Archives / November 2020

 ദിവ്യ സി.ആർ
നിന്നിലേക്കിനിയെത്ര ദൂരം..?

   പലപ്പോഴും ഓർമ്മകളുടെ ഓരം ചേർന്നാകും അവൾ നടക്കുക. അനുഭവങ്ങളുടെ നീറ്റലുകളിൽ പതറിപ്പോകുമ്പോഴും ആരോടും പരിഭവങ്ങളും പരാതികളുമില്ലാതെ മകളുടെ ഫ്ലാറ്റിൻെറ അടുക്കളയിൽ വച്ചും വിളമ്പിയും മോളുടെയും മരുമകൻെറയും കൊച്ചു മകൻെറയും വിളിപ്പുറത്തുണ്ടാകും. കാലം തെറ്റി പെയ്തിറങ്ങുന്ന മഴയോ, പൊള്ളിയടരുന്ന വേനലോ അവളറിഞ്ഞിരുന്നതേയില്ല. ഗ്രാമത്തിൽ നിന്നും വന്നതിനു ശേഷം, നാഗരികതയുടെ ഭാഗമായി കൂടുതൽ സംസാരം ഒഴിവാക്കിയിരുന്നു. മിണ്ടാനോ പറയാനോ ആരുമില്ലാതെ നിർവികാരമായ മാനസികാവസ്ഥയിലേക്കവൾ എന്നേ മാറിയിരിക്കുന്നു. 

  ഒറ്റ മകൾ, അവളുടെ ഇഷ്ടപ്രകാരം ജീവിതം തെരഞ്ഞെടുക്കുമ്പോൾ ഒരു നിബന്ധന മാത്രമേ വച്ചുള്ളൂ. 

അവൾക്കൊപ്പം താമസിക്കണം..!

അച്ഛൻെറ ഓർമ്മകളുറങ്ങുന്ന മണ്ണിൽ നിന്നൊരു പറിച്ചു നടീൽ അസാധ്യമെന്ന് പറഞ്ഞപ്പോഴുള്ള അവളുടെ മറുപടിയാണ് അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചത്.

"ഉത്തരവാദിത്വങ്ങളെ ഭയന്ന് ആത്മഹത്യ ചെയ്ത അച്ഛൻെറ ഏതോർമ്മകളെയാണ് അമ്മ കൂട്ടുപിടിക്കുന്നത്.?"

ശരിയാണ്..!

  അന്ന് അവൾക്ക് മൂന്ന് വയസ്സ് മാത്രം പ്രായം. ജോലി ചെയ്തിരുന്ന കമ്പനി നഷ്ടത്തിലായപ്പോൾ അവർ തൊഴിലാളികളെ പിരിച്ചു വിട്ടു. മറ്റൊരു ജോലി കണ്ടെത്താനുള്ള സാവകാശമോ ക്ഷമയോ കാണിക്കാതെ, ലോകപരിചയമോ ജോലിയോ ഇല്ലാത്ത തന്നെയും കുഞ്ഞിനേയും തനിച്ചാക്കിപ്പോയ മനുഷ്യനോട്; ജീവിതത്തിൻെറ പ്രതിസന്ധി ഘട്ടങ്ങളിൽ തോന്നിയത് ദേഷ്യവും വെറുപ്പും തന്നെയാണ്. പിന്നെ പിന്നെ കാലങ്ങൾ കഴിയും തോറും മനസ്സ് പാകപ്പെടലുകളിലൂടെ അയാൾക്ക് മാപ്പ് നൽകി ; മരിച്ചവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന കണ്ടെത്തലിലെത്തി.

     വർഷങ്ങളെത്ര കടന്നു പോയിരിക്കുന്നു..!

മോളുടെ വിദ്യാഭ്യാസം,ജോലി, വിവാഹം അങ്ങനെയെത്രയെത്ര കാര്യങ്ങൾ.. ഒറ്റപ്പെട്ടുപോയ ഓരോ സ്ത്രീയെയും പോലെ ജീവിതം നെയ്തെടുക്കുകയായിരുന്നു, ഓരോ ഇഴകളും സസൂക്ഷ്മം വീക്ഷിച്ച്..!

ഇപ്പോഴിതാ.. കൊച്ചു മകൻ വിവാഹപ്രായത്തോടടുക്കുന്നു. തിരക്കോടു തിരക്ക് പിടിച്ച  ജീവിതമല്ലായിരുന്നോ അവരുടേത്.. ഊണും ഉറക്കവുമില്ലാതെ നെട്ടോട്ടത്തിലായിരുന്നു. ലോകത്തെ മുഴുവൻ വീട്ടിലിരുത്തിയ കോറോണയാണ് അവരുടേയും ഓട്ടത്തിൻെറ വേഗം കുറച്ചത്. ഈ വീടിനുള്ളിൽ താനുണ്ടെന്ന് കുറെ വർഷങ്ങൾക്ക് ശേഷം അവർ കണ്ടെത്തിയത് ഇപ്പോഴാണ്. 

എത്ര സന്തോഷമുള്ള നാളുകൾ..

കളികളും ചിരികളും കൊണ്ട് ചുമരുകൾ ഉണർന്ന സമയം. ആകാശത്തിൻെറ അനന്തതയും മണ്ണിന്റെ നനവും തൊട്ടറിയാൻ ഫ്ലാറ്റിൽ നിന്നും നാട്ടിലേക്ക് പോകാൻ തീരുമാനിച്ച ദിനരാത്രങ്ങൾ. മനസ്സ് ഇരട്ടി സന്തോഷത്തിൻെറ നിർവൃതിയിൽ അറിഞ്ഞു' :'ആത്മസത്ത പേറുന്ന മണ്ണിലേക്കുള്ള തിരിച്ചു പോക്ക്!"

    "സരസ്വതി അമ്മ..! അമ്മേ.."

മുഖവും ശരീരവും മൂടിയ രണ്ടു പേർ വന്ന് തന്നെ തൊട്ടു വിളിക്കുന്നു.

കണ്ണുകൾ തുറക്കണമെന്നുണ്ട്..

സംസാരിക്കണമെന്നുണ്ട്..

വിളി കേൾക്കണമെന്നുണ്ട്..

പക്ഷേ...

ഒരു പുക പോലെ മാത്രം..!

ഹൃദയസ്പന്ദനം നിലയ്ക്കുന്നതുപോലെ..

    ഒരു നിമിഷം അതങ്ങനെ തുടർന്നു. 

ആ മുഖം മൂടി രൂപങ്ങൾ കൂടുതൽ ആശങ്കപ്പെടുകയും ബഹളം വയ്ക്കുകയും ചെയ്യുന്നു. ഒടുവിൽ ഡോക്ടർ വന്ന് മരണകാരണം-കോവിഡ് പോസിറ്റീവ് എന്നെഴുതി ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന യന്ത്രങ്ങളെല്ലാം വേർപ്പെടുത്തി. 

തനിക്കിതൊന്നും ശ്രദ്ധിക്കാൻ സമയമില്ലെന്ന ചിന്തയിൽ സരസ്വതിയമ്മ അവിടം വിട്ട് പുറത്തേക്ക് വന്നു. നേരം പുലരുന്നതേയുള്ളൂ. പക്ഷികളുടെ കിന്നാരങ്ങൾ പ്രഭാതത്തോട് ഇണങ്ങിച്ചേരുന്നു. എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകണം..!

    ആശുപത്രി കെട്ടിടം വിട്ട് പുറത്തേക്കിറങ്ങുമ്പോഴേക്കും നിശബ്ദമായൊരു ആംബുലൻസ് അവരെയും കടന്നു പോയിരുന്നു.

Share :