Archives / july 2021

കുറിഞ്ചിലക്കോട് ബാലചന്ദ്രൻ
സ്വച്ഛമാകാത്ത അസ്വാസ്ഥ്യങ്ങൾ

  സ്വാസ്ഥ്യം തേടുക എന്നത് എഴുത്തുകാരുടെ എഴുത്തിടങ്ങളിലെ അസ്വസ്ഥതയാണ്. സ്വസ്ഥമായി ഇരിക്കാനാവാത്ത പരിതോവസ്ഥകളിലാണ് ഒരെഴുത്തുകാരൻ തന്റെ ജീവൽപ്രണയത്തിന്റെ ആത്മാവിനെ കണ്ടറിയാൻ തുടങ്ങുക. അവിടെ തുടങ്ങുന്നു എഴുത്തിന്റെ അസ്വസ്ഥതയും, ഇടവേളകളില്ലാത്ത ഒരു ഉഷ്ണപ്രവാഹം!

       സംഭവ്യമായതെന്തോ അത് സംഭവിക്കുന്നതുവരെ ആപ്രവാഹം നിലക്കുകയില്ല. അതങ്ങനെ ഒഴുകിയൊഴുകി, തിരതല്ലി,തീരമെത്താതെ....

      ഈ അവസ്ഥാരം അനുഭവിച്ച്,മറുകര എത്താൻ കഴിയുമ്പോഴാണ് ഒരു ഉത്കൃഷ്ടരചനക്ക് ബീജാവാപം നടക്കുക. അതില്ലാത്തിടത്ത്, എഴുത്തുകാരനാവാൻ വെമ്പൽ കൊണ്ട് മുച്ചൂടും കൃത്രിമത്വം ചവച്ചു തുപ്പുന്ന ചോദ്യങ്ങൾ നിന്ന് ആയാസപ്പെടുന്നത് കാണാം. സമകാലിക മലയാള കവിത ഈ ഇടത്തിൽ നിന്ന് വിലപിക്കുന്നതിന്റെ അസ്വസ്ഥതയാണ് വായനക്കാരനെയും അസ്വസ്ഥനാക്കുന്നത്.
ഇത്തരം അസ്വസ്ഥതകൾ ക്കിടയിലും ചില സ്വാസ്ഥ്യങ്ങളെങ്കിലും വായനക്കാരന് പകർന്നു കിട്ടാറുണ്ട്. അതിന് തെളിവാണ്  മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 36. സഫല സ്വാസ്ഥ്യം പകർന്നു തരുന്ന അഞ്ച് കവിതകൾ!

        കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ ചിരന്തന സ്മരണകളുർത്തുന്ന ചില സ്ഥലികളുണ്ട്. സാമൂഹിക വിപ്ലവം കൊടികുത്തിയ അടയാളപ്പെടുത്തലുകളുടെ ചില ഭൂമികകൾ. അവയെ സാക്ഷ്യപ്പെടുത്തുകയാണ് കുരീപ്പുഴ ശ്രീകുമാർ ചില സ്ഥലനാമങ്ങൾ എന്ന കവിതയിലൂടെ. വിപ്ലവ പക്ഷത്തിനൊപ്പം കീഴാളന്റെ ഉയിർപ്പിന്റെ ഉപ്പുകൂടി കലരുന്നു ഈ കവിതയിൽ. നിസ്വന്റെ നെഞ്ചിടിപ്പായി ഇന്നും സ്മരണയിൽ തങ്ങുന്ന അവശേഷിപ്പുകളെ ചെറായി,മുലച്ചിപ്പറമ്പ്,പയ്യന്നൂർ, വെങ്ങാനൂർ എന്നിങ്ങനെ വടക്കുനിന്ന് തെക്കുവരെ കേരളം അടിസ്ഥാന ശിലയിട്ട നവോത്ഥാന പ്രമാണതകളെ ഈ കവിത പകർന്നു വയ്ക്കുന്നു.
 നിസ്വനിസ്വനങ്ങളിൽ പോലും അവനറിയാതെ കടന്നു കയറുന്ന ഭൂ മാഭിയയുടെ അദൃശ്യ സാന്നിദ്ധ്യം ശക്തമായി പകർന്നിടുകയാണ് അസീം താന്നിമൂടിന്റെ ഇല്ലാമ മണിയൻ എന്ന കവിത. മണിയന്റെ ഇല്ലായ്മയെക്കാളും, സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളുമില്ലാത്ത ജഡതയിലാണ്; ഉപരിപ്ലവമായ ദിനചര്യകളെയാണ് കവി ഈർന്നെടുക്കുന്നത്. വളരെ ലളിതമായി ഒരു കഥാകാവ്യം പോലെ പറഞ്ഞു പോകുന്ന ഈ കവിത അവസാനിക്കുന്നത് ഒരു സ്ഫോടനത്തോടെയാണ്. മണിയൻ ഏതബോധ സാഹചര്യത്തിലും കാത്തുസൂക്ഷിച്ചു പോന്ന സ്വന്തം ജീവൽസ്പന്ദനത്തിന്റെ താക്കോൽ സ്വന്തം മുന്തിയിൽ സുരക്ഷിതമായിരിക്കുമ്പോഴും വീട് പുറമേനിന്ന് പൂട്ടി കോളറിൽ തൂക്കി  എറിയപ്പെടുന്ന യാഥാർത്ഥ്യം സ്ഫോടനാത്മകഭാവത്തിൽ കവി വരച്ചിടുന്നു. വർത്തമാന സാമൂഹികാവസ്ഥയുടെ ഒരു നേർ ചിത്രം തന്നെയാകുന്നു ഈ കവിത.
: കെ.ആർ.ടോണിയുടെ പൈൻമരക്കാട്, സുധീഷ് കോട്ടേമ്പ്രത്തിന്റെ പച്ചിലപ്പേടി, അനിത കെ. വിശ്വംഭരന്റെ ഗേയം എന്നീ കവിതകളും ശ്രദ്ധേയമാണ്.
 മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം1186 ൽ പരിണത പ്രജ്ഞനായ കെ.ടി. സൂപ്പി ചെമ്പോത്ത് എന്ന ഒരു കവിത എഴുതിയിരിക്കുന്നു. പരസ്പര പൂരകങ്ങളാകാതെ ഓരോ ഭാവങ്ങൾ മുഴച്ചു നിന്ന് വിലപിക്കുന്നു. ഇടക്കിടെ താൻ പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ ഭാഷാ കാവ്യം അന്യംനിന്നുപോകുമോ എന്ന് ഈ കവി ഭയപ്പെടുന്നതുപോലെ തോന്നുന്നു.

       ഇതേ ലക്കത്തിൽ ബക്കർ മേത്തലയുടേതായി വിശറി എന്ന കവിത വായിക്കുന്നു. പഴമയും പുതുമയും തമ്മിലുള്ള ആത്മവും ഭൗതികവുമായ സംഘർഷത്തെ സൂക്ഷ്മമായി, എന്നാൽ സരളവും സഫലവുമായി കവി ആവിഷ്കരിക്കുന്നു.
 ഷംനാദ് പുതുശ്ശേരിയുടെ മരണ വീട് എന്ന ഭേദപ്പെട്ട കവിതക്കൊപ്പം രഗില സജിയുടെ ഒറ്റ പാട്ടിനാൽ എന്ന കവിത കൂടി കാണുന്നു. രഗിലക്ക് കവിതയെഴുതാനറിയാം. പക്ഷെ, ബാലിശത്വം ഇനിയും വിട്ടുപോയിട്ടില്ല.
 സമകാലിക മലയാളം വാരിക ലക്കം 27 ൽ നിലാവോട് ചേരുന്ന ചിലത് എന്ന സന്ധ്യ.ഇ യുടെ കവിത ഒരു വിഭാര്യദു:ഖസ്മൃതിയിൽ ദാമ്പത്യ ബന്ധത്തിന്റെ ഉർവരത വരച്ഛിടാനാണ് ശ്രമിക്കുന്നത്. ശ്രമം നന്നായി; കാവ്യം വിടരുന്നതിൽ പരാജയപ്പെടുകയും ചെയ്തു.

       ഇതേ ലക്കത്തിൽ എം.ആർ.വിഷ്ണുപ്രസാദിന്റെ ദൈവത്തിന് നിരക്കാത്ത വൈദ്യുതി എന്ന കവിത വളരെ പ്രതീക്ഷയോടെ വായിക്കുന്നു. നാടൻ ഭാഷയിൽ പറഞ്ഞാലോ ദൈവത്തിന് നിരക്കാത്തതായിപ്പോയി ഈ കൃത്യം. ഇത്രമാത്രം ക്രിയാവൈചിത്ര്യദൂഷണമായി എങ്ങനെ കവിതയെ അപമാനിക്കാം എന്നതിന് നിദാനമാണ് ഈ കവിത. ഇവിടെയാണ്, ആമുഖമായി പറഞ്ഞ ആ സ്വാസ്ഥ്യവും അസ്വാസ്ഥവും അക്ഷരാർത്ഥത്തിൽ വെളിപ്പെടുന്നത്.

      ഇതെ ലക്കത്തിൽ വി. ഷിനിലാലിന്റെ ഒരിക്കൽ ഒരു ബസ് എന്ന കഥ വായിച്ച് വീണ്ടും സ്വാസ്ഥ്യപ്പെടുന്നു. പരസ്പരം കൂട്ടിമുട്ടാത്ത സമാന്തരരേഖകളായി രണ്ട് നിശബ്ദ പ്രണയം വളരെ ചടുലഭാവത്തിൽ ,ലയസൗന്ദര്യഭൂമികയിൽ ഭൂതകാലത്തെ ഒരു ചെറു ഭാവത്തെ സ്മരണയിലെന്നോ വന്നു പോകുന്ന സുഭഗഭാവമായി ആവിഷ്കരിച്ച് നന്നായി കഥ പറഞ്ഞിരിക്കുന്നു.

      സ്വസ്ഥതയിൽ അസ്വസ്ഥത നിറയുന്ന നല്ലെഴുത്തുകൾ പ്രതീക്ഷിച്ചുകൊണ്ട് ...നമസ്തേ!

Share :