Archives / february 2021

വിനോദ് വി ദേവ്.
കവികളും കാവ്യവിദ്യാസങ്കല്പവും

 "ശബ്ദാർത്ഥൗ സഹിതൗ കാവ്യം " എന്ന് കാവ്യചിന്തകനായ

ഭാമഹാചാര്യർ കവിതയെ നിർവചിച്ചിട്ടുണ്ട്. അതായത് ശബ്ദവും അർത്ഥവും കൂടിച്ചേരുന്നത് കാവ്യം. സമ്യക്കായ ശബ്ദവും അർത്ഥവും കൂടിച്ചേർന്നാൽ രസനിഷ്യന്ദിയായ കാവ്യം ജനിക്കുമെന്ന കാര്യത്തിൽ പണ്ഡിതൻമാർക്കുകൂടി അഭിപ്രായവ്യത്യാസം വരുവാനില്ല. മഹാകവി കാളിദാസൻ വാക്കിനെയും അർത്ഥത്തേയും ജഗത്പിതാക്കളായ പാർവ്വതീപരമേശ്വരൻമാരായി സങ്കല്പിച്ചിട്ടുണ്ട്. ലോകസംരക്ഷണത്തിനുവേണ്ടി ജഗത്പിതാക്കൾ എങ്ങനെ കൂടിച്ചേരുന്നുവോ അതുപോലെ വാക്കുമർത്ഥവും സമ്യക്കായി സമ്മേളിച്ചാൽ ഉത്കൃഷ്ടമായ കാവ്യം  സൃഷ്ടിക്കപ്പെടുമെന്ന് കാളിദാസൻ വിശ്വസിച്ചിരുന്നു. കവിയുടെ കാവ്യവിദ്യാസങ്കല്പം തന്നെയാണിത്. ഓരോ കവിക്കും അവരുടേതായ കലാസങ്കല്പങ്ങളുണ്ട്. അതിൽ പ്രാചീനരെന്നും ആധുനികരെന്നും ഭേദമില്ല . കവിതയെ സാമൂഹ്യപുരോഗതിയ്ക്കുള്ള ആയുധമാക്കിമാറ്റി സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ ധീരമായി തൂലിക ചലിപ്പിച്ച കവിയാണ് കുമാരനാശാൻ. ഈ കാവ്യകലാസങ്കല്പത്തിലൂടെ കവിയുടെ ജീവിതദർശനം തന്നെയാണ് പ്രതിഫലിയ്ക്കുന്നത്. മഹാകവി വള്ളത്തോൾ ദേശീയബോധം ,സ്വഭാഷാപ്രേമം  ,സാംസ്കാരികബോധം എന്നിവ പ്രമേയമാക്കിക്കൊണ്ട് തന്റെ കാലഘട്ടത്തിലെ സാമൂഹിക മാമൂലൂകളോട് സൗന്ദര്യാത്മകമായി കലഹിച്ചു. 

" തുടുവെള്ളാമ്പൽപ്പൊയ്കയല്ല ,ജീവിതത്തിന്റെ ,

കടലേ ,കവിതയ്ക്കു ഞങ്ങൾക്കു മഷിപ്പാത്രം "

എന്നു വൈലോപ്പിള്ളി പാടുമ്പോൾ ഈ കലാസങ്കല്പം ജീവിതദർശനമായിത്തന്നെ മാറുന്നതു നമുക്ക് അനുഭവവേദ്യമാണ്.

       പച്ചമലയാളത്തിലെഴുതപ്പെട്ട ആദ്യത്തെ മഹാകാവ്യമായ "കൃഷ്ണഗാഥയിൽ " ചെറുശ്ശേരിയുടെ കാവ്യകലാസങ്കല്പവും ജീവിതവീക്ഷണവും നമുക്കു കാണാം. ഭക്തിമാർഗ്ഗത്തിൽ വിരചിയ്ക്കപ്പെട്ട കൃതിയാണെങ്കിലും ലൗകികമായ സൗന്ദര്യം ഈ കൃതിയിൽ ആദ്യന്തം പ്രതിഫലിച്ചുനിൽക്കുന്നു.

" പാലാഴിമാതുതാൻ പാലിച്ചുപോരുന്ന ,

കോലാധിനാഥനുദയവർമ്മൻ,

ആജ്ഞയെ ചെയ്കയാൽ അജ്ഞനായുള്ള ഞാൻ 

പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോൾ ..!

ദേവകീസൂനുവായ് മേവിനിന്നീടുന്ന

കേവലംതന്നുടെ ലീല ചൊൽവാൻ ,

ആവതില്ലെങ്കിലും ആശതാൻ ചെയ്കയാൽ

ആരംഭിച്ചീടുന്നേനായവണ്ണം...!

...................................................................................

 ഇന്ദിരാതന്നുടെ പുഞ്ചിരിയായൊരു

ചന്ദ്രികാമെയ്യിൽ പരക്കയാലെ, പാലാഴിവെള്ളത്തിൽ മുങ്ങിനിന്നീടുന്ന

നീലാഭമായൊരു ശൈലംപോലെ... 

 മേവിനിന്നീടുന്ന ദൈവതംതന്നെ, ഞാൻ

കൈവണങ്ങീടുന്നേൻ കാത്തുകൊൾവാൻ, കീർത്തിയെവാഴ്ത്തുവാനോർത്തുനിന്നീടുമെൻ ആർത്തിയേത്തീർത്തു തുണയ്ക്കേണമേ.

ദേശികനാഥൻതൻ പാദങ്ങളേശുമ -

പ്പേശലമായൊരു രേണുലേശം 

ക്ലേശങ്ങളേശുന്ന പാശങ്ങളേശായ്വാൻ ആശയംതന്നുള്ളിലാക്കുന്നേൻ ഞാൻ വാരണവീരൻതന്നാനനം കൈക്കൊണ്ടു

പൂരിച്ച വന്മദവാരി മെയ്യിൽ

 നിന്നുവിളങ്ങുന്ന ദൈവതംതൻ കനിവെന്നും വിളങ്ങുകയെന്നിൽ മേന്മേൽ;

ഭാരതീദേവിതൻ ഭൂരിയായുള്ളോരു

കാരുണ്യപൂരവും വേറിടാതെ നന്മധുവോലുന്ന നന്മൊഴി നൽകുവാൻ തണ്മകളഞ്ഞു വിളങ്ങുകെന്നിൽ...! 

കവിത കുറ്റമറ്റതാക്കുവാനും കീർത്തികൈവരുവാനും വിനയാന്വിതനായ കവി ഗുരുവിനെയും ഗണപതിയെയും വിദ്യാദേവതയായ സരസ്വതിയെയും സ്തുതിക്കുന്നത് നമ്മൾക്ക് ഇവിടെ കാണാം. കവിയുടെ കലാദർശനംതന്നെയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.

ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛൻ

പാടുന്നത് 

"വാരിധിതന്നിൽ തിരമാലകൾ എന്നപോലെ

ഭാരതി പദാവലി തോന്നേണം കാലേ

കാലേ"..!

എന്നാണെല്ലോ! വർണവിഗ്രഹയും

വേദാത്മികയുമായ വാണിമാതാവ് തന്റെ

നാവിൽ നൃത്തം ചെയ്തുകാണാൻ കവി ആഗ്രഹിക്കുന്നു. കാരണം ഇരുളടഞ്ഞ കേരള സമൂഹത്തിൽ അധ്യാത്മികതയുടെ

വെളിച്ചം പ്രസരിപ്പിയ്ക്കേണ്ടത് കവി എന്ന നിലയിൽ തന്റെ കടമയാണെന്ന് കവിക്കറിയാം..അതിനു ഭാഷയെ സൂക്ഷ്മമായി

ഉപയോഗിക്കാനുള്ള കഴിവിനുവേണ്ടി കവി പ്രാർത്ഥിയ്ക്കുന്നു. "രാമകഥാമൃതപാനപൂർണ്ണാനന്ദസാരാനുഭൂതി " തന്നെയായിരുന്നു അത് കേരളീയസമൂഹത്തിന്. മാത്രമോ ! ഭാഷയെ വിശുദ്ധമായ ഒരു ഏകകത്തിൽ ശുദ്ധീകരിക്കൽ കൂടിയായിരുന്നു മഹാനായ രാമായണഗാന ഗന്ധർവ്വന് കവിത. അതിന്റെ വെളിച്ചം ഭാഷയിലും സമൂഹത്തിലും ഇന്നും തെളിയുന്നു. 

 കണ്ടങ്കരിക്കാവിൽ ഭഗവതിയേയും വെമ്പലനാട്ടിന്നലങ്കാരമായ ദേവനാരായണസ്വാമിയേയും വന്ദിച്ചുകൊണ്ട് കാവ്യമാരംഭിക്കുന്ന കലക്കത്ത് കുഞ്ചൻനമ്പ്യാർ എന്ന മഹാകവിക്ക് സാഹിത്യമെന്നത് കേവലം

നേരമ്പോക്കായിരുന്നില്ല. സാമൂഹ്യബോധത്തിന്റെ വെളിച്ചം തങ്ങിനിൽക്കുന്ന ദീപയഷ്ടിയായിരുന്നു മഹാകവിക്ക് കവിത. .  കവിത ചാട്ടവാർ ആക്കിയ   ആ കവി സംസ്കൃതത്തിന്റേയും മണിപ്രവാളത്തിന്റെയും സ്വാധീനം വിട്ടുമാറാത്ത കേരളഭാഷയിൽ ജനകീയമായ ഒരു മാറ്റമാണ് വരുത്തിയത്.

സാമൂഹ്യവിമർശനവും ഫലിതാത്മകതയും കേരളീയതയും നിറഞ്ഞുനിൽക്കുന്ന നമ്പ്യാർക്കവിതകൾ 

ഭടജനങ്ങടെ നടുവിലുള്ളൊരു

പടയണിക്കിഹ ചേരുവാൻ

വടിവിയൊന്നൊരു ചാരുകേരള

ഭാഷതന്നെ ചിതം വരൂ....!

എന്ന മട്ടിലായിരുന്നു.

 അതിന്റെ പ്രഖ്യാപനം തന്നെയായിരുന്നു

നമ്പ്യാരുടെ തുള്ളൽപ്പാട്ടുകൾ. അത് കവിയുടെ ജീവിതദർശനത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു.

വേദാന്തതത്വശാസ്ത്രം പ്രഖ്യാപനംചെയ്തു മനുഷ്യജീവിതസുഖങ്ങൾ ക്ഷണികമാണെന്ന് വിളംബരംചെയ്യുന്ന കൃതിയാണ് ഭക്തകവിയായ പൂന്താനത്തിന്റെ ജ്ഞാനപ്പാന . കവിതയിൽ ആദ്യന്തം കവിയുടെ ജീവിതദർശനം പ്രതിഫലിക്കുന്നു. ശക്തമായ സാമൂഹ്യവിമർശനവും ഭക്തിപ്രസ്ഥാനസാഹിത്യത്തിലെ പ്രധാനകൃതിയായ ജ്ഞാനപ്പാനയിലുണ്ട്.

ഗുരുനാഥൻ തുണചെയ്ക സന്തതം ,

തിരുനാമങ്ങൾ നാവിൻമേലെപ്പോഴും

പിരിയാതെയിരിക്കണം നമ്മുടെ

നരജന്മം സഫലമായീടുവാൻ.

എന്നാണ് കാവ്യമാരംഭിയ്ക്കുന്നത്. ഒരു ഭക്തകവിയെ സംബന്ധിച്ചു ശാശ്വതമായ മുക്തിയാണ് ജീവിതലക്ഷ്യം. അതിനുവേണ്ടി കവി പ്രാർത്ഥിയ്ക്കുന്നു.

''കുചേലവൃത്തം " വഞ്ചിപ്പാട്ടിന്റെ കർത്താവായ രാമപുരത്തുവാര്യർക്കും തന്റേതായ കാവ്യകലാസങ്കല്പമുണ്ട്. കാവ്യത്തിലൂടെ കുചേലന് സമാനമായ തന്റെ ജീവിതമാണ് കവി പറയാൻ ആഗ്രഹിയ്ക്കുന്നത്. സൗഹൃദത്തിന്റെ മഹത്വവും ഭക്തിയുടെ അനിർവ്വചനീയമായ സുഗന്ധവും പ്രകാശിപ്പിക്കുന്ന ഈ കൃതിയിലും രാജസ്തുതിയും പരദേവതാസ്തുതിയും നമ്മൾക്കു കാണാം .

കെല്പോടെല്ലാ ജനങ്ങൾക്കും കേടു തീരത്തക്കവണ്ണ-

മെപ്പോഴുമന്നദാനവുംചെയ്തു ചെഞ്ചെമ്മേ,

മുപ്പാരുമടക്കി വാഴും വൈക്കത്തു പെരുംതൃക്കോവി-

ലപ്പാ! ഭഗവാനേ! പോറ്റീ! മറ്റില്ലാശ്രയം..!

മൂർത്തിമൂന്നും മുപ്പത്തുമുക്കോടിദേവന്മാരുമൊരു,

മൂർത്തിയായി മുപ്പാരിന്നു വിളക്കുമായി

മാർത്താണ്ഡാഖ്യയായിരിക്കും പ്രത്യക്ഷദേവതയുടെ

മാഹാത്മ്യമോർത്തിട്ടു മനസ്സലിഞ്ഞീടുന്നു.

സർവദേവതകളും പ്രസാദിച്ചിട്ടനുഗ്രഹിക്കും

സന്തതമെന്നുള്ളിലുള്ള വികാരമോർപ്പൂ!

ഗുർവിയായ ഭക്തിവേണ്ടുന്നേരത്തൊരേടത്തുറച്ചു

ഗുരുവിന്റെ കടാക്ഷംകൊണ്ടെന്നു തോന്നുന്നു.

വഞ്ചനമനുജനായിട്ടവതരിച്ചിരിക്കുന്ന

വഞ്ചിവലവൈരിയുടെ കൃപയ്ക്കിരപ്പാൻ

വഞ്ചികയായ് വന്നാവൂ ഞാ,നെന്നിച്ഛിച്ചു വാഴും കാലം

വഞ്ചിപ്പാട്ടുണ്ടാക്കേണമെന്നരുളിച്ചെയ്തു...!

വേദശാസ്ത്രപുരാണേതിഹാസകാവ്യനാടകാദി

വേദികളായിരിക്കുന്ന കവികളുടെ,

മേദുരങ്ങളായ ഗദ്യപദ്യങ്ങളെ ശ്രവിക്കുന്ന

മേദിനീന്ദ്രനജ്ഞനോടാജ്ഞാപിച്ചതോർപ്പൂ!

വാനവർക്കു നിറവോളമമൃതമർപ്പിച്ച ഭഗ-

വാനു കുചേലകുചിപിടകമെന്നോണം

വാണീഗുണംകൊണ്ടാരെയും പ്രീണിപ്പിക്കും വഞ്ചിവജ്ര-

പാണിക്കെൻ പാട്ടിമ്പമാവാനടിതൊഴുന്നേൻ.

ഏതൊരു കവിക്കും തന്റേതായ  കാവ്യകലാസങ്കല്പം ഉണ്ടായിരിക്കും. അവർ ജനിച്ച, വളർന്ന സാമൂഹികസാഹചര്യങ്ങളോടും ഭാഷയോടുമൊക്കെ അത് ബന്ധപ്പെട്ടുനിൽക്കുന്നു. ഇതവരുടെ ജീവിതദർശനമായും പരിണമിക്കുന്നു.

 

 

 

Share :