Archives / November 2020

സന്തോഷ്‌ ശ്രീധർ
കുടീരം

ശാന്തിതേടിയലഞ്ഞു ഞാൻ യാത്രയായി
ശാന്തിതൻ ശാശ്വത സത്യം തേടി.
കണ്ടില്ല, ഞാനൊരാൾക്കൂട്ടത്തിലും -
വൃഥാ, പുണ്യ സങ്കേതങ്ങളിലും -
കണ്ടില്ല, ഞാനാ ഗിരി ശൃംഗത്തിലും,
ലൗകികത്വം വെടിഞ്ഞൊരാ -
സന്യാസിതൻ പർണ്ണാശ്രമത്തിലും,
പുരാണ ഗീതികളിലും കണ്ടില്ല -
യെൻ ശാന്തിതന്നിരിപ്പിടം.

വീണ്ടും ഞാൻ യാത്രയായെന്നാലും
കാണുവാൻ കഴിഞ്ഞീല -
ഭൂസ്വർഗ്ഗ പാതാളങ്ങളിലുമാ സത്യത്തെ.

കാലം കഴിഞ്ഞീടുമൊപ്പമെന്നായുസ്സും
മറയുമാ നേരത്തു ഞാനറിഞ്ഞീടുന്നു സത്യം,
അങ്ങകലത്തിൻ പുൽപ്പരപ്പിൽ
മാനവ ചേതന മൂടുമാ -
മൺ ചരാതിനുള്ളിലല്ലോ -
യെൻ, ശാന്തി തന്നിരിപ്പിടം.

Share :