Archives / October 2020

വിനോദ്.വി.ദേവ്.
ഒന്നാംഭാഷ .

മനസ്സ് ഭാഷയില്ലാത്ത ഒരു ഭൂഖണ്ഡത്തിലേക്ക്

കൂടുമാറിക്കഴിഞ്ഞിരിക്കുന്നു .

അവിടെ ഒരു മുനിയെപ്പോലെ

മൗനമാചരിച്ചുകഴിയണം.

വായ്മൊഴിയേയും വരമൊഴിയേയും

ഞാൻ വെറുത്തുകഴിയുമ്പോൾ

നീയ്യുമെന്നേ വെറുത്തേക്കാം.

എങ്കിലും നിന്നെക്കാൾ വലുതാണെനിയ്ക്ക്

ശബ്ദരഹിതമായ 

ആത്മാവിന്റെ ഭാഷ.

കവിയ്ക്കും പ്രഭാഷകനും

വരവായ്മൊഴികൾ

ജീവിതത്തിന്റെ ജലമാകുന്നു.

എങ്കിലും എനിയ്ക്കിന്നു ദാഹിക്കുന്നേയില്ല. ..!

ഞാൻ കവികൾക്ക്

അന്യനും

ശബ്ദങ്ങളുടെ ശത്രുവുമായിരിക്കുന്നു.

എനിക്ക് നിശബ്ദതയുടെ

സ്വർണ്ണമയമായ വിത്തുകൾ

കടംകൊള്ളേണ്ടിയിരിക്കുന്നു.

അവ ആത്മാവിൽനട്ട് ജലമൊഴിയ്ക്കേണ്ടിയിരിക്കുന്നു.

അതിൽവിടരുന്ന ഓരോ പൂവുമിറുത്തുകൊണ്ട്

മൗനത്തിന്റെ മഹാഭാഷ

ലോകത്തോട് മൊഴിയേണ്ടിയിരിക്കുന്നു.

ശബ്ദം രണ്ടാംഭാഷയാണെന്ന് എനിക്ക് വെളിപാടുണ്ടാകുമ്പോൾ

മൗനത്തിന്റെ കുന്നിൽ ഞാൻ

തപസ്സുചെയ്യുകയാകും ..!

വാഗർത്ഥങ്ങളുടെ പൊരുൾ തേടിക്കൊണ്ട് .

 

 

Share :