Archives / November 2020

രേഖ കോണത്തുകുന്ന്
ഉറക്കം

ഉറക്കം എനിക്കേറെയിഷ്ടമായിരുന്നു.
മയക്കത്തിൽ നിന്നും
ഉറക്കത്തിലേക്കുള്ള തിരിവ്
മധുര സ്വപ്നങ്ങളെ കെട്ടിപ്പിച്ച്
ഓർമ്മകളിലൂടെ ആടി ആടി
പതുക്കെ ഉറക്കത്തിലേക്ക്.
അവിടെയോ
പൂനിലാവിൽ പുൽത്തകിടിയിലൂടെ
ചിറക് വെച്ച്  പ്രിയപ്പെട്ടവർക്കൊപ്പം
ആടി  മതിമറന്ന് ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ എന്ത് രസമാണ്.

ഞെട്ടിത്തെറിച്ചപോലെ  ഉണർച്ചയിലേക്ക്
പേടിപ്പെടുത്ത യാഥർത്ഥ്യങ്ങളെ നോക്കി
കണ്ണുകൾ വലിച്ചടച്ച് പേടിച്ചരണ്ട്  പുതപ്പിനടിയിൽ ചുരുണ്ടു കൂടുമ്പോൾ അരിച്ച് അരിച്ച്  എത്തുന്ന
വേദനകളുടെ ഉറുമ്പിൻ കൂട്ടങ്ങൾ .

നിത്യമായ ഉറക്കം എത്ര നശ്വരമാണ്.
വേണമെനിക്ക് മനോഹരമായ ഉറക്കം
കാതുകൾ കൊട്ടിയടച്ച്
ചുണ്ടുകളിൽ ചെറുപുഞ്ചിരിയുമായ്
അടഞ്ഞ കൺപീലികളുടെ
ആഴങ്ങളുടെ അനന്തതയിലേക്ക്
നീണ്ട ഉറക്കം
എത്ര സുന്ദരമാണ്

Share :