Archives / october2022

എം.കെ .ഹരികുമാർ
മഹാസത്യങ്ങൾക്കിടയിൽ 

മാർകസ് ഒറേലിയസ് ഒരു റോമാ ചക്രവർത്തിയായിരുന്നു.എന്നാൽ റോം കത്തിയെരിഞ്ഞപ്പോൾ അത് അണയ്ക്കാൻ ശ്രമിക്കാതെ ,സ്വന്തം തംബുരുവിൽ വിരലോടിച്ചുകൊണ്ടിരുന്ന നീറോ ചക്രവർത്തി കുപ്രസിദ്ധനായി നമ്മുടെ മുമ്പിൽ നില്ക്കുന്നു. അവിടെ സ്വന്തം കൊട്ടാരം പണിയാൻ നീറോ തന്നെ തീയിട്ടതാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. മാർകസ് ഒറേലിയസ് അങ്ങനെ സ്വയം ചീത്തയായില്ല .അദ്ദേഹം നല്ല കാര്യങ്ങൾ ,അതെത്ര അപ്രിയമാണെങ്കിലും, പഠിച്ചു.മുഖത്ത് നോക്കി സത്യം പറയുന്നവരോട് വെറുപ്പ് തോന്നരുതെന്ന് മതചിന്തകനായ ഡയഗ്നീറ്റസ് പറഞ്ഞുകൊടുത്തത് അദ്ദേഹം ജീവിതത്തിൽ പ്രാവർത്തികമാക്കി. വേറൊരു രീതിയിൽ പറഞ്ഞാൽ ,ഒറേലിയസ് ഒന്നും താൻ കണ്ടുപിടിച്ചതാണെന്ന് അവകാശപ്പെടാതെ നമ്മെ മഹാസത്യങ്ങൾക്കിടയിലൂടെ നടത്തിച്ചു. പലരും പലപ്പോഴായി പറഞ്ഞതിൽ നിന്ന് സത്യങ്ങൾ തിരഞ്ഞെടുക്കാനും അതിൻ്റെ അന്തരാർത്ഥങ്ങൾ മനസിലാക്കാനും ഒറേലിയസ് ശീലിച്ചു. ഇതൊരു സിദ്ധിയാണ്;ആന്തരിക ഊർജമാണ്.

നമുക്ക് എന്തെല്ലാം വഴികൾ ജീവിതത്തിൻ്റെ പ്രശ്നബാഹുല്യങ്ങൾക്കിടയിൽ തെളിഞ്ഞു കിട്ടുന്നുണ്ട്.പക്ഷേ, ഉള്ളിലെ സംശയാലു അതിനെയെല്ലാം തള്ളിക്കളയുകയാണ് ചെയ്യുന്നത്. എല്ലാറ്റിനെയും ദോഷൈക് ദൃക്മനോഭാവത്തോടെ നിരാകരിക്കുന്നതു കൊണ്ടാണ് ഭൂരിപക്ഷം മനുഷ്യർക്കും ഇരുട്ടിൽ തപ്പിത്തടയേണ്ടിവരുന്നതെന്ന് സൂചിതമാവുന്നു .

മാർകസ് ഒറേലിയസ് എഴുതിയ 'മെഡിറ്റേഷൻസ് ' എന്ന കൃതി വളരെ പ്രസിദ്ധമാണ്. ഒറേലിയസ് എന്ന ചക്രവർത്തി ചരിത്രത്തിൻ്റെ ഗഹനമായ വിസ്മൃതിയിൽ മരിച്ചു വെങ്കിലും ,അദ്ദേഹം പലപ്പോഴായി കുറിച്ചിട്ട ചിന്തകൾ നശിച്ചില്ല; മെഡിറ്റേഷൻസ് എന്ന പുസ്തകമായി അതു നമ്മുടെ മുമ്പിലുണ്ട്. മാത്രമല്ല ,നൂറ്റാണ്ടുകളായി അത് വായനക്കാരെ വിശുദ്ധരാക്കുകയും ജ്ഞാനികളാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

161 മുതൽ 180 എ.ഡി വരെയാണ് ഒറേലിയസ് ഭരിച്ചത്.പത്താം നൂറ്റാണ്ടു വരെ ഈ കൃതിയെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.പത്താം നൂറ്റാണ്ടിൽ ബിഷപ്പ് അരിത്തസ് തൻ്റെ കൈയെഴുത്ത് പ്രതികളുടെ ശേഖരത്തിൽ നിന്ന് കണ്ടെടുത്തതാണ് ഇപ്പോൾ പുസ്തകരൂപത്തിൽ നാം കാണുന്ന കൃതിക്ക് ആധാരമായിട്ടുള്ളത്. അദ്ദേഹം അത് ആർച്ച് ബിഷപ്പ് ദമിത്രിയസിനു അയച്ചുകൊടുത്തതോടെയാണ് ഒറേലിയസിൻ്റെ ചിന്തകൾക്ക് വെളിച്ചം കാണാനുള്ള വഴി തെളിഞ്ഞത്.

ഒറേലിയസിൻ്റെ പുസ്തകം 'മെഡിറ്റേഷൻ ' എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഹസ്സൻ കൊല്ലിമല (ഇൻസൈറ്റ് പബ്ളിക്ക ) ഉചിതമായ കാര്യമാണ് ചെയ്തത്.സാധാരണ വായനക്കാർക്ക് ഈ ജീവിതതത്ത്വവിചാരങ്ങൾ അറിയാനുള്ള അവസരമൊരുക്കിയല്ലോ.
ഗ്രന്ഥത്തിൽ നിന്ന് ഒരു ഭാഗം ഉദ്ധരിക്കാം:
"എല്ലാ വസ്തുക്കളും അനുഭവത്തിൽ വിരസവും കാലത്തിൽ നൈമിഷികവും ഉള്ളടക്കത്തിൽ ക്ഷണികവുമാണ്. എല്ലാ അർത്ഥത്തിലും മരിച്ചവരും മറ വാക്കപ്പെട്ടവരും കണ്ടിരുന്ന ആ ദിനങ്ങൾ തന്നെയാണ് നിങ്ങളും കണ്ടുകൊണ്ടിരിക്കുന്നത്. വസ്തുക്കൾ നമ്മുടെ ശരീരകവാടത്തിൻ്റെ പുറത്താണ് നില്ക്കുന്നത്‌. അവ എന്താണോ അവ മാത്രമാണ് അവ. അവയ്ക്ക് അവയെക്കുറിച്ച് സ്വയമൊന്നുമറിയില്ല. അവ അവയെക്കുറിച്ച് സ്വന്തമായ ഒരു വിധിനിർണയവും നടത്തുന്നില്ല. അപ്പോൾ വിധി നിർണയങ്ങൾ നടത്തുന്നത് നമ്മുടെ മാർഗദർശിയും നിയന്ത്രകനുമായ യുക്തിയാണ്."

Share :