Archives / November 2020

.ലത രാം
മഴകാത്ത് വേഴാമ്പൽ

ഇരുവശത്തും ഉയരത്തിൽ മതില്കെട്ടിയ വീഥിയിലൂടെ അവൾ നടന്നു ദാഹിച്ചു അവശയായ അവൾ മതിലിനു മുകളിലേക്ക് തുള്ളികളിക്കുന്ന വാട്ടർ ഫൗണ്ടനിലെ തിളങ്ങുന്ന വെള്ളത്തെ കൊതിയോടെ നോക്കിനിന്നു. ചുമരിൽ നിറയെ വെളുത്ത മാർബിൾ പതിച്ച കഫറ്റേരിയയുടെ മുന്നിൽ എത്തിയതോടെ അവൾ മാലപോലെ തൂക്കിയിട്ട മിനറൽ വാട്ടറിന്റെ ബോട്ടിലുകളിലേക്ക് നോക്കി നിന്ന് മടിച്ചു മടിച്ചു അവൾ കടയിൽ നിൽക്കുന്ന കട്ടമീശവെച്ചയാളോട് "ചേട്ടാ കുറച്ചു വെള്ളം കുടിക്കാൻ തരോ" അയാൾ അവളുടെ മുഷിഞ്ഞ ഉടുപ്പിലേക്ക് നോക്കി അവജ്ഞയോടെ "ഒരു ബോട്ടലിന് 15 രൂപ" അതും പറഞ്ഞയാൾ ഉയരംകൂടിയ കസേരയിൽ അമർന്നിരുന്നു അവൾ തല താഴ്ത്തി നടന്നു "എന്റെ കൂടെ വന്നാൽ ഞാൻ വെള്ളം തരാം ദേ ആ മുറിയിൽ ലേക്ക് വാ" അവളുടെ കൈപിടിച്ചു വലിക്കാൻ ശ്രമിച്ച തെരുവിന്റെ മൂലയിൽ നിന്ന മുടി നീട്ടിവളർത്തി പാൻപരാഗിന്റെ മണം പരത്തിയ അയാളിൽ നിന്നും അവൾ കുതറിമാറി. മുറിയിലേക്ക് നീണ്ടുകിടക്കുന്ന ഇടവഴിയിലെ ചുവരിൽ രക്ത ചിത്രം പോലെ പാൻ പരാഗ് തിന്നു തുപ്പിയ അടയാളങ്ങൾ അയാളിൽ നിന്നും അവൾ ഓടി ഓടി തെരുവിന്റെ അറ്റത്ത് എത്തി പാതി മണ്ണിൽ പൂണ്ട ലൈൻ പൈപ്പിന്റെ ദ്രവിച്ച ഫോസിൽ നോക്കി ഏറെ നേരം നിന്നു. ദൂരെ അനാഥമായി നിൽക്കുന്ന വാട്ടർ ടാങ്കിന്റെ ചിത്രം മരങ്ങൾക്കിടയിൽ നിഴൽപോലെ കാണാമായിരുന്നു . അവൾ ആകാശത്തേക്കു നോക്കി നിന്ന് മഴയുടെ നേർത്ത നിഴൽമേഘങ്ങൾ പോലും ഇല്ല മതിൽ കെട്ടുകൾക്കുള്ളിൽ ജലക്രീഡകൾ തുടരുമ്പോൾ നാവിൽ ഒരിറ്റു വെള്ളം വീഴാൻ കൊതിച്ച് അവൾ വായ തുറന്ന് നാക്ക് നീട്ടി ആകാശത്തേക്ക് നോക്കി നിന്നു. നാവ് നീട്ടി മേലോട്ട് നോക്കി നിൽക്കുന്ന അവളെ നോക്കികൊണ്ട് ബോബ് മെർലിയുടെ ടീഷർട്ട് ധരിച്ച യുവാവ് അത്ഭുതത്തോടെ നടന്നുപോയി. അയാളുടെ മൊബൈലിൽ നിന്നും വേഴാമ്പലി ന്റെ   കരച്ചിൽ റിഗ്‌ടോൺ ആയി മുഴങ്ങി.

Share :