ജനങ്ങളും. 

കൊവിഡ് പ്രതിരോധ വാക്സിൻ വന്നാലും എല്ലാവരിലും എത്തുമ്പോഴത്തേക്കും 2021 കഴിയും. അതുവരെ ജാഗ്രതയല്ലാതെ മറ്റൊരു വാക്സിൻ ഇല്ല. അതിനായി പത്ര- ദൃശ്യമാധ്യമങ്ങൾ കരുതലായി കൂടെ ഉണ്ടാവണം.

കമൻ്റ്: ഇത് സാക്ഷര കേരളമാണ്. അതിനാൽ മറ്റുള്ളവരിൽ നിന്ന് കാര്യങ്ങൾ ഉൾക്കൊള്ളാൻ വിമുഖത പലരിലും ഉണ്ട്. അവർക്ക് പത്ര-ദൃശ്യ മാധ്യമങ്ങൾ ഗുരുനാഥരാവണം. അല്ലേൽ സാക്ഷര കേരളം മുറി വൈദ്യന്മാർക്കൊപ്പം കൂടും. അത് നാടിനാപത്തല്ലെ ?

Share :