Archives / November 2020

ഫില്ലീസ് ജോസഫ്
അക്കരെവീട് അഥവാ പൊയ്കേലെ വീട് (ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ - 10)

നല്ലൊരു നാലുമുറി വീടിന്റെ ബേസ്മെന്റ് ഞങ്ങളെ നോക്കി പല്ലിളിച്ചു കാണിക്കെ അമ്മആടുവളർത്തലാരംഭിച്ചു. പണിക്കാർക്ക് താമസിക്കാൻ ഉണ്ടാക്കിയ ചെറിയപുരയിൽ ഞങ്ങളുടെ ചെറിയ കുടുംബം പപ്പയുടെ തുച്ഛമായമാസശമ്പളത്തിൽ ജീവിതത്തിൽ രണ്ടറ്റവുംവലിച്ചടുപ്പിക്കാൻഅമ്മയുടെആടുവളർത്തൽ തുണച്ചു. ഞാനും ആങ്ങളയും കുട്ടി മാണിയെന്ന അമ്മയുടെ ആദ്യത്തെആടിനൊടൊപ്പം സന്തോഷത്തോടെ ഓടികളിക്കുമായിരുന്നു.

പാരമ്പര്യകർഷകൻ കൂടിയായ അയലത്തെ ദാസനച്ചൻ അന്നത്തെ നൂറ് രൂപയ്ക്ക് അമ്മയ്ക്ക് കൊടുത്തതാണ് കുട്ടിമാണിയെ. പിന്നീടവൾ പെറ്റുപെരുകി;ഇരുപതോളം ആടുകളായി ... അതിൽ നിന്ന് ലഭിക്കുന്ന വരുമാനം കൂടുതൽ നന്നായി ജീവിക്കുവാൻ ഞങ്ങളെ സഹായിച്ചു. പപ്പയുടെ അനിയൻമാരും പെങ്ങൻമാരും ബന്ധുകളുമൊക്കെ ഞങ്ങൾക്ക് അന്നും എന്നും  ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഞായറാഴ്ച പൂജ കഴിഞ്ഞാൽ അക്കരെയമ്മച്ചിയും ചിറ്റപ്പൻമാരിൽ ആരെങ്കിലുമുണ്ടാവും ഞങ്ങളോടൊപ്പം ഊണു കഴിക്കാൻ.  ഡിഗ്രി പഠനം കഴിഞ്ഞ ഇളയഅപ്പച്ചി എല്ലാ ദിവസവും വൈകുന്നേരം ഞങ്ങളെ പഠിപ്പിക്കാനും കഥ പറയാനും കളിക്കാനും കൂട്ടായി വന്നു. തിരികെയിറങ്ങുമ്പോൾ പിരിയാനാവാതെ ഞാനും പോസ്റ്റോഫീസ് വരെ പോകും. ആ മനസിന്റെ തണുപ്പും പ്രകാശവും എത്രയേറെ എന്നിൽ പടർന്നുവെന്ന് പറയാൻ എനിക്കറിയില്ല  കാരണം എത്രയേറെ എങ്ങനെയൊക്കെ പറഞ്ഞാലും അത് കുറഞ്ഞുപോവുകയേ ഉള്ളു

തൊട്ടടുത്ത് തന്നെയാണ് അക്കരെയമ്മച്ചിയുടെ അമ്മ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട് ഉണ്ടായിരുന്നത്. ആ പുരയിടം പപ്പയുടെ ഇളയ അമ്മാവന്റേതായിരുന്നു. അതിനുമപ്പുറത്തായിരുന്നു റോഡ്

പടപ്പക്കര എന്ന ഗ്രാമത്തിൽ നിന്ന് പുറത്തേയ്ക്ക് പോവാനുള്ള ഒരേയൊരു റോഡ്. അന്നു തൊട്ട് ഇന്ന് വരെ പലതരത്തിലുള്ള വികസന പ്രവർത്തനങ്ങൾ ഇന്നാട്ടിൽ നടന്നിട്ടുണ്ടെങ്കിലും കായലിൽ നിന്നോ കരയിൽ കൂടിയോ മറ്റൊരു വീഥിയും ഇവിടെ ഉണ്ടായിട്ടില്ല. കായലും മീനുകളും അക്കരെയമ്മച്ചിയുടെ ചമ്മന്തിയും വല്ലാതെ നഷ്ടബോധം വളർത്തി. എങ്കിലും തേക്കിലാമ്മ എന്നൊരു നല്ല അമ്മയാണ് പിന്നീട് എല്ലാ ദിവസവും പുതിയ വീട്ടിൽ മീൻ കൊണ്ടുവന്നു തന്നിരുന്നത്. അവർക്ക് അമ്മയുമായി ഒരു പ്രത്യേക സ്നേഹബന്ധം തന്നെ ഉണ്ടായിരുന്നു. ആടുകൾക്കുള്ള നാട്ടുമരുന്നുപ്രയോഗങ്ങളൊക്കെ അവർ അമ്മയുമായി സംസാരിക്കുമായിരുന്നു.

പുതിയ ഇടം ജീവിത യോഗ്യമാക്കുവാനും വേരാഴ്ന്ന് പടരാനും ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വന്നിരുന്നു അമ്മയ്ക്ക് അക്കാലത്ത്. ..ഗ്യാസ് സ്റ്റൗ, ഇൻഡക്ഷൻ കുക്കർ എന്നിവയൊന്നും ഇത്രമേൽ ഞങ്ങളുടെ നാട്ടിൽ സാർവത്രികമാവാതിരുന്ന എൺപതുകളിൽ അമ്മ തീയൂതി കത്തിച്ചതിന്റെ പുക പരക്കുന്ന വെറുമൊരു ശൂന്യത മാത്രമാണെന്ന തിരിച്ചറിവ് അമ്മയെന്ന സർവ്വസ്വത്തെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ എന്നെ പ്രാപ്തയാക്കുന്നു പിന്നീട് തറവാട് വീട് ഞങ്ങൾക്ക് അക്കരെ വീടും പൊയ്കേലെ വീടുമൊക്കെയായി മാറി. അക്കരെ പോകാമെന്നോ പൊയ്യേൽ പോകാമെന്നോ ഉള്ള ഒറ്റവാക്കിൽ ഹർഷ പുളകിതയാവുന്ന വെറുമൊരാത്മാവ് വാഹക മാത്രമായിരുന്നു അന്ന് ഞാൻ പപ്പയുടെഅതിയായവാൽസല്യവും ശ്രദ്ധയും എന്നെയും അനിയനേയും വിദ്യാലയത്തിലെ മിടുക്കുള്ള കുട്ടികളാവാൻ സഹായിച്ചു.  സുരക്ഷിതത്വബോധം ആവോളം ആസ്വദിച്ച് അമ്മയും ഞങ്ങളും പപ്പയുടെ ചെറുകൂട്ടിൽ സ്വതന്ത്ര്യരായി ജീവിച്ചു. പരസ്പരം ബഹുമാനിക്കുക എന്നതാണ് സന്തോഷ പൂർണ്ണമായ ഒരു കുടുംബ ജീവിതത്തിന്റെ അടിത്തറയെന്ന് പപ്പ ജീവിച്ചു കാണിച്ചു തന്നു

പോസ്റ്റോഫീസും റോഡും പള്ളിയും പള്ളിയോട് ചേർന്നുള്ള സ്കൂളുമായിരുന്നു അന്നത്തെ ഏറ്റവും പ്രാധാന്യമുള്ള സംഗതികൾ.

പക്ഷേ അപ്പോഴും ബോധമനസിന്റെ അങ്ങേയറ്റത്ത് അഷ്ടമുടിക്കായൽ അലകളിളക്കി പരന്നൊഴുകുന്നുണ്ടായിരുന്നു

 

Share :