Archives / july 2021

കുളക്കട പ്രസന്നൻ
ഇങ്ങനെ മാറ്റങ്ങൾ വരട്ടെ, കൊവിഡ് അകലട്ടെ

കൊവിഡ് മഹാമാരിയിൽ നിന്നും ലോകം എന്നു വിമുക്തമാകുമെന്ന് പറയാറായിട്ടില്ല. ഡൽഹിയിൽ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു എന്ന വാർത്ത വന്നുകൊണ്ടിരിക്കുന്നു. അമേരിക്കൻ തെരഞ്ഞെടുപ്പിന് ശേഷം അവിടെയും കൊവിഡ് പിടിമുറുക്കുന്നു. കേരളത്തിലും പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിൽ എത്തിയിരുന്നു. ജാഗ്രത കൈവിട്ടു പോകുമ്പോൾ കൊവിഡ് വ്യാപനം കൂടുമെന്നതിൻ്റെ തെളിവാണിത്. മരണവും കൂടും.

കൊവിഡ് 19 മൂലമുണ്ടായ പ്രതിസന്ധികൾ ഏറെയാണ്. തൊഴിലില്ലായ്മ രൂക്ഷമാകുന്നു. വിദ്യാർത്ഥികളുടെ പഠനം ക്ലാസ് മുറിയിലായില്ല. ദരിദ്രരരുടെ എണ്ണം കൂടുന്നു. ഈ വിഷയങ്ങൾ ആബാലവൃദ്ധജനങ്ങളെയും മാനസ്സിക സംഘർഷത്തിലാക്കുന്നു എന്നത് കൊവിഡിനെപ്പോലെയോ അതിനേക്കാളേറെയോ ഭയനാകമാണ്. 

ഇവിടെയാണ് ജനാധിപത്യ പ്രക്രിയയിൽ അനിവാര്യമായ തെരഞ്ഞെടുപ്പ് വരുന്നത്. തെരഞ്ഞെടുപ്പ് എന്നത് ജനാധിപത്യ ബോധമുള്ളവർക്ക്  ആഘോഷമാണ്. അത് പലരിലും കൂടിയും കുറഞ്ഞും നിൽക്കും. ഒരു ഉത്സവ പറമ്പിൽ ഉത്സവം കാണാൻ എത്തുന്നവരുണ്ട്. വിരലിൽ എണ്ണാവുന്ന കറക്കു കമ്പനികളും കാണും. അതുപോലെ ജനാധിപത്യ പോരാട്ടത്തിലും ചിലർ പണം തട്ടിയെടുക്കാൻ വേഷം കെട്ടി എത്തും. അത് ജനാധിപത്യ ഉത്സവത്തിൻ്റെ സംഘാടക ടീം ശ്രദ്ധിക്കട്ടെ. എന്നാൽ കൊറോണ എന്ന വിപത്തിനെ അകറ്റി നിർത്താൻ പൊതു ജനം ശ്രദ്ധിക്കണം. 

സ്ഥാനാർത്ഥി കാണാനും സ്വീകരണം നൽകാനും കൂട്ടം കൂടുന്ന പരിപാടി കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്നു. ഈ കൊവിഡ് പശ്ചാത്തലത്തിൽ അതൊക്കെ വേണമോ ? തദ്ദേശ സ്വയംഭരണ സ്ഥാ‌പനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആകുമ്പോൾ കുറച്ചു വീടുകളെ ഉണ്ടാവുകയുള്ളു. ആ വീടുകളിലേക്ക് സ്ഥാനാർത്ഥിക്ക് ചെല്ലാം. രണ്ട് മീറ്റർ അകലം പാലിച്ച് മാസ്ക് വച്ച് വോട്ട് ചോദിക്കാം. ഇതല്ലെ നല്ലത്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കോർപ്പറേഷൻ വാർഡുകളിൽ സമ്മതിദായകർ ഒരുപാടുണ്ട്. അവർക്ക് പരമാവധി വീടുകളിൽ എത്താമല്ലോ ? ആ സ്ഥാനാർത്ഥികളുടെ അഭ്യർത്ഥന പാർട്ടി പ്രവർത്തകർ രണ്ടോ മൂന്നോ പേർ ചേർന്ന് വീടുകളിൽ എത്തിക്കാവുന്നതെയുള്ളു. പോസ്റ്ററുകൾ പരമാവധി ഇടങ്ങളിൽ പതിച്ചാൽ ജനങ്ങളത് കാണും. ഇതിനേക്കാൾ സൗകര്യപ്രദമാണ് വാട്സാപ്പും ഫെയ്സ്ബുക്കും.

കേരളത്തിൽ വാട്സാപ്പും ഫെയ്സ് ബുക്കും ഉപയോഗിക്കുന്നവർ കുറച്ചു പേരല്ല. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും ഫെയ്സ് ബുക്കിലൂടെയും പ്രചരണം നടത്താൻ കഴിയും. ഓൺലൈൻ മീറ്റിംഗ് നടത്തി ശ്രദ്ധ നേടാം. അങ്ങനെ പുത്തൻ സംവിധാനങ്ങൾ എന്തെല്ലാം ഉണ്ട്. 

പണ്ടൊക്കെ സ്ഥാനാർത്ഥിയെക്കാൾ പ്രാധാന്യം ചിഹ്നത്തിനായിരുന്നു. അതൊരുപക്ഷെ, എഴുത്തും വായനയും അറിയാത്തവർക്ക് സഹായകരമാകുന്നതിന് വേണ്ടിയാവാം ചിഹ്നം കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. ഒരേ പേരുള്ള സ്ഥാനാർത്ഥി വരുമ്പോഴും ചിഹ്നത്തിൻ്റെ കാര്യത്തിൽ സമ്മതിദായകർക്ക് കൂടുതൽ ശ്രദ്ധ വേണ്ടി വരും.

തെരഞ്ഞെടുപ്പ് രീതികൾ മാറി കൊണ്ടിരിക്കാറില്ലെ? ചുവരെഴുത്ത് ഇപ്പോൾ കുറഞ്ഞു. തുണിയിൽ എഴുതി കെട്ടുന്ന രീതിക്ക് ഇടക്കാലത്ത് മാറ്റം വന്നിരുന്നു. ആ സ്ഥാനത്ത് ഫ്ലക്സ് ബോർഡ് വന്നു. പേപ്പർ തോരണം മാറി, തുണിയും പ്ലാസ്റ്റിക് തോരണമായി. സൈക്കിളിൽ ലൗഡ് സ്പീക്കറിലൂടെ വിളിച്ചു പറഞ്ഞു കാളവണ്ടിയിൽ മൈക്ക് സെറ്റ് വച്ചും  പ്രചരണം നടത്തിയ കാലമുണ്ട്. സ്ഥാനാർത്ഥി ഫോട്ടോയില്ലാതെ പോസ്റ്ററും ഇറങ്ങിയിട്ടുണ്ട്. സാങ്കേതിക വിദ്യയിൽ ഉണ്ടാവുന്ന പുരോഗതിക്ക് അനുസരിച്ച് തെരഞ്ഞെടുപ്പ് രീതികളും മാറികൊണ്ടിരിക്കുന്നു. എന്നിട്ടും ആൾക്കൂട്ടം സൃഷ്ടിക്കുന്ന പരിപാടികളിൽ നിന്നും മാറ്റം വരുന്നില്ല. 

ആൾക്കൂട്ടമാണ് സമ്മതിദായകരെ സ്വാധീനിക്കുന്നത് എന്നൊരു ചിന്ത രാഷ്ട്രീയ പാർട്ടികൾക്കുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പുള്ള മറ്റു പല ഘടകങ്ങളുമാണ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്നത്.    സ്ഥാനാർത്ഥിയുടെ പ്രത്യയശാസ്ത്രത്തോടുള്ള താൽപര്യം , സമീപനം, അഴിമതി രഹിതം ഇതൊക്കെയാണ് സ്ഥാനാർത്ഥിയോട് ജനങ്ങൾക്കുള്ള സ്വീകാര്യത. മറ്റു പലതും മഴയ്ക്കു മുമ്പുള്ള ഇടിയും മിന്നലുമാണ്.

തെരഞ്ഞെടുപ്പ് എന്നതിനെ ശരിയായ രീതിയിൽ പലരും കാണുന്നില്ല എന്നത് ശരിയാണ്. എന്നാൽ ഈ തെരഞ്ഞെടുപ്പ് സമയം ശരിയായ രീതിയിലാവണം . 20l9 ഒക്ടോബറിൽ ലോകത്തെ അസ്വസ്തപ്പെടുത്തിയ കൊവിഡ് ഒരു വർഷം പിന്നിട്ടിട്ടും മാനവരാശി വിറങ്ങലിച്ചു നിൽക്കുകയാണ്. ചിലർ വ്യാജ പ്രചരണം നടത്തും. കൊവിഡ് ജലദോഷം പോലെയെ ഉള്ളു എന്നൊക്കെയാവും പറയുന്നത്. ഒരു വർഷത്തിലേറെക്കാലമായി കൊവിഡിനോട് പൊരുതി നിൽക്കുന്ന ആരോഗ്യ പ്രവർത്തകരോട് ഒന്നു ചോദിക്കണം ഇതിൻ്റെ ഭവിഷ്യത്ത്. അതില്ലാതെ വിവരദോഷികൾ പറയുന്നത് കേട്ട് തേരാപാര നടക്കരുത്. 

തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ മുഖവിലയ്ക്കെടുക്കാൻ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ദിവസവും പ്രതിജ്ഞാബദ്ധരാണ്.

സ്ഥാനാർത്ഥിക്ക് സ്വീകരണ പരിപാടിയിൽ പതിവുള്ള മാല, ബൊക്ക, ഷാൾ തുടങ്ങിയവ ഒഴുവാക്കുക. ഒരു പുഞ്ചിരിച്ചോ , കൈകൂപ്പിയോ  സ്വീകരിക്കാം. ഇങ്ങനെ മാറ്റങ്ങൾ വരട്ടെ. കൊവിഡ് അകലട്ടെ. അതില്ലാതെ കൊവിഡും ഇലക്ഷനും കൂടി കുഴഞ്ഞാൽ പൊതുജനത്തിനാവും തോൽവി.....

കമൻ്റ്: ഏതൊരു തെരഞ്ഞെടുപ്പിലും കണ്ടു വരുന്ന രീതിയാണ് തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികൾ വൃദ്ധരെ കെട്ടിപിടിക്കുകയും കുഞ്ഞുങ്ങളെ എടുത്തു ലാളിക്കുകയും ചെയ്യുക എന്ന കലാപരിപാടി.  തെരഞ്ഞെടുപ്പ് കാലത്താണ് പല വൃദ്ധർക്കും സ്നേഹാശ്ലേഷം കിട്ടിയിരുന്നതും സന്തോഷിച്ചിരുന്നതും.  കുഞ്ഞുങ്ങളെ ലാളിക്കാൻ മത്സരിച്ചിരുന്ന കൈകളും പിൻവലിഞ്ഞല്ലോ : കൊവിഡെ, ഇതു വല്ലാത്ത ചെയ്ത്താണ് .
 

Share :